കൊച്ചി: ആലുവയില്‍ പോലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള സംഘര്‍ഷം തടയാനെത്തിയ എസ്‌ഐ അടക്കമുള്ള പോലീസ് സംഘത്തേയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴ സ്വദേശികളായ ഏഴു പേരെ ഉന്നത പോലീസ് സംഘം അറസ്റ്റു ചെയ്തു.
ശനിയാഴ്ച വൈകീട്ടോടെ ആലുവ ബൈപാസ്സ് റോഡിലാണ് സംഭവം. ദേശം സ്വദേശി അല്‍ബാബിന്റെ ഹോട്ടലിനു മുന്നില്‍ ടെമ്പോ ട്രാവലറിലെത്തിയ സംഘം വാഹനം നിര്‍ത്തിയിട്ടു. കടയിലേക്കുള്ള വഴിയടച്ചു പാര്‍ക്കു ചെയ്തിരുന്ന വാഹനം മാറ്റിയിടണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഘം അക്രമാസക്തരായത്.
വാഹനം മാറ്റുന്നതിനെച്ചൊല്ലി ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ വാഹനത്തിലെത്തിയ സംഘം കടയുടമയെ മര്‍ദ്ദിച്ചു. ഇതു കണ്ടെത്തിയ അല്‍ബാബിന്റെ മകന്‍ അബ്ദുള്ളക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
എന്നാല്‍ സ്ഥലത്തെത്തിയ ആലുവ എസ്‌ഐ ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനു നേരെയും സംഘം കൈയ്യേറ്റം തുടരുകയായിരുന്നു. ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്‌ഐ അടക്കമുള്ളവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്.
പിന്നീട് അലുവ സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് ആക്രമികളെ പിടികൂടിയത്. വരാപ്പുഴ സ്വദേശികളായ ബ്ലെസ്സന്‍, സച്ചിന്‍, പെട്രോ, കിരണ്‍ ജോസ്, അനില്‍, അമല്‍, വിശാല്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേര്‍ ഓടി രക്ഷപെട്ടു. മര്‍ദ്ദനമേറ്റ കടയുടമയും മകനും ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്‌ഐ ഫൈസലും ആശുപത്രിയില്‍ ചികിത്സ തേടി.