മലയാള സിനിമയിലെ എണ്ണം പറഞ്ഞ വില്ലൻമാരിൽ ഒരാളായിരുന്നു എൻഎഫ് വർഗീസ്. ക്രൂരമായ നോട്ടവും ചിരിയും സംസാരശൈലിയുമെല്ലാം അദ്ദേഹത്തിലെ വില്ലനെ സാധാരണക്കാർക്ക് ചിരപരിചിതനാക്കി. ആകാശദൂതിലെ വില്ലൻ കഥാപാത്രത്തിലൂടെ വന്ന എൻഎഫ് വർഗ്ഗീസ് എന്ന അനുഗ്രഹീത നടൻ സ്വഭാവനടനായും തിളങ്ങി.
യഥാർത്ഥ ജീവിതത്തിൽ സൗമ്യനായ നന്മയുടെ പര്യായമായിരുന്ന താരം പക്ഷെ, വെള്ളിത്തിരയിൽ അധികവും കെട്ടിയാടിയത് ദേഷ്യക്കാരനും ക്രൂരനുമായ വില്ലൻ വേഷങ്ങളായിരുന്നു. 1986-ൽ പത്മരാജൻ സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത്എൻഎഫ് വർഗ്ഗീസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഏവരും അദ്ദേഹത്തെ ശ്രദ്ധിച്ചത് ആകാശദൂതിലെ പാൽക്കാരൻ കേശവനിലൂടെയാണ്. അവിടുന്ന് തുടങ്ങിയ ആ യാത്രയിൽ നൂറോളം ചിത്രങ്ങളും അദ്ദേഹത്തിനൊപ്പം പങ്കാളിയായി.
2002 ജൂൺ 19-ാം തീയതിയാണ് എൻഎഫ് വർഗീസ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. എൻഎഫ് വർഗ്ഗീസ് അന്തരിച്ചിട്ട് 20 വർഷങ്ങൾ പിന്നിടുന്ന വേളയിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ട സിനിമാ പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കലിന്റെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
‘എൻഎഫ് വർഗീസ് വിടവാങ്ങിയിട്ട് 20 വർഷം.”ആരാണ് എൻ.എഫ്. വർഗീസ്”, കോട്ടയത്ത് ശാസ്ത്രി റോഡിലെ നിഷ കോണ്ടിനെന്റൽ ഹോട്ടലിലേയ്ക്ക് കയറിച്ചെന്ന ഞാൻ ചോദിച്ചു. ഹോട്ടലിന്റെ റിസപ്ഷനിൽ വെയിറ്റ് ചെയ്തുകൊണ്ടിരുന്ന ഒരാൾ എഴുന്നേറ്റു.”ആ നിങ്ങൾക്ക് താമസിക്കാനുള്ള ഹോട്ടൽ ഇതല്ല വരൂ”, ഞാൻ നടന്നു. പിന്നാലെ പെട്ടിയെടുത്ത് അയാളും. തന്റെ സിനിമാ ജീവിതത്തെകുറിച്ച് എൻഎഫ് നാനയിൽ എഴുതിയതിൽ ഒരു ഭാഗം ആണ് ഞാൻ മുകളിൽ പകർത്തിയത്. ഒരു വാക്കുകൂടി അദ്ദേഹം ചേർത്തിരുന്നു, ”സിദ്ധാർത്ഥൻ എന്നൊരാൾ ഹോട്ടലിലേക്ക് കയറിവന്ന്…”
ആകാശദൂതിന്റെ ഷൂട്ടിങ് സമയം. കെ. മോഹനേട്ടൻ ആണ് കൺട്രോളർ, ഞാൻ എക്സിക്യൂട്ടീവും. മോഹനേട്ടൻ ഡേറ്റിന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് കൊണ്ട് എൻഎഫിനോട് ഞാൻ ഒരു തവണയേ ഫോണിൽ സംസാരിച്ചിട്ടുള്ളു. നേരിൽ കണ്ടിട്ടുമില്ല.
മോഹനേട്ടന് വേറൊരു പടത്തിന്റെ ഷൂട്ടിങ് നടക്കുന്നതുകൊണ്ട്, ആകാശദൂതിന്റെ ഷൂട്ടിങ് തുടങ്ങി ഏഴാം ദിവസം പുള്ളി പോകുകയും ചെയ്തു. പിന്നെ ആകാശദൂതിന്റെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കും തീർക്കേണ്ട ചുമതല എനിക്കായിരുന്നു. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളമാകും എന്നത് പഴമൊഴി. ഒന്ന് മാറിയാലും മറ്റൊന്നിനു വളമാകും എന്നതിന് നേർ സാക്ഷ്യമാണ് എൻ.എഫ്. വർഗീസ്.
