വടകര: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് യുവതി ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. നടക്കുതാഴ കുറുമ്പയിൽ ആവങ്കോട്ട് മലയിൽ ദിനേശ് ബാബു(54)വിനെയാണ് വടകര എസ്.ഐ. എം സനൽരാജ് അറസ്റ്റ് ചെയ്തത്.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ മജസ്ട്രറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയുടെ മകൻ സുബീഷിന്റെ ഭാര്യ അശ്വതിയെ കഴിഞ്ഞ ഒക്ടോബർ ഒന്നിന് ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു.
നാല് വർഷം മുമ്പാണ് സുബീഷും അശ്വതിയും തമ്മിലുള്ള വിവാഹം നടന്നത്. കല്യാണം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം തന്നെ ബാബുവിന്റെ പീഢനം തുടങ്ങിയിരുന്നു. ആദ്യം ലൈംഗിക ചുവയോടെ സംസാരമായിരുന്നു. പിന്നീട് അശ്വതിയെ പല തവണ കയറി പിടിച്ചതായും പരാതിയിൽ പറയുന്നു. വിവാഹശേഷം ഏതാനം മാസങ്ങള്കഴിഞ്ഞ സുബീഷ് വിദേശത്ത് ജോലിക്ക് പോയിരുന്നു.
ഈ വസ്തുതകൾ അശ്വതി സ്വന്തം ഡയറിയിൽ എഴുതിവെച്ചിരുന്നു. ഡയറി വായിച്ച അശ്വതിയുടെ സഹോദരൻ അക്ഷയ് ആണ് പൊലീസിൽ പരാതി നൽകിയത്.ഇതേതുടർന്നാണ് അറസ്റ്റ്. ഡയറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഐ.പി.സി 306, 354 എന്നീ വകുപ്പുകൾ പ്രകാരമാണ് ദിനേശ് ബാബുവിനെതിരെ കേസെടുത്തത്.