ദുബായ്: ഗള്‍ഫിലെ കമ്പനിയില്‍ പാര്‍ടണറായി ചേര്‍ക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയ യുവതി അറസ്റ്റില്‍. ദുബായിയിലെ ഡൈനാമിക് സൂപ്പര്‍ ജനറല്‍ ട്രേഡിംഗ് കമ്പനിയില്‍ പാര്‍ട്ണറായി ചേര്‍ക്കാമെന്നു വിശ്വസിപ്പിച്ച് കോട്ടയം സ്വദേശിയില്‍നിന്നു രണ്ടു കോടി അറുപത്തിനാലു ലക്ഷം രൂപ തട്ടിയെടുത്ത യുവതിയെയാണ് ചാലക്കുടി പോലീസ് ഇന്‍സ്‌പെക്ടര്‍ വിഎസ് ഷാജു അറസ്റ്റുചെയ്തത്. എറണാകുളം ജില്ലയിലെ കുറുപ്പംപടി രായമംഗലം സ്വദേശി തോട്ടത്തിക്കുടി വീട്ടില്‍ അശ്വതി(28)യാണ് അറസ്റ്റിലായത്. വിദേശത്ത് സിവില്‍ എന്‍ജിനീയറായിരുന്ന യുവതി ജോലി രാജിവച്ച് അവിടെ ട്രേഡിംഗ് കമ്പനി നടത്തിവരികയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി യുവതി നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം. പ്രായമായ ആളുകള്‍ക്ക് വലിയ ലാഭവിഹിതമായിരുന്നു ഇവര്‍ വാഗ്ദാനം ചെയ്തിരുന്നത്. വന്‍കമ്പനികളില്‍ ജോലിചെയ്യുന്ന യുവാക്കളെ സൗന്ദര്യവും ആകര്‍ഷണീയമായ സംസാരവും കൊണ്ട് അശ്വതി വലയില്‍ വീഴ്ത്തിയിരുന്നു. പലരും ഇവരുടെ വാക്ക് വിശ്വസിച്ചാണ് പണം നിക്ഷേപിച്ചത്.
സുഗന്ധവ്യഞ്ജനങ്ങളും ക്രോക്കറി സാധനങ്ങളും ഇറക്കുമതി ചെയ്ത് ഗള്‍ഫ്‌മേഖലയില്‍ വില്‍പന നടത്തുന്ന കമ്പനിയില്‍നിന്ന് മികച്ച രീതിയിലുള്ള ലാഭവിഹിതം വാഗ്ദാനം ചെയ്യുകയും തുടര്‍ന്ന് 2016 സെപ്റ്റംബര്‍ മുതല്‍ പണമായും ചെക്കായും തുക കൈപ്പറ്റുകയുമായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ലാഭവിഹിതം നല്‍കാതെ വന്നപ്പോള്‍ പരാതിക്കാരന്‍ തുക തിരികെ ആവശ്യപ്പെട്ടു.
ഇതോടെ ദുബായിയിലെ ഓഫീസ് അടച്ച് നാട്ടിലേക്കു കടന്ന യുവതി പണം തിരികെ നല്കാന്‍ അവധികള്‍ ചോദിച്ച് മുങ്ങി. കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ പരാതിക്കാരന്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. അന്വേഷണസംഘത്തില്‍ എഎസ്‌ഐമാരായ കെ.ജെ.ജോണ്‍സണ്‍, ടിസിജോഷി, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷീബ അശോകന്‍, പി.സി.അശ്വതി എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.