കൊല്ലം: കുമ്പസാര രഹസ്യങ്ങള്‍ പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ് എന്ന എബ്രഹാം വര്‍ഗീസ് കേരളത്തില്‍ തന്നെ ഒളിവില്‍ കഴിയുകയാണെന്ന് ക്രൈം ബ്രാഞ്ച്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവരും കേസില്‍ പ്രതിയാകുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാന്‍ പറഞ്ഞു. അതേസമയം, ഇന്ന് കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.
നാലാം പ്രതി ജെയ്‌സ്. കെ. ജോര്‍ജ് ഡല്‍ഹിലായതിനാല്‍ ക്രൈംബ്രാഞ്ച് സംഘം അവിടേക്ക് പുറപ്പെടാന്‍ ആലോചനയുണ്ട്. എന്നാല്‍, ജെയ്സ് കെ.ജോര്‍ജ് ഇന്ന് കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. കീഴടങ്ങാന്‍ സാദ്ധ്യതയുള്ള കോടതികളുടെ പരിസരങ്ങള്‍ ക്രൈെം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.
മൂന്നാം പ്രതി ജോണ്‍സണ്‍.വി. മാത്യുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇദ്ദേഹത്തിനെതിരെ പീഡനം ചുമത്തിയിട്ടില്ലാത്തതിനാല്‍ ജാമ്യം കിട്ടിയേക്കുമെന്നാണ് സൂചന. ഇന്നലെ അറസ്‌റ്റിലായ രണ്ടാംപ്രതി ഫാ.ജോബ് മാത്യുവിന്റെ പക്കല്‍ നിന്ന് രണ്ടു മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു. ഇതില്‍ നിന്ന് ഡേറ്റ തിരിച്ചെടുക്കുന്നതിന് സൈബല്‍ സെല്ലിന്റെ സഹായവും അന്വേഷണസംഘം തേടിയിട്ടുണ്ട്.
ഇന്നലെ രാവിലെ 10 ഓടെ കൊല്ലം പോളയത്തോട്ടിലെത്തിയ രണ്ടാം പ്രതി കൊല്ലം പട്ടാഴി പന്തപ്ലാവ് മുഞ്ഞക്കര കൊച്ചുവീട്ടില്‍ ഫാ.ജോബ് മാത്യുവിനെ (40) സി.ഐ അലക്സാണ്ടര്‍ തങ്കച്ചന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് എ.ആര്‍.കാര്‍ത്തിക പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു.