തൃശൂര്‍: കുന്ദംകുളം പെരുമ്പിലാവ് സ്വദേശിയായ സജീറും സചിത്രയും പ്രണയ വിവാഹം കഴിച്ചത് 2013 ഏപ്രില്‍ 15നായിരുന്നു. പത്താം ക്ലാസ് പാസായ സജീര്‍ ഓട്ടോറിക്ഷ ഓടിക്കും, കൂലിപ്പണിക്കു പോകും. സചിത്രയാണെങ്കില്‍ എം.എസ്.സി. ബിരുദധാരി. ബി.എഡ് യോഗ്യതയും കയ്യിലുണ്ട്. അക്കിക്കാവ് സെന്റ് മേരീസ് കോളജില്‍ അധ്യാപികയായി ജോലി കിട്ടി. സചിത്രയുടെ വരുമാനമായിരുന്നു മുഖ്യആശ്രയം. ഇവര്‍ക്ക് രണ്ടു വയസുള്ള ഒരു മകളുമുണ്ട്. വിവാഹ ശേഷം സചിത്രയുടെ പേര് സചിത്ര സജ്‌ന എന്നാക്കി മാറ്റി. ഒരു കുഞ്ഞുണ്ടാകുന്നതു വരെ ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. പിന്നെ ഒരു ദിവസം സചിത്രയ്ക്കു ഗുരുതരമായി പൊള്ളലേറ്റു. മൂന്നാം ദിവസം മരിച്ചു.
സചിത്രയുടെ ശമ്പളതുക സജീര്‍ എടുത്തതിനെ ചൊല്ലി കലഹമുണ്ടായി. മാത്രവുമല്ല, ഒരു സ്ത്രീയുമായുള്ള സജീറിന്റെ അടുപ്പവും വാക്കേറ്റത്തിനു കാരണമായി. ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. പൊള്ളലേറ്റ നിലയില്‍ അയല്‍വാസികളും സജീറും കൂടി ആശുപത്രിയില്‍ എത്തിച്ചു. കുറച്ചു ദിവസം കൂടി സചിത്ര ജീവിച്ചു. പിന്നെ, മരണത്തിന് കീഴടങ്ങി. ഇതിനു മുമ്പ് മജിസ്‌ട്രേറ്റിന് മുമ്പാകെ സചിത്ര മൊഴിനല്‍കി. സ്റ്റൗവില്‍ നിന്ന് അബദ്ധത്തില്‍ തീ പടര്‍ന്നതാണെന്നായിരുന്നു മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി. പക്ഷേ, സംഭവത്തിന് ദൃക്‌സാക്ഷിയായ അയല്‍വാസിയുടെ മൊഴി മറ്റൊരു തരത്തിലായിരുന്നു.
മാത്രവുമല്ല, സജീറിന്റെ പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളും മൊഴിനല്‍കിയതും സജീറിനുതന്നെ എതിരായിരുന്നു. മദ്യപാനം , പരസ്ത്രീ ബന്ധം തുടങ്ങി മോശം സ്വഭാവങ്ങള്‍ വേറെ. ഇതു പൊലീസിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മാത്രവുമല്ല, മൂന്നു ഫോണുകള്‍ സജീറിന്റേതായി പൊലീസ് കണ്ടെടുത്തു. ഇതില്‍ രണ്ടു ഫോണുകളിലേക്ക് ഇന്‍കമ്മിങ് കോളുകള്‍ മാത്രമാണ് വന്നിരുന്നത്. വിളിച്ചിരുന്ന സ്ത്രീയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. പൊള്ളലേറ്റ സംഭവത്തിനു ശേഷം ഇന്‍കമ്മിങ് കോളുകളുടെ ഫോണ്‍ ഓഫായിരുന്നു.
സജീര്‍, സചിത്ര ദമ്പതികളുടെ ജീവിതത്തിന്റെ താളം നഷ്ടപ്പെട്ടു തുടങ്ങിയത് ഈയിടെയാണ്. സജീറിന്റെ പരസ്ത്രീ ബന്ധമായിരുന്നു കാരണം. ഇതേചൊല്ലി കലഹമുണ്ടായി. വിവാഹിതയായ സ്ത്രീയും സജീറും തമ്മിലുള്ള ബന്ധം കയ്യോടെ പിടിച്ചു. സ്ത്രീയുടെ ഭര്‍ത്താവും സജീറിനെ ഭീഷണിപ്പെടുത്തിയിരുന്നു. സചിത്രയും സ്ത്രീയോട് കയര്‍ത്തു സംസാരിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്കു ശേഷം സജീറും സചിത്രയും മാനസികമായി അകന്നു. വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോന്ന സചിത്രയ്ക്കു മടങ്ങിപോകാനും മടി. എല്ലാം സഹിച്ച് ഭര്‍തൃഗൃഹത്തില്‍ താമസിച്ചു. പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോള്‍ സജീറും സചിത്രയും മറ്റൊരു വീട്ടിലേയ്ക്കു താമസം മാറ്റി.
സംഭവം നടന്ന് സചിത്രയുടെ കുടുംബം പരാതി പറഞ്ഞിട്ടും പൊലീസ് സജീറിനെ അറസ്റ്റ് ചെയ്തില്ല. അന്വേഷണം അടങ്ങിയെന്നായിരുന്നു സജീര്‍ കണക്കുകൂട്ടിയത്. പക്ഷേ, അണിയറയില്‍ തെളിവുകള്‍ ഒന്നൊന്നായി പൊലീസ് സ്വരൂപിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ഭാര്യയ്ക്കു മാനസികപീഢനമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 498(എ) . സചിത്രയോട് സജീര്‍ ചെയ്തത് ക്രൂരതയാണ്. അതുകൊണ്ട് പൊലീസ് ഈ വകുപ്പ് ചുമത്തി. പിന്നെ, ഇന്ത്യന്‍ ശിക്ഷാ നിയമം 306 . ആത്മഹത്യാപ്രേരണ. ഈ രണ്ടു വകുപ്പുകള്‍ ചുമത്തില്‍ സജീറിനെ കുന്നംകുളം എ.സി.പി: വിശ്വംഭരന്‍ അറസ്റ്റ് ചെയ്തു. ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡിലാണ് സജീര്‍.