എസ്എടി ആശുപത്രിയില്‍ നിന്നു കാണാതായ ‘പൂര്‍ണഗര്‍ഭിണി’ വെല്ലൂരിലുണ്ടെന്നു പ്രത്യേക സംഘത്തിന് വിവരം; പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നില്ലെന്നും സൂചന, യുവതിയുടെ കാര്യത്തില്‍ ദുരൂഹത ഏറുന്നു,സംഭവം സിനിമയെ വെല്ലുന്ന ക്ലൈമാക്‌സിലേക്ക്

20

തിരുവനന്തപുരം : എസ്എടി ആശുപത്രിയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷയായ പൂര്‍ണഗര്‍ഭിണി വെല്ലൂരിലുണ്ടെന്നു പ്രത്യേക സംഘത്തിന് വിവരം ലഭിച്ചു. ബന്ധുക്കള്‍ക്കൊപ്പം ആശുപത്രിയിലെത്തിയ വര്‍ക്കല മടവൂര്‍ സ്വദേശിനി ഷംന (21) ഭര്‍ത്താവ് അന്‍ഷാദിനുമൊത്ത് ആശുപത്രിയിലെത്തിയിരുന്നു. പരിശോധനയ്ക്കായി ലേബര്‍ റൂമിനു സമീപത്തെ മുറിയിലേക്കു പോയ ഷംന തിരികെയെത്തിയില്ല.

സംഭവം വിവാദമായതിനെതുടര്‍ന്നു ഷംനക്കുവേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് ക്രൈം മെമ്മോ പുറപ്പെടുവിച്ചു. ഷംനയുടെ മൊെബെല്‍ ഫോണിന്റെ ടവര്‍ സ്ഥാനംപരിശോധിച്ചാണു ഇവര്‍ വെല്ലൂരിലുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിചേര്‍ന്നത്. ഫോണ്‍ കൂടെക്കൂടെ ഓഫാക്കുന്നുണ്ട്. ഗര്‍ഭിണിയായതിനാല്‍ ആരെങ്കിലും സഹായിയായി ഷംനയ്ക്കൊപ്പമുണ്ടെന്നു പോലീസ് കരുതുന്നു. കാണാതായ വേളയില്‍ രണ്ട് സ്വര്‍ണ മോതിരവും സ്വര്‍ണ മാലയും ഇവര്‍ അണിഞ്ഞിരുന്നു.

Advertisements

കഴിഞ്ഞ 17ന് എസ്എടി ആശുപത്രി പുതിയ ഒപി ബ്ലോക്ക് കെട്ടിടത്തില്‍വച്ചാണു ഷംന അപ്രത്യക്ഷയായത്. ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. പൂര്‍ണഗര്‍ഭിണിയായതിനാല്‍ ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സതേടാനുള്ള സാധ്യത പോലീസ് കാണുന്നു. ഷംനയുടെ തിരോധാനത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ഇന്നലെ രാവിലെ ഒപി കൗണ്ടറിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിച്ചു. പോലീസ് ഇവരെ മറ്റൊരു മുറിയിലേക്കു ബലമായി കൊണ്ടുപോയി പ്രശ്നം പരിഹരിക്കുകയായിരുന്നു.

ഗെനക്കോളജി ഒപിയില്‍ ബന്ധുക്കള്‍ക്കൊപ്പം പരിശോധനയ്ക്കെത്തിയ ഷംന, പ്രസവത്തിനു അഡ്മിറ്റാകാന്‍ ഡോക്ടര്‍ തീയതി കുറിച്ചുനല്‍കിയതിനെതുടര്‍ന്നാണു എസ്എടിയിലെത്തിയത്. ഒപിയില്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ആദ്യം രക്തപരിശോധന നടത്തി. പരിശോധനാ മുറിയിലേക്കു കയറിയശേഷം തിരികെ ബന്ധുക്കളുടെ അടുത്തെത്തി ഡോക്ടറില്‍നിന്നു അടുത്തദിവസം വരേണ്ട തീയതി കുറിച്ചുവാങ്ങിയശേഷം എത്താമെന്നു പറഞ്ഞു പോയ ഷംന പിന്നെ മടങ്ങിയെത്തിയില്ല.

അതേസമയം ഗര്‍ഭിണിയാണെന്ന് പറഞ്ഞു പെണ്‍കുട്ടി വീട്ടുകാരെ കബളിപ്പിച്ചിരുന്നതാണോ എന്നും പൊലീസിന് സംശയമുണ്ട്. എസ് എ ടിയില്‍ നിന്ന് യുവതിയെ കാണാതായ അന്ന് തന്നെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ലൊക്കേഷന്‍ കോട്ടയത്തും രാത്രിയോടെ എറണാകുളത്തും പൊലീസ് കണ്ടെത്തിയിരുന്നു.എന്നാല്‍ അന്വേഷണസംഘം അവിടേക്ക് എത്തിയെങ്കിലും യുവതിയെ കുറിച്ച് വിവരം ഒന്നും ലഭ്യമായില്ല.

അതുകൊണ്ട് തന്നെ പെണ്‍കുട്ടി ട്രയിനില്‍ അന്യസംസ്ഥാനത്തേക്ക് പോകുകയാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാല്‍ പൂര്‍ണഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിക്ക് ഇത്രയും ദൂരം യാത്രചെയ്യാന്‍കഴിയുമോ എന്നത് പോലീസിന് പെണ്‍കുട്ടി ഗര്‍ഭിണിയാണോ എന്ന സംശയംവര്‍ദ്ധിപ്പിക്കുന്നുണ്ട്.കൂടാതെ ഗര്‍ഭിണിയാണെന്ന കൃത്യമായ ആശുപത്രിരേഖകളൊന്നും പൊലീസിന് ലഭ്യമായിട്ടില്ല കൂടാതെ പഴയ ഒപി ടിക്കറ്റ് കാണിക്കാതെ പുതിയ ടിക്കറ്റുമായാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം ഉടന്‍ യുവതിയെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ വിശ്വാസം.മാത്രമല്ല ഷംനയെ കണ്ടെത്തിയാല്‍ മാത്രമെ സിനിമയെ വെല്ലുന്ന ഈ തിരോധാനത്തിന്റെ ക്ലൈമാക്‌സിലേക്ക് എത്താനാകു.

Advertisement