ന്യൂഡല്‍ഹി: 2017 ഏപ്രിലിനും നവംബറിനും ഇടയില്‍ മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ അക്കൗണ്ട് ഉടമകളില്‍നിന്ന് ബാങ്കുകള്‍ ഈടാക്കിയത് 2320 കോടി രൂപ. എസ്ബിഐ ആണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത്. 1,771 കോടി രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ വസൂലാക്കിയത്.
ജൂലായ്- സപ്തംബര്‍ പാദത്തില്‍ എസ്.ബി.ഐയുടെ അറ്റാദായത്തേക്കാള്‍ കൂടുതലാണ് ഇതിലൂടെ ലഭിച്ച വരുമാനം. 1,581 കോടിയായിരുന്നു ഈ കാലയളവിലെ വരുമാനം. ഏപ്രില്‍- സപ്തംബര്‍ കാലയളവിലെ ബാങ്കിന്റെ ലാഭമായ 3,586 കോടി രൂപയുടെ പകുതിയോളം വരും ഇത്.
42 കോടി അക്കൗണ്ടുകളാണ് എസ്ബിഐയ്ക്കുള്ളത്. 13 കോടി ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടും ജന്‍ധന്‍ അക്കൗണ്ടുകളും ഉള്‍പ്പടെയാണിത്. ഈ രണ്ട് അക്കൗണ്ടുകളെയും മിനിമം ബാലന്‍സ് വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മിനിമം ബാലന്‍സ് ഈടാക്കിയ വകയില്‍ രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. ഏപ്രില്‍നവംബര്‍ കാലയളവില്‍ 97.34 കോടി രൂപയാണ് പിഎന്‍ ബിയ്ക്ക് ലഭിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 68.67 കോടിയും കാനറാ ബാങ്കിന് 62.16 കോടി രൂപയും ലഭിച്ചു.