മലപ്പുറത്ത് യുവതിയെയും മൂന്നു പെണ്‍മക്കളെയും കാണാതായതിന്റെ പിന്നില്‍ കളിച്ചത് സിദ്ധന്‍, പതിനെട്ടു തികയാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ടെക്നോപാര്‍ക്ക് ജീവനക്കാരന്റെ സഹായത്തോടെ സിദ്ധന്‍ കളിച്ചത് ഇങ്ങനെ

24

മലപ്പുറം: യുവതിയെയും മൂന്നു പെണ്‍മക്കളെയും കാണാതായതിനു പിന്നില്‍ കളിച്ചത് സിദ്ധന്‍. യുവതിയുടെ പതിനെട്ടു തികയാത്ത മകളെ കല്യാണം കഴിക്കാനായി സിദ്ധന്‍ നടത്തിയ ആസൂത്രിത നീക്കങ്ങളാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചത്.

കരിപ്പൂര്‍ പുളിയം പറമ്പില്‍ വീട്ടമ്മെയെയും മൂന്നു പെണ്‍മക്കളെയും കാണാതായ സംഭവത്തില്‍ അബ്ദുറഹ്മാന്‍ മുത്തുകോയ തങ്ങള്‍ ( 38) എന്ന സിദ്ധനെതിരെയും കൂട്ടാളി നിലമ്പൂര്‍ എടക്കര സ്വദേശി ജാബിറി(36)നെതിരെയും കരിപ്പൂര്‍ പൊലീസ് മനുഷ്യക്കടത്തിന് കേസെടുത്തു. ഒളിവില്‍ പോയ ഇരുവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Advertisements

സിദ്ധനുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് കരിപ്പൂരില്‍ നിന്നും മൂന്നു പെണ്‍മക്കളുമായി ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതി വെളിപ്പെടുത്തിയിരുന്നു.

സിദ്ധനും സൗദാബിയും തമ്മിലുള്ള ഈ ബന്ധം ചില ബന്ധുക്കള്‍ സംസാര വിഷയമാക്കുകയും ഇതിനെ ചൊല്ലി പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ശേഷം സിദ്ധന്‍ സൗദാബിയുടെ വീട്ടിലേക്കുള്ള വരവ് നിര്‍ത്തി. എന്നാല്‍ ഇവര്‍ തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന രീതിയില്‍ സംസാരം പരന്നു.

ഈ സാഹചര്യത്തില്‍ താന്‍ മനസിന് സമാധാനം കിട്ടുന്നതിനു വേണ്ടി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറങ്ങുകയായിരുന്നെന്ന് സൗദാബി പൊലീസിനോടു പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം സിദ്ധന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപ്രകാരമായിരുന്നെന്നാണ് ഇപ്പോള്‍ പോലീസിന്റെ കണ്ടെത്തല്‍.

സൗദാബിയെ കൊണ്ടു പോയത് സിദ്ധനായിരുന്നു. എന്നാല്‍ ഒളിവില്‍ പോയെന്ന സംശയത്തില്‍ ചോദ്യം ചെയ്തിട്ടും സിദ്ധന്‍ സത്യം പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യക്കടത്തിന് കേസെടുക്കുന്നത്.

കരിപ്പൂര്‍ പുളിയംപറമ്പ് സ്വദേശി സൗദാബിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇതോടെ പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സിദ്ധനും തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഇന്‍ഫോടെക് ജീവനക്കാരന്‍ ജാബിറും ചേര്‍ന്നാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്.

ജാബിര്‍ ഭാര്യയുമായി തിരുവനന്തപുരം ബീമാപള്ളിക്കു സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സൗദാബിയെ കാണാതാകുന്നതിന് മുമ്പ് തന്നെ കഴക്കൂട്ടത്തിനു സമീപത്ത് മറ്റൊരു ഫ്‌ളാറ്റ് ഇവര്‍ വാടകയ്ക്ക് എടുത്തിരുന്നു. സിദ്ധന്റെ നിര്‍ദ്ദേശപ്രകാരം യുവതി മൊബൈല്‍ വീട്ടില്‍ വെച്ച ശേഷമായിരുന്നു കൊണ്ടോട്ടിയിലെ ജാറത്തിനടുത്ത് ഓട്ടോയില്‍ എത്തിയത്.

ഈ സമയം ജാബിറും ഭാര്യയും എടക്കരയില്‍ നിന്നും കൊണ്ടോട്ടിയില്‍ എത്തിയിരുന്നു. സൗദാബിയും കുട്ടികളും ഇവരോടൊപ്പം കോഴിക്കോട് എത്തുകയും ഇവിടെ നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു.

സിദ്ധനിലുള്ള അമിതഭക്തിയായിരുന്നു യുവതി ഇയാളെ വിശ്വസിക്കാന്‍ ഇടയാക്കിയത്. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കുടുംബം നശിക്കുമെന്നും വലിയ നാശമുണ്ടാകുമെന്നും പറഞ്ഞായിരുന്നു സിദ്ധന്‍ പേടിപ്പിച്ചിരുന്നത്.

യുവതിയെ കാണാതാകുന്നതിന്റെ ഒന്നരമാസം മുമ്പ് സൗദാബിയും ഭര്‍ത്താവും കുട്ടികളും സിദ്ധനോടൊപ്പം ബീമാപള്ളി ജാറത്തില്‍ എത്തിയിരുന്നു. ജാബിറിന്റെ വാടക വീട്ടിലായിരുന്നു അന്ന് ഇവര്‍ തങ്ങിയിരുന്നത്. ഇവിടെ വെച്ച് ജാബിറിന്റെ ഭാര്യ സൗദാബിയുടെ മകളെ സിദ്ധനു വേണ്ടി വിവാഹാലോചന നടത്തിയിരുന്നു.

‘ തങ്ങള്‍ ‘ക്ക് വിവാഹം ചെയ്തു കൊടുക്കണമെന്ന് താന്‍ സ്വപ്നം കണ്ടുവെന്നായിരുന്നു ജാബിറിന്റെ ഭാര്യ സൗദാബിയുടെ ഭര്‍ത്താവിനോടു പറഞ്ഞിരുന്നത്. മുമ്പ് സൗദാബിയും ഇതേ സ്വപ്നം കണ്ടിരുന്നതായി ഭര്‍ത്താവിനോടും കുടുംബങ്ങളോടും പറഞ്ഞിരുന്നു. സൗദാബിയെ പൊലീസും കുടുംബാംഗങ്ങളും ചോദ്യം ചെയ്തപ്പോഴാണ് എല്ലാം സിദ്ധന്‍ പറഞ്ഞ് ചെയ്യിക്കുകയായിരുന്നെന്ന് വ്യക്തമായത്.

സിദ്ധന്റെയും ജാബിറിന്റെ പങ്കിനെക്കുറിച്ച് സൂചനകിട്ടിയ പോലീസ് അന്വേഷണമാരംഭിച്ചപ്പോഴേക്കും സൂചനകിട്ടിയ ഇയാള്‍ സൗദാബിയെയും മക്കളെയും നാട്ടിലേക്ക് കയറ്റി വിട്ടു.

സിദ്ധനാകട്ടെ യുവതിയെ തിരയാന്‍ പോലീസിനൊപ്പം കൂടുകയും ചെയ്തിരുന്നു. എന്നാല്‍ സൗദാബിയെയും പെണ്‍മക്കളെയും പോലീസ് കണ്ടെത്തിയതോടെ സിദ്ധന്റെ കള്ളി പൊളിയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement