റിയാദ്: തൊഴുകൈയ്യോടെ മലയാളി യുവതികള്‍ കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അരണ്ട വെളിച്ചത്തിലുള്ള ഒരു മുറിയില്‍ നിന്നാണ് 6 പേരടങ്ങുന്ന മലയാളി സ്ത്രീകള്‍ കരയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്നത്. ശമ്പളം ലഭിക്കുന്നില്ലെന്നും നരകതുല്യമായാണ് ജീവിക്കുന്നതെന്നും ഇവര്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലാകുന്നുണ്ട്. സ്ഥലം സൗദിയാണെന്നാണ് കരുതപ്പെടുന്നത്.
ആശുപത്രി വിസയില്‍ രണ്ട് വര്‍ഷം മുമ്പ് സൗദിയിലെത്തിയ ഇവര്‍ക്ക് ശമ്പളമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും ഇതുവരെ വിസ പോലും കിട്ടിയിട്ടില്ലെന്നും വീഡിയോയില്‍ ഇവര്‍ കരഞ്ഞു പറയുന്നുണ്ട്. ഇഖാമ ഇല്ലാതെ പുറത്തുപോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഇവരെല്ലാവരും ഇപ്പോള്‍ വീട്ടു ജോലിയാണ് ചെയ്യുന്നത്. രണ്ട് വര്‍ഷങ്ങളായി നാട്ടിലേക്ക് ഒരു പൈസ പോലും അയക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. ശമ്പളം ചോദിച്ചപ്പോള്‍ ആറ് മാസം മുമ്പ് ഒരു മാസത്തെ ശമ്പളം തന്നു. നാട്ടിലേക്ക് പോകണമെന്നാണ് തങ്ങളുടെ ആഗ്രഹം. പക്ഷേ ടിക്കറ്റ് എടുക്കാന്‍ പൈസയില്ല. എത്രയും പെട്ടെന്ന് ശമ്പളവും ടിക്കറ്റും നല്‍കി തങ്ങള്‍ ആറ് പേരെയും സഹായിക്കണമെന്നും ഇവര്‍ തൊഴുകൈയോടെ അപേക്ഷിക്കുന്നുണ്ട്.
എന്നാല്‍ സൗദിയില്‍ എവിടെയാണ് ഇവരുള്ളതെന്നോ എന്നാണ് ഈ വീഡിയോ പകര്‍ത്തിയതെന്നോ സൂചനകളൊന്നും വീഡിയോയില്‍ നല്‍കുന്നില്ല. ഇഖാമ എന്ന് കൂട്ടത്തിലുള്ള ഒരു യുവതി സംസാരത്തിനിടയില്‍ പറയുന്നതിനാലാണ് ഇവര്‍ സൗദിയിലുള്ളതെന്ന് ആളുകള്‍ വിശ്വസിക്കുന്നത്.