ചേലക്കര: ഒരു രാത്രികൊണ്ട് ഒരു ഗ്രാമത്തിലെ 11 വീടുകളില്‍ കള്ളന് കയറി. ചേലക്കര, പാഞ്ഞാള്‍ പഞ്ചായത്തുകളിലെ വീടുകളിലാണ് മോഷണം നടന്നത്. പല വീടുകളുടെയും പിന്‍വാതില്‍ പൊളിച്ചെങ്കിലും അകത്തു കടക്കാന്‍ സാധിച്ചില്ല.
ബൈക്ക്, സ്വര്‍ണ്ണമാല, ഫോണുകള്‍, വാച്ച്, 6800 രൂപ, ടോര്‍ച്ച്, തുണികള്‍, ചെരുപ്പുകള്‍ എന്നിവയാണ് മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. വെങ്ങാനെല്ലൂര്‍, ചേലക്കര, തോന്നൂര്‍ക്കര, ഉദുവടി എന്നിവിടങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടന്നത്. വെങ്ങാനെല്ലൂര്‍ കൊത്തൂര്‍ വീട്ടില്‍ സാം, ഉദുവടി കുളത്തിങ്കല്‍ വീരാന്‍ കുട്ടി, അന്‍വര്‍, തോന്നൂര്‍ക്കര സൂസന്ന ചെറിയാന്, ഗീവര്‍, വില്യംസ്, ചേലക്കര ഏല്യാമ്മ, ഷിബു ചെറുവത്തൂര്‍, ജോര്‍ജ്, കുഞ്ഞാമ്മ, ബിനോജ് എന്നിവരുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്.
മോഷ്ടാവിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പഴയ തുണികളും ചെരുപ്പുകളും മോഷ്ടിക്കുന്നത് ഇതാദ്യമായിരിക്കാമെന്നാണ് നിഗമനം. ഇത്രയധികം വീടുകളില്‍ തുടര്‍ച്ചയായി കയറിയിറങ്ങിയതും മോഷ്ടിച്ച സാധനങ്ങള്‍ എവിടെ സൂക്ഷിച്ചാണ് മറ്റു വീടുകളില്‍ കയറിയതെന്നതും പോലീസിനെ കുഴയ്ക്കുന്നു. തൃശ്ശൂര്‍ ഡോഗ് സ്ക്വാഡിലെ ഡോണ എന്ന നായയും വിരലടയാള വിദഗ്ദരും വീടുകളിലെത്തി പരിശോധന നടത്തി.