കുടുംബത്തിലെ സ്ത്രീകളെ വേശ്യാവൃത്തിക്കയച്ച് ജീവിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ ഉള്ള ഒരു ഗ്രാമം

34

ഭോപ്പാല്‍: പെണ്‍ഭ്രൂണഹത്യ കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മദ്ധ്യപ്രദേശിലെ ബഞ്ചാര സമൂഹം. പെണ്‍കുട്ടികള്‍ ജനിച്ചാല്‍ ഉത്സവ പ്രതീതി ഉണര്‍ത്തുന്ന ആഘോഷമാണ് ഗ്രാമവാസികള്‍ കൊണ്ടാടുക. അതൊരു നല്ല കാര്യമല്ലേ എന്ന് ചിന്തിച്ചുറപ്പിക്കാന്‍ വരട്ടെ. വേശ്യാവൃത്തി ജീവിതോപാദിയായി കൊണ്ടു നടക്കുന്ന ഗ്രാമത്തില്‍, ഓരോ പെണ്‍കുഞ്ഞിന്റെ ജനനവും പുതിയ ഉപജീവനത്തിന്റെ തുറക്കപ്പെട്ട വാതിലുകളായാണ് ഗ്രാമവാസികള്‍ കണക്കാക്കുന്നത്.

ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശിലെ നീമുഞ്ച് ജില്ലയോട് ചേര്‍ന്നുള്ള രത്‌ലം, മാന്‍ഡ്‌സുവര്‍ മേഖലകളിലാണ് ബഞ്ചാരകള്‍ അധിവസിക്കുന്നത്. ഇവര്‍ക്കിടയില്‍ പുരുഷന്മാര്‍ ജോലിക്കൊന്നും പോകാറില്ല. വീട്ടിലെ സ്ത്രീകളെ വേശ്യാവൃത്തിക്ക് നിയോഗിച്ചാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. തലമുറകളായി ബഞ്ചാരകള്‍ ഇതേ രീതിയാണ് സ്വീകരിച്ചു വരുന്നത്. കഞ്ചാവ് കൃഷിക്കും പേരുകേട്ട പ്രദേശമാണ് രത്‌ലം- മാന്‍ഡ്‌സുവര്‍ മേഖല.

Advertisements

എഴുപത്തഞ്ചോളം ഗ്രാമങ്ങളിലായി പരന്നു കിടക്കുന്ന സമൂഹമാണ് ബഞ്ചാരകളുടേത്. ഇരുപത്തി മൂന്നായിരത്തിലധികമാണ് ഇവരുടെ ജനസംഖ്യ. ഇതില്‍ 65 ശതമാനവും സ്ത്രീകളാണ്. മാന്‍ഡ്‌സുവര്‍ മേഖലയില്‍ സ്ത്രീ ശാക്തീകരണ വിഭാഗത്തിന്റ നേതൃത്വത്തില്‍ 2015ല്‍ നടത്തിയ സര്‍വേയില്‍ ബഞ്ചാരകളുടെ അംഗസംഖ്യ 3435 ആയിരുന്നു. ഇതില്‍ 2243 പേരും സ്ത്രീകളാണ്.

കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനായി അയല്‍ ഗ്രാമങ്ങളില്‍ നിന്നു പോലും പെണ്‍കുട്ടികളെ കടത്തി കൊണ്ടു വന്ന് വേശ്യാവൃത്തിക്ക് ബഞ്ചാരകള്‍ നിയോഗിക്കാറുണ്ടെന്ന് മേഖലയിലെ സാമൂഹിക പ്രവര്‍ത്തകനായ ആകാശ് ചൗഹാന്‍ പറഞ്ഞു. 2000 മുതല്‍ 10000 എന്ന നിരക്കില്‍ പണം നല്‍കിയാണ് പെണ്‍കുട്ടികളെ വാങ്ങുന്നത്.

കണ്‍മുന്നില്‍ നടക്കുന്ന ഈ ദുരാചാരം അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് ആകാശ് പറയുന്നു. ഗ്രാമവാസികള്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ വളരെ ശക്തമായ ബോധവത്കരണം നടത്തിയെങ്കില്‍ മാത്രമെ ഇതിന് അവസാനമുണ്ടാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement