സൗമ്യ ഉപയോഗിച്ചിരുന്നത് 5 മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും; തെളിവായത് കാമുകന് അയച്ച ആ സന്ദേശം; ജാമ്യത്തിലിറക്കാന്‍ അഡ്വ. ബി ആളൂര്‍ കണ്ണൂരില്‍

19

കണ്ണൂര്‍ : പിണറായിയില്‍ മാതാപിതാക്കളെയും മകളേയും എലിവിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും. ഇവയെല്ലാം പിടിച്ചെടുത്ത പോലീസ് മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. നാലു ദിവസത്തെ തെളിവെടുപ്പുകള്‍ക്ക് ശേഷം സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Advertisements

ഏപ്രില്‍ 27 ന് അറസ്റ്റിലായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്റിലായ സൗമ്യയെ തിങ്കളാഴ്ചയാണ് നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ‘എല്ലാവരെയും കൊന്നത് ഞാന്‍ തനിയെ’ ആണെന്ന് സൗമ്യ തെളിവെടുപ്പിനിടെ ആവര്‍ത്തിച്ചു. ഇതുവരെയുള്ള സൂചനകളും സൗമ്യയിലേയ്ക്ക് മാത്രമാണ് വിരല്‍ ചൂണ്ടുന്നത്.

മകള്‍ ഐശ്വര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് സൗമ്യ കാമുകന് അയച്ച എസ്എംഎസാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ണ്ണായക തെളിവ്. ‘എനിക്ക് അച്ഛനെയും മകളെയും നഷ്ടപ്പെടുമെന്ന പേടിയുണ്ട്. മനസിന് വല്ലാതെ വിഷമം തോന്നുന്നു. എങ്കിലും നിന്റെ കൂടെ ജീവിക്കെണമെന്ന ആഗ്രഹമുണ്ട്.’ഇതായിരുന്നു ആ മൊബൈല്‍ സന്ദേശം.

ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും എല്ലാവരെയും കൊന്നത് താന്‍ ഒറ്റക്കാണെന്നും ജാമ്യത്തിലിറങ്ങാന്‍ തയ്യാറല്ലെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഇതിനിടെ, സൗമ്യയ്ക്കു വേണ്ടി അഡ്വ.ആളൂര്‍ ഹാജരാകുമെന്ന് പ്രചരണം ഉണ്ടായിരുന്നു. മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ ആളൂര്‍ കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും കോടതിയില്‍ ഹാജരായില്ല.

Advertisement