പാലക്കാട്: കൊല്ലങ്കാട് മീങ്കര ഡാമില്‍ സഹപാഠിയായ പെണ്‍സുഹൃത്തിനൊപ്പം രാത്രിയിലെത്തിയ അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കു നേരേ സദാചാര പോലീസ് ചമഞ്ഞ സംഘത്തിന്റെ ആക്രമണം. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാനും ശ്രമം നടന്നു. കന്യാകുമാരി തിരുവരമ്പ് സ്വദേശി ബ്രിജിത്തിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9.45ഓടെയാണ് സ്വകാര്യ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ യുവാവും യുവതിയും ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ ഇരുവരും ഡാമിലൂടെ നടക്കുന്നതിനിടെ മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
യുവാവിനെ മൂവരും വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും തടയാന്‍ ചെന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഓടിരക്ഷപ്പെട്ട് ഇരുവരും അടുത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. പിന്നാലെ പോലീസില്‍ വിവരമറിയിച്ചു. ഇരുവരുടെയും ഫോണും പണവും ആക്രമികള്‍ തട്ടിയെടുക്കുകയും ചെയ്തു. ബ്രിജിത്ത് കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.