ബിഗ് ബോസ് ഷോ അവസാന ലാപ്പിലേക്ക് കടന്നതോടെ ടാസ്‌കുകൾ കടുകട്ടിയായിരിക്കുകയാണ്. ഇതൊടൊപ്പം തന്നെ താരങ്ങളുടെ മാനസികനിലയെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് സംഭവവികാസങ്ങൾ വീട്ടിൽ ഉടലെടുക്കുന്നതും. ബിഗ് ബോസ് സീസൺ 4-ൽ ഇനി എട്ട് മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. ധന്യ മേരി വർഗീസ്, റോൺസൻ, വിനയ് മാധവ്, റിയാസ് സലീം, ദിൽഷ, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, സൂരജ് എന്നിവരാണ് ഇനി ഹൗസിൽ അവശേഷിക്കുന്നത്. അതിൽ വിനയ് മാധവും റോൺസണും ധന്യയുമാണ് ഈ ആഴ്ച നോമിനേഷൻ ലിസ്റ്റിൽ ഉള്ളത്.
ഫൈനലിലെത്തുക എന്ന ഏക ലക്ഷ്യത്തോടെ കളിക്കുന്ന മത്സരാർത്ഥികൾ പലപ്പോഴും പിടിവിട്ട രീതിയിലാണ് പ്രതികരിക്കുന്നതും പെരുമാറുന്നതും. ലക്ഷ്മിപ്രിയയും റിയാസും വിനയും തമ്മിലുണ്ടായ രൂക്ഷമായ വഴക്ക് ഇത്തരത്തിൽ പ്രേക്ഷകരുടെ മാനസിക നിലയെ പോലും വെല്ലുവിളിക്കുന്നതായിരുന്നു.
ലക്ഷ്മിപ്രിയയുടെ പെരുമാറ്റം പല ഘട്ടത്തിലും അതിരുവിടുന്നുവെന്ന് ആരാധകർ പോലും വിധി എഴുതുകയാണ്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വിനയ് മാധവിന് നേരെ കാർക്കിച്ചു തുപ്പുക പോലും ചെയ്തു ലക്ഷ്മിപ്രിയ. ഈ ആഴ്ചയിൽ ഫുൾ ഫയറിൽ നിൽക്കുന്ന ലക്ഷ്മിപ്രിയ കഴിഞ്ഞ ആഴ്ചയിൽ മുഴുവൻ മൗനത്തിലായിരുന്നു.
എന്നാൽ താരം മൗനവ്രതം വെടിഞ്ഞത് പൊട്ടിത്തെറിച്ചുകൊണ്ടാണ്. ഷോയിലെ നിലനിൽപ്പ് തന്നെ പെർഫോമൻസിന്റെ അടിസ്ഥാനത്തിലായതിനാൽ തന്നെ ലക്ഷ്മിപ്രിയ പലപ്പോഴും നില വിട്ട് സംസാരിക്കുന്നതായി പ്രേക്ഷകർ കണ്ടുകഴിഞ്ഞു. പൊട്ടിത്തെറിയുടെ തൊട്ടുപിന്നാലെ വന്ന എപ്പിസോഡിൽ മലവെള്ളപ്പാച്ചിലിനെ വെല്ലുന്ന രൂപത്തിൽ ലക്ഷ്മിപ്രിയ പൊട്ടിക്കരയുന്നതാണ് കാണാനാവുന്നത്.
തനിക്ക് ഷോ വിട്ട് പുറത്തുപോകണമെന്ന് പറഞ്ഞാണ് ലക്ഷ്മിപ്രിയയുടെ കരച്ചിൽ. ലക്ഷ്മിപ്രിയ ബിഗ് ബോസിനോട് കൺഫെഷൻ റൂമിൽ ചെന്നാണ് ഇക്കാര്യം ആവശ്യപ്പെട്ട് കരയുന്നത്. എന്നിട്ടും വിഷമം സഹിക്കാനാകാതെ റോൺസന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരയുകയും ചെയ്തു. എന്നാൽ താരം റോൺസന്റെ ഇടനെഞ്ചിൽ വീണു കരയുന്നത് കണ്ട് പ്രേക്ഷകർ തെല്ലൊന്നുമല്ല അമ്പരന്നിരിക്കുന്നത്.
