പൂര്‍ണ നഗ്നനായി ബൈക്കിലെത്തും; വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറി സ്ത്രീകളുടെ മാലപൊട്ടിക്കും: ഒടുവുല്‍ എംബിഎ വിദ്യാര്‍ത്ഥിയായ കള്ളനെ ക്യാമറ കുടുക്കി

52

തിരുവനന്തപുരം: പോലീസിനും നാട്ടുകാര്‍ക്കും തലവേദനയായി മാറിയ നഗ്ന മോഷ്ടാവ് ഒടുവില്‍ പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ അതിര്‍ത്തി ഗ്രാമ മേഖലകളില്‍ രാത്രിയില്‍ സ്ത്രീകളുടെ മാല മാത്രം മോഷ്ടിക്കുന്ന കന്യാകുമാരി അറുദോഷം വില്ലേജില്‍ എസ്ടി മങ്കാട് പുല്ലാന്നിവിള വീട്ടില്‍ എഡ്വിന്‍ ജോസ് 28 ആണ് റൂറല്‍ എസ്പിയുടെ ഷാഡോ ടീമിന്റെ പിടിയിലായത്. മോഷ്ടിച്ച ബൈക്കില്‍ എത്തുന്ന എഡ്വിന്‍ വസ്ത്രങ്ങളെല്ലാം അഴിച്ചുവെച്ച് ശേഷമാണ് മോഷണത്തിന് ഇറങ്ങുന്നത്.

പൂര്‍ണ നഗ്നനായി മോഷണത്തിനായി എത്തുന്ന പ്രതിയെ പിടിക്കാന്‍ നാട്ടുകാരും പോലീസും മാസങ്ങളോളം കാത്തിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറുന്ന എഡ്വിന്‍ വയര്‍ കട്ടര്‍ ഉപയോഗിച്ച് ഉറങ്ങിക്കിടക്കുന്നവരെ കഴുത്തില്‍ നിന്നും മാല മുറിച്ചെടുത്ത് കടക്കുകയാണ് പതിവ് പലതവണ നാട്ടുകാരുടെ സംഘം മോഷ്ടാവിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. മോഷ്ടാവ് ഉപേക്ഷിച്ചുപോകുന്ന ബൈക്കുകളും മൊബൈല്‍ ഫോണുകളും മറ്റിടങ്ങളില്‍ നിന്നും മോഷ്ടിച്ചതായതിനാല്‍ പ്രതിയെക്കുറിച്ച് പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നില്ല. നെടുമങ്ങാട് ഒരു വീട്ടില്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ആണ് നഗ്ന മോഷ്ടാവിന്റെ ചിത്രം പോലീസിന് ലഭിക്കുന്നത്. എന്നാല്‍ ഇയാളെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

Advertisements

ഇതിനിടെ, മോഷ്ടാവിനെ പിടികൂടാന്‍ നാട്ടുകാര്‍ പല സംഘങ്ങളായി തിരിഞ്ഞ് രാത്രിയില്‍ പലയിടങ്ങളിലും ഒളിച്ചിരുന്നെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് എഡ്വിന്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ അപരിചിതരായി എത്തുന്നവര്‍ നാട്ടുകാരുടെ മര്‍ദ്ദനത്തിനും ഇരയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കന്യാകുമാരി ജില്ലയിലെ മുന്നൂറോളം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് ഒടുവില്‍ പ്രതിയിലേയ്ക്ക് എത്താന്‍ സഹായിച്ചത്. കളിയിക്കാവിള, നിദ്രവിള, കൊല്ലങ്കോട്,കരുങ്കല്‍,പുതുക്കട, എന്നിവിടങ്ങളില്‍ സമാനമായ രീതിയില്‍ കേസുകളുണ്ട്.

തിരുവട്ടാര്‍ മര്യാഗിരി കോളേജില്‍ എംബിഎ പഠനത്തിനിടെയാണ് എഡ്വിന്‍ ആദ്യമായി മോഷണത്തിന് പിടിയിലാകുന്നത്. ജയിലില്‍നിന്ന് വിദേശത്തേക്ക് കടന്ന എഡ്വിന്‍തിരികെ നാട്ടിലെത്തി നിയമപഠനത്തിനു ചേര്‍ന്നു. ഇതിനിടെ വീണ്ടും ജയിലിലായി. തിരികെയെത്തി പഠനം തുടര്‍ന്ന എഡ്വിന്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും രാത്രി പുറത്ത് പോയി പുലര്‍ച്ചെയാണ് തിരികെ എത്തുന്നതെന്നും ഓരോ ദിവസങ്ങളിലും ഓരോ ബൈക്കുകളിലാണ് എത്തുന്നതെന്നും പോലീസ് കണ്ടെത്തി. മോഷ്ടിച്ച കിട്ടുന്ന പണം ആഡംബര ജീവിതത്തിനും മോഷണക്കേസുകളിലെ നടത്തിപ്പിലും ആയാണ് എഡ്വിന്‍ ചെലവാക്കുന്നത്.

അവധിദിവസങ്ങളില്‍ സ്റ്റൈലിന്റെയും മാര്‍ബിളിന്റെയും ജോലികള്‍ക്ക് പോകുന്ന ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ സമീപമുള്ള വീടുകളിലാണ് ഏറ്റവുമധികം മോഷണം നടത്തിയിട്ടുള്ളത് ആളുകള്‍ താമസിക്കുന്ന വീടുകളില്‍ കയറുന്ന ഇയാള്‍ വീട്ടുകാരുടെ ശരീരത്തിലെ ആഭരണങ്ങള്‍ അലമാരയിലും മേശയിലും സൂക്ഷിച്ചിരിക്കുന്ന പണവും കൈക്കലാക്കും. സ്ത്രീകള്‍ സ്ത്രീകള്‍ ഉണര്‍ന്നാല്‍ ഭയപ്പെടുത്താനാണ് നഗ്നനായി മോഷണം നടത്താന്‍ പോകുന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം ഈ വര്‍ഷം ജനുവരി മുതലാണ് വീണ്ടും മോഷണം തുടങ്ങിയത്.

ഫെബ്രുവരിയില്‍ തമിഴ്നാട് ഭാഗത്ത് മോഷണത്തിന് കയറിയ വീട്ടിലുണ്ടായിരുന്ന യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് താക്കോല്‍ കൂട്ടവും ഐഡി കാര്‍ഡും ശ്രദ്ധയില്‍പ്പെട്ട എഡ്വിന്‍ മാല പൊട്ടിക്കാതെ അത് കൈക്കലാക്കി കടന്നു. ഐഡി കാര്‍ഡില്‍ നിന്നും ബാങ്കിന്റെ വിലാസം മനസ്സിലാക്കിയ ഇയാള്‍ താക്കോലുമായി കാരക്കോണം മുത്തൂറ്റ് ഓഫീസിലെത്തി ബാങ്ക് തുറക്കാന്‍ ശ്രമിച്ചെങ്കിലും അപായ സൈറണ്‍ മുഴങ്ങിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. റൂറല്‍ എസ്പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ കള്ളനെ പിടികൂടാനായി ഓപ്പറേഷന്‍ നേക്കഡ് തെഫ്റ്റ് എന്ന പേരില്‍ പദ്ധതി തയ്യാറാക്കിയാണ് പ്രതിയെ പിടികൂടിയത്.

Advertisement