കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ യുവാവ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയെന്നു പരാതി. സംഭവത്തില്‍ അമ്പലപ്പുഴ സ്വദേശിയും സ്വകാര്യബാങ്ക് ജീവനക്കാരനുമായ അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള തട്ടിപ്പ് കേരളത്തില്‍ ആദ്യമായാണു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിയാണ് അറസ്റ്റിലായ അജിത്. അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത്, അവരുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമപോലും അറിയാതെ സ്ഥാപിക്കുകയായിരുന്നു. യുവതിയുടെ സഹായത്തോടെയായിരുന്നു ഇത്.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അഞ്ചു മാസത്തോളം യുവതിയുടെ ഭര്‍ത്താവിന്റെ നീക്കങ്ങള്‍ അജിത് നിരീക്ഷിച്ചു. സംഭാഷണങ്ങളുടെ ശബ്ദരേഖയും സ്വകാര്യനിമിഷങ്ങളുടേതുള്‍പ്പെടെയുള്ള ദൃശ്യങ്ങളും പകര്‍ത്തി. തട്ടിപ്പു മനസ്സിലാക്കിയ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി എളമക്കര പൊലീസിനെ സമീപിച്ചു.
മൊബൈല്‍ ഫോണില്‍ സ്ഥാപിച്ച ആപ്ലിക്കേഷന്‍ വഴി തന്നെ പ്രതിയെ കണ്ടെത്തിയ പൊലീസ്, പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. പ്രതിയ്ക്ക് സഹായം നല്‍കിയ യുവതിയെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.
സംഭവത്തില്‍ സൈബര്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാള്‍ അറിയാതെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കാമുകിയുടെ ഭര്‍ത്താവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്.
ഇത് വഴി പ്രതി ഭാര്യയുടേയും ഭര്‍ത്താവിന്റെയും സ്വകാര്യദൃശ്യങ്ങള്‍ സഹിതം പകര്‍ത്തി. ഇത് പുറത്തു വിടുമെന്ന് കാണിച്ച് പരാതിക്കാരനില്‍ നിന്ന് ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തെന്നും പരാതിയുണ്ട്.