അനുപമ സിനിമയുടെ ബാനറിൽ കറിയാച്ചൻ സാറും, കൊച്ചുമോൻ സാറും, സാജൻ സാറും ചേർന്ന് ഒരു സിനിമയെടുക്കാൻ തീരുമാനിച്ചു. സിബിമലയിൽ സർ സംവിധാനം, ഡെന്നിസ് ജോസഫ് സർ സ്‌ക്രിപ്റ്റ്. മുരളിയേട്ടൻ നായകൻ. ആലോചനകൾക്കൊടുവിൽ മാധവി നായികയായി.
സിനിമാതാരം ജോസ്പ്രകാശ് സാറിനൊരു മകനുണ്ട് രാജൻ ജോസഫ്. ഡെന്നിസ് സാറും രാജൻ ചേട്ടനും ബന്ധുക്കളും സുഹൃത്തുക്കളും ആണ്. തന്റെ ശ്രമഫലമായി ആരെങ്കിലും സിനിമയിൽ വരുന്നതിൽ സന്തോഷിക്കുന്ന ആളാണ് രാജൻചേട്ടൻ. അദ്ദേഹം നാല് സിനിമകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്.
കൂടെവിടെ, ഈറൻ സന്ധ്യ, തുടങ്ങി 4 സിനിമകൾ, ജേസി സാർ സംവിധാനം ചെയ്ത ഈറൻ സന്ധ്യയിൽ കൂടിയാണ് എൻ.എഫ്. വർഗീസിന്റെ സിനിമയിലെ അരങ്ങേറ്റം.
പല ആളുകളെയും അദ്ദേഹം സിനിമാക്കാർക്കു പരിചപ്പെടുത്താറുമുണ്ട്. ആങ്കറിങ്ങും, ചെറിയ മിമിക്രിയും ഓഡിയോ കസറ്റുകളിൽ ശബ്ദം കൊടുത്തും, ആലുവയിൽ ഒരു കമ്പനിയിൽ ജോലിയും, തന്റെ സിനിമയിലൂടെ വെള്ളിത്തിരയിലുമെത്തിയ എൻ.എഫ്. വർഗീസിനെയും ഡെന്നിസ് സാറിന് പരിചയപെടുത്തിയിട്ടുണ്ട് അദ്ദേഹം.
എൻഎഫ് ഇടക്കിടക്ക് ഡെന്നിസ് സാറിനെ വന്ന് മുഖം കാണിക്കും. ചില ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റുകൾ ചെയ്യേണ്ട ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട് വർഗീസ്.
ആകാശദൂതെന്ന ഈ ചിത്രത്തിൽ ഒരു വില്ലനുണ്ട് പാൽക്കാരൻ കേശവൻ. സാധാരണ വില്ലൻവേഷങ്ങൾ ചെയ്യുന്നവർ വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു സിബി സാറും ഡെന്നിസ് സാറും. ആ കാലത്ത് ഭരതൻ സാറിന്റെ പടത്തിൽ അഭിനയിച്ച സലിം ഘൗസ് എന്ന നടനെ കേശവൻ ആയി തീരുമാനിച്ചു. ഷൂട്ടിങ്ങിന്റെ ചാർട്ട് ആയ സമയത്ത് നമുക്ക് ആവശ്യമുള്ള ഡേറ്റ് സലിം ഘൗസിന് തരാനില്ല.
രാജൻ ചേട്ടൻ ഓർമപെടുത്തുകയും എൻഎഫ് ഇടയ്ക്ക് വന്നു കാണുകയും ചെയ്യൂന്നത്കൊണ്ട് എൻഎഫിനെ പരിഗണിച്ചാലോ എന്നൊരു ചിന്ത ഡെന്നിസ് സാറിനുണ്ടായി. ഡെന്നിസ് സർ തിരക്കഥ എഴുതിക്കൊണ്ടിരുന്ന ഹോട്ടൽമുറിയിൽ ഒരു ദിവസം സിബി സർ വന്നു. വർഗീസിന്റെ കാര്യം സിബി സാറിനോട് സൂചിപ്പിച്ചു.
സിബി സാറിനും എൻഎഫിനെ അറിയാം. ഇത്ര വലിയ ഒരു ക്യാരക്ടർ വർഗീസിന് ചെയ്യാൻ പറ്റുമോ എന്ന് ഡെന്നിസ് സാറിനും ഉറപ്പില്ലായിരുന്നു. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ യാദൃച്ഛികമായി എൻഎഫ് അങ്ങോട്ട് കയറിവന്നു. ആകാശദൂതിന് വേണ്ടി തന്നെ പരിഗണിക്കുന്നകാര്യമൊന്നും അറിയാതെയാണ് അദ്ദേഹത്തിന്റെ വരവ്.
