വിവാഹം നടന്നാല്‍ മരണം സംഭവിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞു, പിന്മാറാന്‍ വീട്ടുകാരുടെ നിര്‍ബ്ബന്ധവും: കാറിനുള്ളില്‍ മരിച്ച നിലയില്‍ കമിതാക്കളെ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ അന്ധവിശ്വാസം

28

പൊള്ളാച്ചി: കമിതാക്കളെ കനാലില്‍ മുങ്ങിയ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ഇരു വീട്ടുകാരുടെയും അന്ധവിശ്വാസം. വിവാഹം നടന്നാല്‍ വീട്ടില്‍ മരണം സംഭവിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തെ വിശ്വസിച്ച വീട്ടുകാര്‍ ഇരുവരേയും നിശ്ചയം കഴിഞ്ഞ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്രേ. വിവാഹത്തില്‍ നിന്നും പിന്തിരിയണമെന്ന് ഇരുവരെയും വീട്ടുകാര്‍ നിര്‍ബ്ബന്ധിക്കുന്നതിനിടയിലാണ് ഇരുവരെയും കാണാതായതും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതും.

തമിഴ്‌നാട് പൊള്ളാച്ചിക്കടുത്ത് ഉദുമല്‍പെട്ടയില്‍ വീല്‍ അലയ്ന്‍മെന്റ് ബിസിനസ് സ്ഥാപനം നടത്തുന്ന ഉദുമല്‍പേട്ട സ്റ്റേറ്റ് ബാങ്ക് കോളനി നിവാസി അരുണ്‍ ശങ്കറും ശ്രീനിവാസ സ്‌കൂളിലെ ഇംഗ്ളീഷ് അദ്ധ്യാപികയായ ഉദുമല്‍പേട്ട ബോഡിപ്പെട്ടി സ്വദേശിനി മഞ്ജുളയും തമ്മിലുള്ള വിവാഹ നിശ്ചയം ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ചിരുന്നു. ഒരേ സമുദായകത്തില്‍ പെട്ടവര്‍ എന്ന നിലയില്‍ ഇവരുടെ വിവാഹത്തിന് യാതൊരു തടസ്സവും ഇല്ലായിരുന്നു. നിശ്ചയത്തിന് പിന്നാലെ പരസ്പരമുള്ള വിളികളും സംസാരങ്ങളുമായി ഇരുവരും നന്നായി അടുക്കുകയും ചെയ്തു. ഇതിനിടെയാണ് വിവാഹം നടന്നാല്‍ ഒരു മരണമുണ്ടാകും എന്ന ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം അരുണിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞത്. മഞ്ജുളയുടെ വീട്ടുകാരെ വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് വിളിച്ചു പറയുകയും വിവാഹത്തില്‍ നിന്നും പിന്തിരിയാന്‍ അരുണിനെ നിര്‍ബ്ബന്ധിക്കുകയും ചെയ്തു.

Advertisements

ഒരു വര്‍ഷം മുമ്പ് മഞ്ജുളയ്ക്ക് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍ ആ യുവാവ് ചടങ്ങിന് ശേഷം അപകടത്തില്‍ മരണപ്പെട്ടു. ജോത്സ്യന്റെ നിര്‍ദേശത്തിന് പിന്നാലെ ഈ സംഭവം കൂടി അരുണിന്റെ വീട്ടുകാര്‍ അറിഞ്ഞതാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കാരണമായത്. എന്നാല്‍ ഏറെ അടുപ്പത്തിലായിപോയതിനാല്‍ ഇരുവര്‍ക്കും ഇത് വലിയ മനോ വിഷമത്തിന് കാരണമായിരുന്നു. രണ്ടു പേരെയും വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബ്ബന്ധിക്കുന്നതിനിടയിലാണ് 20 മുതല്‍ ഇരുവരേയും കാണാതായത്. 23 ന് രണ്ടു വീട്ടുകാരും ഉദുമല പോലീസ് സ്റ്റേഷനില്‍ രണ്ടു പേരെയും കാണാനില്ല എന്ന് പറഞ്ഞ് പരാതി നല്‍കുകയും ചെയ്തു. ഇരുവര്‍ക്കുമായുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് കനാലില്‍ മുങ്ങിയ നിലയില്‍ ആള്‍ട്ടോ കാര്‍ കൃഷിക്കാര്‍ കണ്ടെത്തിയതും കാറിനുള്ളില്‍ മരിച്ച നിലയില്‍ അരുണിനെയും മഞ്ജുളയെയും കണ്ടെത്തിയതും.

വിവാഹം വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ ഇരുവരും ഒരുമിച്ചു ജീവനൊടുക്കുകയായിരുന്നുവെന്നാണു പോലിസിന്റെ പ്രാഥമിക നിഗമനം. ജനുവരി 20 മുതലാണ് ഇരുവരെയും കാണാതായത്. ഇന്നലെ രാവിലെ തിരുമൂര്‍ത്തിമല ഡാമില്‍നിന്നു കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടു പോകുന്ന ബി.എ.പി കനാലില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നതു കണ്ട നാട്ടുകാര്‍ ദളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഡിവൈ.എസ്.പി ജയചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസും അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ചാണ് കാര്‍ കരയ്ക്കെത്തിച്ചത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisement