കൊല്ലം: കൊട്ടിയത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞു. അമ്പലംകുന്ന് സ്വദേശിയായ യുവാവ് ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന സൂചന. കല്ലുവാതുക്കല്‍ തട്ടാരുകോണം താഴവിള വീട്ടില്‍ ഷാജി ലീലാ ദമ്പതികളുടെ മകള്‍ വിജിഷയുടെ (21) മൃതദേഹമാണ് ഇത്തിക്കര പാലത്തിന് സമീപം ആറ്റില്‍ നിന്നു കിട്ടിയത്. കൊട്ടിയത്തെ സ്വകാര്യ ലാബില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി.
സംഭവദിവസം രാവിലെ ഇയാള്‍ പെണ്‍കുട്ടി ജോലിചെയ്യുന്ന ലാബിലെത്തി രക്തപരിശോധന നടത്തിയിരുന്നു. പിന്നീട് പലതവണ ലാബിലെത്തി. ജോലി കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ഇയാള്‍ വൈകിട്ട് ആറോടെ സിത്താര ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിലും എത്തി. സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും സ്‌കൂട്ടറിന്റെ താക്കോല്‍ ഊരിക്കൊണ്ട് പോകുകയും ചെയ്തു. യുവതി പിന്നാലെ സ്‌കൂട്ടര്‍ ഉരുട്ടി പമ്പില്‍ നിന്ന് പുറത്തേയ്ക്ക് പോയി. പിന്നീട് ഈ സ്‌കൂട്ടര്‍ കാണുന്നത് വ്യാഴാഴ്ച രാവിലെ ഒന്‍പതോടെ ഇത്തിക്കര പാലത്തിനടുത്ത് നിന്നാണ്. അടുത്തു തന്നെ വിവാഹം നടക്കാനിരുന്ന പെണ്‍കുട്ടിയുടെ മരണം ദുരൂഹമാണെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ച പതിവുപോലെ രാവിലെ ജോലിക്കായി സ്‌കൂട്ടറില്‍ പോയ വിജി ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ രാത്രിയോടെ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കവെ രാത്രി പത്തോടെ ഇത്തിക്കര കൊച്ചു പാലത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് ചൂണ്ടയിടുന്നവര്‍ക്ക് വിജിയുടെ ബാഗ് കിട്ടി. എന്നാല്‍ വിജിയുടെ സ്‌കൂട്ടര്‍ കണ്ടതുമില്ല. പിറ്റേന്ന് രാവിലെ പുഴയുടെ സമീപത്ത് ബാഗ് കിട്ടിയ അതേ സ്ഥലത്തുവച്ച് സ്‌കൂട്ടറും കണ്ടെത്തി. പിറ്റേന്ന് രാവിലെ വിജിയുടെ മൃതദേഹവും ലഭിച്ചു.