വിവരമറിഞ്ഞ് എൻഎഫ് രാത്രിതന്നെ ഡെന്നിസ് സാറിന്റെ താമസസ്ഥലത്തെത്തി. കഥയുടെ ത്രെഡ് കേട്ടപ്പോൾ സന്തോഷത്താൽ പ്രകാശം പരത്തിനിന്ന എൻഎഫിന്റെ മുഖം വോൾടേജ് കുറയുമ്പോൾ ബൾബ് മങ്ങുന്നത്പോലെ മങ്ങി. കഥയിലെ അതിപ്രധാനമായ ഈ കഥാപാത്രം സ്വന്തമായി പാൽവണ്ടി ഓടിച്ചുനടക്കുന്ന ആളാണ്. എൻഫിന് മരുന്നിനു പോലും ഡ്രൈവിങ് അറിയില്ലെന്ന് ഡെന്നിസ് സാറിന്റെ ഭാഷ്യം. ഷൂട്ടിങിനു 10 ദിവസമേ ഉള്ളു. വണ്ടി ഓടിച്ചു നടക്കേണ്ട ഒരാൾക്ക്‌ഡ്രൈവിങ് അറിയില്ല എന്ന് നിർമാതാവോ സംവിധായാകനോ അറിഞ്ഞാൽ ചാൻസ് നഷ്ടപ്പെടാൻ ചാൻസുണ്ട്.
അവസാനനിമിഷം റിസ്‌ക് എടുക്കാൻ ആരും തയാറായിക്കൊള്ളണമെന്നില്ല. ഇവിടെയാണ് ഡെന്നിസ് ജോസഫ് എന്ന വ്യക്തിയുടെ മനുഷ്യത്വം നമ്മൾ മനസിലാക്കേണ്ടത്. പുതിയൊരാളുടെ സിനിമാജീവിതം മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. പൊട്ടിയൊഴുകാൻ തുടിക്കുന്ന മിഴികളുമായി ആ വ്യക്തി മുന്നിലും.
”ഡെന്നിസ് ഇതാരോടും പറയരുത്, ഞാൻ വരാം ഡ്രൈവിങ് പഠിച്ചു, സഹായിക്കണം”. മനസ്സിൽ സ്നേഹവും, കാരുണ്യവും, സഹാനുഭൂതിയും വേണ്ടുവോളമുള്ള ഡെന്നിസ് സർ അനുവദിച്ചു. അന്ന് രാത്രി മുതൽ 24 മണിക്കൂർ വീതം ദിവസവും പ്രാക്ടീസ് ചെയ്ത് 6 ആറാം ദിവസം ഡ്രൈവിങ് സ്‌കൂളിന്റെ കാർ ഒറ്റയ്ക്ക് ഓടിച്ച് ഡെന്നിസ് സാറിന്റെ മുന്നിലെത്തി എൻ.എഫ്. വർഗീസ്. അവിടെ കേശവൻ ജനിക്കുകയായിരുന്നു.’-
‘ആകാശദൂതിലെ കേശവൻ അഭിനയരംഗത് ആകാശത്തോളമെത്തി. ഒരു ദിവസം എന്റെ വീട്ടിലെ ലാൻഡ് ഫോൺ അടിക്കുന്നു ഞാൻ ഫോൺ എടുത്തു. “വിശ്വനാഥൻ” മറുതലക്കൽ മുഴങ്ങുന്ന ശബ്ദം കൂടെ പൊട്ടിച്ചിരിയും. പത്രം സിനിമ റിലീസ് ആയ സമയമായിരുന്നു അത്. കുറെയേറെ സിനിമകൾ NF നോടൊപ്പം വർക്ക്‌ചെയ്തു. സാധാരണ സിനിമകളുടെ വിജയാഘോഷങ്ങൾ നടക്കുമ്പോൾ, അല്ലെങ്കിൽ പടത്തിനെ പറ്റി ഇന്റെർവ്യൂ വരുമ്പോൾ പ്രൊഡക്ഷൻ വിഭാഗത്തിന്റെ പേര് പരാമർശിക്കാൻ പലരും വിട്ടുപോകും.’
‘കുന്നംകുളം ഭാവന തീയേറ്ററിൽ സല്ലാപം പടത്തിന്റെ 50 ആം ദിവസം ആഘോഷം നടക്കുമ്പോൾ ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്ന് വളരെ വിശദമായി സംസാരിച്ചു NF. സിനിമാ ടൈറ്റിലുകളിൽ അലസമായി വായിച്ചു പോകുന്ന ഈ പേരുകാർ എന്തൊക്കെയാണ് സിനിമക്കുവേണ്ടി ചെയ്യുന്നതെന്ന് കുറച്ചാളുകൾക്കെങ്കിലും അന്ന് മനസിലായി. അഭിനയത്തിന്റെ പുതിയ വാതായനങ്ങൾ നമുക്ക് മുന്നിൽ തുറന്നിട്ട NF അപ്രതീക്ഷിതമായി അപ്രത്യക്ഷനാവുകയും ചെയ്തു.’- കുറിപ്പ് അവസാനിക്കുന്നതിങ്ങനെ.