മുമ്പ് കീരിയും പാമ്പും പോലെ പെരുമാറിയിരുന്നവരുടെ സ്‌നേഹപ്രകടനം കണ്ടാൽ ഞെട്ടാതിരിക്കുന്നതെങ്ങനെയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. മുമ്പ് റോൺസണെ ഏറെ വെറുക്കുന്നുവെന്നും ഇവന്റെ ഏഴ് തലമുറ വരെ നശിച്ചുപോകുമെന്നും ശപിച്ച ആളാണ് ലക്ഷ്മിപ്രിയ. ആ ലക്ഷ്മിപ്രിയ ഇത്തരത്തിൽ പെരുമാറുന്നത് വിശ്വസിക്കാൻ ആർക്കും തന്നെ പ്രയാസം തന്നെയാണ്. റോൺസണോട് പരസ്യമായി ഒരുപാട് തവണ വെറുപ്പ് കാണിച്ച ലക്ഷ്മിപ്രിയ ഇപ്പോൾ പൊട്ടിക്കരയുന്നത് വെറും നാടകമല്ലേയെന്നും ചിലർ സംശയിക്കുന്നുണ്ട്.
ലക്ഷ്മിപ്രിയയുടെ ഇരട്ടത്താപ്പാണ് ഇതെന്നും ഗെയിം കൊഴുപ്പിക്കുകയാണ് ലക്ഷ്മിപ്രിയയുടെ ലക്ഷ്യമെന്നും പലരും കണ്ടെത്തി കഴിഞ്ഞു. ലക്ഷ്മിപ്രിയ കരഞ്ഞതോടെ ഇവരുടെ ഓന്തിന്റെ സ്വഭാവം വെളിപ്പെട്ടെന്ന് പലരും കമന്റ് ചെയ്യുന്നുമുണ്ട്.
‘ലക്ഷ്മിപ്രിയ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ആളാണ് റോൺസൺ. റോൺസന്റെ തലമുറ വരെ നശിച്ചു പോകണം എന്നും അയാളുടെ കൈയിൽ മുറിവ് വന്നപ്പോളും സന്തോഷിച്ച ആളാണ് ഈ ‘കുലസ്ത്രീ ‘ ഇവരുടെ ഭർത്താവ് വരെ പരിഹസിച്ചു പോസ്റ്റ് ഇട്ടിട്ടുണ്ട് റോൺസണെ. ഒരു നിലപാടും ഇല്ലാത്ത സ്ത്രീ ആണ് ലക്ഷ്മിപ്രിയ. സൂര്യ ടിവിയിൽ ഒരു പ്രോഗ്രാമിൽ ഇവരെ കളിയാക്കുന്നത് കണ്ടപ്പോൾ അന്ന് സപ്പോർട്ട് ചെയ്തു പറഞ്ഞിട്ടുണ്ട്. മുൻപ് ഒരു വീഡിയോ വന്നപ്പോഴും സപ്പോർട്ട് കൊടുത്തു. പക്ഷെ ഇവരുടെ മനസിൽ ഇത്രയും വിഷം ആണെന്ന് ഇപ്പോഴാണ് മനസിലായത്. കൂടെ നിൽക്കുന്ന എല്ലാവരെക്കാളും വലിയവൾ ആണെന്നുള്ള ഒരു അഹങ്കാരം ഇവർക്കു ഉണ്ട്. അവരെക്കാൾ വലുത് ആരും ഇല്ല എന്ന് ഉള്ള ഭാവം.’- ഒരു ബിഗ്‌ബോസ് ആരാധകൻ അഭിപ്രായപ്പെടുന്നു.
‘ഇതല്ലേ ശരിക്ക് ഇരട്ടത്താപ്പ്! ആദ്യം മുതൽ തന്നെ റോൺസൺ ശരിയല്ല, നിലപാടില്ല എന്നൊക്ക പറഞ്ഞ് നടക്കുന്ന ലക്ഷ്മിപ്രിയ ഇങ്ങനെ കെട്ടിപിടിച്ച് കരയാൻ പാടുണ്ടോ?’ ‘റോൻസനെ ഏറ്റവും കൂടുതൽ കുത്തിനോവിച്ചത് ഈ സ്ത്രീയാണ്, എന്നിട്ടും അവർക്ക് ഒരു പ്രശ്നം വന്നപ്പോ സമാധാനിപ്പിക്കാൻ ആ മനുഷ്യൻ തന്നെ വേണ്ടി വന്നു.’-കമന്റുകൾ ഇങ്ങനെ.
റോൺസൻ ഫാൻസിന് ലക്ഷ്മിപ്രിയയുടെ അടുപ്പം കാണിക്കൽ അത്രരസിച്ച മട്ടില്ല. ‘റോൺസൺ നല്ല മനസ്സിനുടമയാണ്. അവൻ ശരീരം മുഴുവൻ പഴുത്തു ചാകണമെന്നു ലക്ഷ്മിപ്രിയ നേരത്തെ പ്രാകിയതാണ്. ഇപ്പോൾ അവൾക്കു കരയാൻ റോൺസന്റെ നെഞ്ച് വേണം. അതാണ് ദൈവത്തിന്റെ തമാശ. എന്നാലും അവർ പഠിക്കില്ല.’- റോൺസൻ ഫാനിന്റെ ഒരു കമന്റ് ഇങ്ങനെ.