പാണാവള്ളി: പാണാവള്ളി സ്വദേശികളായ സഹോദരന്മാര്‍ക്ക് ജീവന്‍ നഷ്ടമായത് നിധി തേടിയുള്ള യാത്രയില്‍. കഴിഞ്ഞ ദിവസമാണ് ബംഗാളിലേയ്ക്ക് പോയ മാമച്ചനും കുഞ്ഞുമോനും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിസിനസ് ആവശ്യത്തിനല്ല ഇരുവരും ബംഗാളില്‍ പോയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണത്തിന്റെ ബിസ്സിനസ്സിനല്ല ‘നിധി’ വാങ്ങാനായിരുന്നു ഇവരുടെ യാത്രയെന്ന് ആദ്യ യാത്രയില്‍ കൂടെപ്പോയ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍.
ബംഗാളിലെ ഗ്രാമത്തില്‍ നിധി കിട്ടിയ സ്വര്‍ണം കുറഞ്ഞവിലയ്ക്ക് കിട്ടുമെന്ന് ആരോ വിശ്വസിപ്പിച്ചതനുസരിച്ചാണ് കുന്നേല്‍വെളിയില്‍ വീട്ടില്‍ മാമ്മച്ചനും കുഞ്ഞുമോനും കൂടി അതീവരഹസ്യമായി പോയത്. ഇതിനുവേണ്ടിയുള്ള രണ്ടാമത്തെ യാത്രയായിരുന്നു ഇവരുടെത്. ഇവര്‍ക്കൊപ്പം രണ്ടാഴ്ച മുമ്പ് കൊല്‍ക്കത്തയ്ക്കു പോയ സ്വര്‍ണപ്പണിക്കാരന്‍ സുധീറാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. സുധീര്‍ ആദ്യം വിസമ്മതിച്ചെങ്കിലും സഹപാഠി കൂടിയായ മാമ്മച്ചന്റെ നിര്‍ബന്ധത്തിനു വഴങ്ങി പോയെന്നാണ് സുധീര്‍ പറഞ്ഞത്.
കൊല്‍ക്കത്തയിലെ ഉള്‍പ്രദേശത്ത് ഒരു കൂട്ടര്‍ക്ക് നിധി കിട്ടിയിട്ടുണ്ടെന്ന് മാമ്മച്ചന്‍ സുധീറിനോട് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ കിട്ടിയതാണത്രേ. കുറഞ്ഞവിലയ്ക്ക് അതുകിട്ടുമെന്നും പറഞ്ഞു. സ്വര്‍ണത്തിന്റെ മാറ്റ് നോക്കാനായിട്ടാണ് തന്നെ കൂട്ടിയത്.
കൊല്‍ക്കൊത്തയില്‍ ഹൗറപ്പാലത്തിനുസമീപമുള്ള ഒരു ലോഡ്ജിലായിരുന്നു താമസിച്ചത്. പിറ്റേന്ന് രണ്ട് ബസുകള്‍ കയറി ഒരു സ്ഥലത്തെത്തി. സ്ഥലത്തിന്റെ പേര് അറിയില്ല. യാത്രയ്ക്ക് രണ്ടുമണിക്കൂര്‍ എടുത്തു. ഒരു ബസില്‍ നമ്പര്‍ 12 എന്നെഴുതിയിരുന്നു. ബസില്‍ നിന്നിറങ്ങിയ ശേഷം രണ്ടുപേരെത്തി ബൈക്കുകളില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഏറെ നേരം വയലിലൂടെ നടന്നു. ഒരു കുടിലിലാണ് തങ്ങളെ എത്തിച്ചത്. പാണാവള്ളി പള്ളിവെളിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഒരു ബംഗാളിയെയും അവിടെ കണ്ടു.
അകത്ത് കയറിയ ഉടന്‍ ഗേറ്റ് പൂട്ടി. തുടര്‍ന്ന് ഒരു ഇരുട്ട് മുറിയിലേക്കാണ് കൊണ്ടുപോയത്. ചെമ്പ് പാത്രത്തില്‍നിന്ന് വയോധികനായ ഒരാളാണ് നിധി കിട്ടിയ ‘തങ്ക നാണയങ്ങള്‍’ പുറത്തെടുത്തത്. മൊത്തം 490 നാണയങ്ങള്‍ കാണിച്ചതായി ഓര്‍മയുണ്ട്. അതില്‍ മൂന്നെണ്ണം മാത്രമേ താന്‍ പരിശോധിച്ചുള്ളൂ. അത് ഗുണമേന്മയുള്ളതായിരുന്നു.
വില പറഞ്ഞ് ഉറപ്പിച്ചെങ്കിലും അന്ന് സഹോദരന്മാര്‍ സ്വര്‍ണം വാങ്ങാതെയാണ് മടങ്ങിയത്. പിന്നീട് അടുത്തവരവിന് വാങ്ങാമെന്നു പറഞ്ഞ് മടങ്ങിപ്പോരുകയായിരുന്നു.രണ്ടുഗ്രാമിന്റെ ഒരു സ്വര്‍ണനാണയത്തിന് 1300 രൂപയാണ് അവര്‍ ചോദിച്ചത്. അത്രയും സ്വര്‍ണം നാട്ടിലെത്തിച്ചാല്‍ 4500രൂപയോളം വില കിട്ടുമെന്ന കണക്കുക്കൂട്ടലിലായിരുന്നു മാമ്മച്ചനും കുഞ്ഞുമോനും. അന്ന് സ്വര്‍ണം വാങ്ങാത്തതിനെച്ചൊല്ലി സഹോദരന്‍മാര്‍ തമ്മില്‍ വാഗ്വാദവുമുണ്ടായി.
സംഗതി പന്തികേടാണെന്ന് മനസിലാക്കിയ താന്‍ സഹോദരന്മാരോട് വേഗം സ്ഥലം വിടാമെന്നു പറഞ്ഞു. ഇത് പറ്റിക്കലാണെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍, ഫലിച്ചില്ല. ഇപ്പോഴത്തെ യാത്രയ്ക്കും തന്നെ വിളിച്ചതാണ്. പറ്റില്ലെന്നു പറഞ്ഞു പിന്‍വാങ്ങുകയായിരുന്നു സുധീര്‍.