നിലമ്പൂര്‍: മിസ്ഡ് കോളുകളിലൂടെ കെണിയില്‍വീഴ്ത്തി വിവാഹവാഗ്ദാനം നല്‍കി യുവതികളെ മാനഭംഗപ്പെടുത്തി പണവും ആഭരണവുമായി മുങ്ങുന്ന വിരുതന്‍ കുടുങ്ങി. ‘മണവാളന്‍ പ്രവീണ്‍’ എന്നറിയപ്പെടുന്ന എറണാകുളം കുമ്പളങ്ങി സ്വദേശി കുറുപ്പശേരി വീട്ടില്‍ പ്രവീണ്‍ ജോര്‍ജി (36)നെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
വണ്ടൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തി 15 പവന്‍ കവര്‍ന്നെന്ന കേസിലാണു പിടികൂടിയത്. ഈ യുവതിയുമായി പ്രണയം നടിച്ച് വിവാഹശേഷം താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ് നോക്കാനെന്നു പറഞ്ഞ് ചന്തക്കുന്നിലെ ക്വാര്‍ട്ടേഴ്സിലെത്തിച്ച് കോളയില്‍ മദ്യം കലര്‍ത്തി കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. ഇതിനുശേഷം തടിതപ്പുകയായിരുന്നു. പരിചയത്തിലാകുന്ന സ്ത്രീകളുടെ പേരില്‍ സിം കാര്‍ഡ് തരപ്പെടുത്തും. ഇവ ഉപയോഗിച്ചാണു മറ്റു സ്ത്രീകളെ വലയില്‍വീഴ്ത്തിയിരുന്നത്.
ഒരു നമ്പറില്‍നിന്നു രണ്ടു സ്ത്രീകളെ മാത്രേമ വിളിക്കൂ. മറ്റു സ്ത്രീകള്‍ വിളിക്കുമ്പോള്‍ ബിസി ആകാതിരിക്കാനാണ് ഈ തന്ത്രമെന്ന് പ്രവീണ്‍ പോലീസിനോട് പറഞ്ഞു. പരിചയപ്പെടുന്ന സ്ത്രീകള്‍ക്ക് ഫോട്ടോയോ വിലാസമോ നല്‍കാറില്ല. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കാറില്ല. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി പന്ത്രണ്ടോളം സ്ത്രീകളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ട്.
ഇതില്‍ ചിലരെ ഭാര്യയായി വാടക ക്വാര്‍ട്ടേഴ്സുകളില്‍ താമസിപ്പിക്കുന്നതായി പ്രതി വെളിപ്പെടുത്തി. പതിവായി ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിക്കാത്തിനാല്‍ ട്രെയിന്‍മാര്‍ഗം സഞ്ചരിക്കുന്നതായി മനസിലാക്കി രഹസ്യനിരീക്ഷണം നടത്തിയാണു പ്രവീണിനെ പിടികൂടിയത്.