കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച അടിവസ്ത്രവും ലഡുവും വിനയായി, വീട്ടമ്മയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ ബന്ധുവായ കാമുകന്‍ പിടിയില്‍

28

കൊട്ടാരക്കര: വീട്ടമ്മയുടെ മരണം കൊലപാതകം, ഭര്‍ത്താവിന്റെ അകന്ന ബന്ധു പിടിയില്‍. കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ എഴുകോണ്‍ കടയ്ക്കാട് ഗുരുമന്ദിരത്തിനു സമീപം പ്രഭാമന്ദിരത്തില്‍ അനൂപിന്റെ ഭാര്യ ബിന്ദുലേഖ(40)യെ ശ്വാസം മുട്ടിച്ചുകൊന്നതാണെന്നാണു കണ്ടെത്തല്‍.

Advertisements

അനൂപിന്റെ അകന്ന ബന്ധുവായ ഇടയ്ക്കാട് വിനോദ് ഭവനില്‍ ബിനു(39)ആണ് അറസ്റ്റിലായത്. പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറയുന്നു. കേരളപുരത്തുള്ള ഫര്‍ണിച്ചര്‍ കമ്പനിയില്‍ പോളിഷിങ് തൊഴിലാളിയായ ബിനു എട്ടോളം മോഷണക്കേസുകളിലെ പ്രതിയാണ്. ട്രെയിനില്‍ കയറി എസ്.ഐ. ചമഞ്ഞ കേസിലും പ്രതിയാണിയാള്‍.

പോലീസ് പറയുന്നതിങ്ങനെയാണ്: ബിന്ദുലേഖയുമായി പ്രതി ഏഴുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. ബിന്ദുലേഖയുടെ ഭര്‍ത്താവ് അനൂപ് മാനസികരോഗത്തിന് ചികിത്സ തേടിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബിനുവാണ്. അന്നുതുടങ്ങിയ അടുപ്പമാണ്. വിവാഹമോചിതനായ ബിനു ചന്ദനത്തോപ്പിലെ ലോഡ്ജിലായിരുന്നു താമസം. മോഷണക്കുറ്റത്തിനു ബിനു ജയിലില്‍ കിടന്നപ്പോള്‍ വക്കീല്‍ ഫീസ് നല്‍കി ജാമ്യത്തിലിറക്കിയതു ബിന്ദുലേഖയാണ്. അടുത്തിടെ ബിന്ദുലേഖക്ക് 72,000 രൂപയുടെ ആവശ്യമുണ്ടായപ്പോള്‍ ബിനുവിനോടു ചോദിച്ചപ്പോള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തിനു വീട്ടുകാര്‍ ഉറങ്ങിയശേഷം വീട്ടിലെത്തിയ പ്രതിയും ബിന്ദുലേഖയുമായി സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്നു ബിന്ദുവിനെ ശ്വാസം മുട്ടിച്ചു കൊന്നശേഷം കട്ടിലില്‍ കിടത്തി പുതപ്പു കൊണ്ടു മൂടി അടുക്കള വാതിലിലൂടെ ബിനു രക്ഷപ്പെടുകയായിരുന്നു. സ്വാഭാവികമരണമായാണു ബന്ധുക്കള്‍ കരുതിയതെങ്കിലും പോലീസിന് സംശയം തോന്നിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു സ്ഥിരീകരിച്ചത്.

തുടര്‍ന്നു ജില്ലാ പോലീസ് മേധാവിയുടേയും കൊട്ടരാക്കര ഡിവൈ.എസ്.പി: ജെ. ജേക്കബിന്റെയും മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. ബിന്ദുലേഖയുടെ വീടിനുസമീപം രാത്രിയില്‍ ബിനു കാത്തിരുന്ന സ്ഥലത്തുനിന്ന് അടിവസ്ത്രവും ഒരു പാക്കറ്റ് ലഡുവും പോലീസ് കണ്ടെടുത്തു. കൊല നടത്തിയശേഷം ഇയാള്‍ അടുത്തുള്ള റബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്നശേഷം രാവിലെയാണു താമസസ്ഥലത്തേക്കു പോയത്.

ബിനു തന്റെ ഇളയ സഹോദരനും നിരവധി സ്പിരിറ്റ്, അബ്കാരി കേസുകളിലെ പ്രതിയുമായ വിനീഷില്‍ നിന്നു പണം െകെപറ്റി നാട്ടില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കൊട്ടാരക്കര പോലീസ് ഇന്‍സ്പെക്ടര്‍ ഒ.എ. സുനിലിന്റെ നേതൃത്വത്തിലാണു ഷാഡോ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement