ജന്മ നാട്ടില്‍ എംഎ യുസഫലി പടുകൂറ്റന്‍ മാള്‍ തുറന്നു: മാളിന്റെ ലാഭം തൃപയാര്‍ ശ്രീരാമ ക്ഷേത്രത്തിനും, മുസ്‌ളിം പള്ളിക്കും. ക്രിസ്ത്യന്‍ ചര്‍ച്ചിനും ചാരിറ്റി പ്രവര്‍ത്തനത്തിനായി നല്‍കും, കൈയ്യടിച്ച് ജനങ്ങള്‍

179

തൃപ്രയാര്‍: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ജന്മനാട്ടില്‍ 250 കോടി രൂപ ചെലവില്‍ നിര്‍മിച്ച വൈ മാള്‍ നാടിനു സമര്‍പ്പിച്ചു. യൂസഫലിയുടെ പേരക്കുട്ടി അയാന്‍ അലി നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

തൃപ്രയാര്‍ സെന്ററില്‍ രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തൃതിയോടുകൂടിയ വൈ മാളും മാള്‍ സ്ഥിതിചെയ്യുന്ന നാലര ഏക്കര്‍ സ്ഥലവും വൈ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുകയാണെന്നു ചടങ്ങില്‍ എം.എ. യൂസഫലി അറിയിച്ചു.

Advertisements

വൈ മാളിന്റെ ഉടമസ്ഥത വൈ ഫൗണ്ടേഷനായിരിക്കും. വൈ മാളില്‍നിന്നുള്ള ലാഭം ഫൗണ്ടേഷന്റെ കീഴില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കും.

നാട്ടികയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതിക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലേക്ക് എല്ലാ വര്‍ഷവും ഇതില്‍നിന്നുള്ള ലാഭം നല്കും.

നാട്ടിക ജുമാ മസ്ജിദിനു 10 ലക്ഷം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിന് അഞ്ചു ലക്ഷം, നാട്ടിക ആരിക്കിരി ക്ഷേത്രത്തിനു രണ്ടു ലക്ഷം, തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളിക്കു രണ്ടു ലക്ഷം എന്നിങ്ങനെയാണ് എല്ലാ വര്‍ഷവും സഹായം നല്കുക. വൈ ഫൗണ്ടേഷന്‍ നല്‍കുന്ന മറ്റു സഹായങ്ങള്‍ക്കു പുറമെയാണിതെന്നു യൂസഫലി അറിയിച്ചു.

തൃപ്രയാറിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവര്‍ക്കും സമാനതകളില്ലാത്ത ഷോപ്പിംഗ്, ഡൈനിംഗ്, എന്റര്‍ടെയിന്‍മെന്റ് അനുഭവങ്ങള്‍ വൈ മാള്‍ പകര്‍ന്നുനല്‍കും. എറണാകുളം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ എല്ലാ പ്രമുഖ നഗരങ്ങളില്‍നിന്നും ഏറെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ദൂരത്തിലാണ് വൈ മാള്‍.

വൈ മാളിന്റെ മുഖ്യ ആകര്‍ഷണമായ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഭക്ഷണ സാമഗ്രികള്‍, പലചരക്ക്, റെഡി ടു ഈറ്റ് ഫുഡ്, മൊബൈല്‍, ഇലക്ട്രോണിക്‌സ്, ഹോം ഡെക്കര്‍ തുടങ്ങി ഏതൊരാള്‍ക്കും ആവശ്യമുള്ളതെന്തും ലഭ്യമാക്കുന്നു.

വിവിധ വിഭാഗങ്ങളിലായി 40ലേറെ പ്രമുഖ അന്താരാഷ്ട്ര, ദേശീയ, മലയാളി ബ്രാന്‍ഡുകള്‍ വൈ മാള്‍ സന്ദര്‍ശിക്കുന്ന കസ്റ്റമറുടെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കും.

കഫേ കോഫീ ഡേ ഗ്രൗണ്ട് ഫ്‌ലോറിലും ചെന്നൈ ആനന്ദഭവന്‍ സെക്കന്‍ഡ് ഫ്‌ലോറിലും പ്രവര്‍ത്തിക്കുന്നു. 225 സീറ്റുകളുള്ള ഫുഡ് കോര്‍ട്ടില്‍ വ്യത്യസ്തങ്ങളായ രുചികളവതരിപ്പിക്കുന്ന ഒട്ടേറെ ഔട്ട്ലെറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.

ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ബര്‍ഗറുകള്‍, ഫ്രൈകള്‍, അറബിക്, ജ്യൂസ്, ഐസ്‌ക്രീം തുടങ്ങിയ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഇവിടെ ആസ്വദിക്കാം.

തേര്‍ഡ് ഫ്‌ലോറിന്റെ പകുതിയോളം വരുന്ന എന്റര്‍ടെയിന്‍മെന്റ് സോണായ സ്പാര്‍ക്കീസാണ് മറ്റൊരു മുഖ്യ ആകര്‍ഷണം. വീഡിയോ ഗെയിംസ്, ബംപ് എ കാര്‍, കറോസല്‍ റൈഡ്, സോഫ്റ്റ് പ്ലേ ഏരിയ തുടങ്ങി കുട്ടികളെ രസിപ്പിക്കുന്ന നിരവധി റൈഡുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബേസ്‌മെന്റിലെ പാര്‍ക്കിംഗിനു പുറമേ 800ല്‍പരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഓപ്പണ്‍ പാര്‍ക്കിംഗ് ഏരിയയും വൈ മാളിന്റെ ഭാഗമാണ്.

പ്രാര്‍ഥനാമുറി, ഫീഡിംഗ് റൂം, അംഗപരിമിതര്‍ക്കായുള്ള പ്രത്യേക പാര്‍ക്കിംഗ്, വാഷ് റൂം, ഗര്‍ഭിണികള്‍ക്കായുള്ള പ്രത്യേക പാര്‍ക്കിംഗ്, ബാഗ് കുട ഹെല്‍മറ്റ് പാര്‍ക്ക് സൗകര്യങ്ങള്‍, ആംബുലന്‍സ്, എടിഎം, മണി എക്‌സ്‌ചേഞ്ച് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് വൈ മാള്‍.

Advertisement