ഭോപ്പാല്‍: പോലീസ് വാഹനത്തില്‍ യൂണിഫോമിലെത്തി ഒരു സംഘം ആളുകള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. ബാമുറാഹ ഗ്രാമത്തില്‍ മദ്യപിച്ച് ഒരാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് സംഘത്തെയാണ് അഞ്ചംഗ സംഘം ആക്രമിച്ച് വാഹനവും വസ്ത്രവും കൈക്കലാക്കിയത്. ഇവര്‍ തന്നയാണ് പന്നയില്‍ നിന്ന് അറുപത് കിലോമീറ്ററോളം ഉള്ളിലേക്കുളള ബാമുറാഹയില്‍ മദ്യപാനി ആളുകളെ ശല്യം ചെയ്യുന്നതായി വ്യാജ സന്ദേശം വിളിച്ച് അറിയിച്ചത്. പോലീസ് വാഹനം തട്ടിയെടുക്കുകയും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരെ നഗ്നരാക്കി അവരുടെ വസ്ത്രങ്ങള്‍ പിടിച്ചെടുക്കുകയുമായിരുന്നു. തുടര്‍ന്ന് പന്നയിലെ ഉള്‍ഗ്രാമത്തിലെത്തിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവരില്‍ മുഖ്യ സൂത്രധാരനായ ദേവരാജ് സിംഗും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇത് എതിര്‍ക്കുകയും അമ്മാവന്‍ അവളെ ശാസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അമ്മാവനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കി. എന്നാല്‍ പരാതി പിന്‍വലിക്കണമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ അവളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സംഭവമെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെത്തിയ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രകാശ് മാന്‍ഡല്‍, സായുധ സേനാവിഭാഗം ജവാന്‍ സുബാഷ് ദുബെ എന്നിവര്‍ മുഖം നിലത്തമര്‍ത്തി റോഡിന് നടുവില്‍ കിടക്കുന്ന ആളെയാണ് കണ്ടത്.
ഇയാളുടെ അടുത്തേക്ക് പൊലീസുകാരെത്തിയതോടെ ഇയാള്‍ അവര്‍ക്കെതിരെ തോക്കു ചൂണ്ടി. ഉടന്‍ സംഘത്തിലെ മറ്റ് നാലുപേരും ചാടി വീഴുകയും പൊലീസുകാരെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. പൊലീസുകാരുടെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത സംഘം ഇവരെ കൈകള്‍ കെട്ടി മറ്റൊരു വാഹനത്തില്‍ തള്ളി. രണ്ട് പേര്‍ യൂണിഫോം ധരിക്കുകയും പൊലീസ് വാഹനവുമായി കടന്നുകളയുകയുമായിരുന്നു.
തുടര്‍ന്ന് ഗ്രാമത്തിലെത്തിയ ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും മകളുമായി പോലീസ് സ്റ്റേഷനിലെത്തണമെന്നും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും അവളുടെ അച്ഛനെ അറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് മൊഴിയെടുക്കാനാണെന്നുമാണ് പൊലിസ് വേഷത്തിലെത്തിയവര്‍ പറഞ്ഞത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും അവള്‍ക്കൊപ്പം വാനില്‍ കയറിയെങ്കിലും ഇരുവരെയും ഇറക്കി വിട്ട് പെണ്‍കുട്ടിയുമായി സംഘം വാന്‍ ഓടിച്ച് പോകുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് സിംഗ്. പെണ്‍കുട്ടി ഇയാള്‍ക്കൊപ്പമുണ്ടെന്നാണ് കരുതുന്നതെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി