മീററ്റ്: മീററ്റിലെ വസ്ത്രശാലകളെ ദീര്‍ഘ കാലമായി കബളിപ്പിച്ച് വരുകയായിരുന്ന പെരുംകള്ളി പിടിയില്‍. ആര്‍ക്കും സംശയം തോന്നാത്ത വിധം അതി വിദഗ്ധമായിട്ടായിരുന്നു യുവതിയുടെ മോഷണങ്ങള്‍. എന്നാല്‍ യുവതി ഒടുവില്‍ പിടിക്കപ്പെട്ടു.മീററ്റിലെ വ്യാപാരിയായ വിശാലിന്റെ വസ്ത്ര വ്യാപാര കടയില്‍ കയറിയ യുവതി വസ്ത്രങ്ങള്‍ നോക്കുന്നതിനിടെ വില കൂടിയവ കാണിക്കാന്‍ പറഞ്ഞു. വിശാല്‍ അകത്ത് പോയി വില കൂടിയത് എടുത്ത കൊണ്ട് വന്നു. എന്നാല്‍ അതൊന്നും ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് യുവതി തിരിച്ച് പോയി.
പിന്നീട് വസ്ത്രങ്ങള്‍ തിരിച്ച് അടക്കി വെക്കുന്നതിനിടയിലാണ് എണ്ണത്തില്‍ കുറവ് വന്നത് പോലെ അനുഭവപ്പെട്ടത്.ഉടന്‍ തന്നെ കടയിലെ സിസിടിവി നിരീക്ഷിച്ച യുവാവ് ഞെട്ടി. യുവതി വസ്ത്രം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ അതില്‍ പതിഞ്ഞിരുന്നു. വിശാല്‍ ഈ സംഭവം വസ്ത്ര വ്യാപാരികളായ തന്റെ മറ്റു സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. അവരില്‍ പലര്‍ക്കും സമാന അനുഭവം മുന്‍പ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം യുവതി മറ്റൊരു കടയില്‍ കയറിയതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് വിശാലും കൂട്ടരും അവിടെയെത്തുകയും കൈയോടെ പിടികൂടുകയുമായിരുന്നു.ആ കടയില്‍ നിന്ന് മോഷ്ടിച്ച രണ്ട് സാരിയും യുവതിയുടെ പക്കല്‍ നിന്നും തൊണ്ടി മുതലായി കിട്ടി. ആദ്യമൊക്കെ കുറ്റം നിരസിച്ച യുവതി പിന്നീട് പോലീസ് വന്ന് ചോദ്യം ചെയ്യലിന്റെ വിധം മാറിയതോടെ കുറ്റം സമ്മതിച്ചു. നേഹയെന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിച്ച് വരുകയാണ്.