മലയാള സിനിമകളിലെ വ്യത്യസ്തമായ അമ്മ വേഷങ്ങളിലും അമ്മായിയമ്മ, യോധിക വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്ന നടിയാണ് കുളപ്പുള്ളി ലീല. ക്ഷിപ്ര കോപിയായ വായിൽ തെറി മാത്രം നിറയുന്ന അമ്മ വേഷങ്ങളിൽ കുളപ്പുള്ളി ലീല മലയാളികൾക്ക് സുപരിചിതയാണ്. പുലിവാൽ കല്യാണത്തിലേയും കസ്തൂരിമാനിലേയും ദേഷ്യക്കാരിയായ സ്ത്രീയുടെ വേഷത്തിലെത്ത് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ താരം.
മലയാളത്തിന് പുറമെ തമിഴിലെ സൂപ്പർതാര ചിത്രങ്ങളിലും മികവ് കാണിച്ച കുളപ്പുള്ളി ലീല തന്റെ അഭിനയ ജീവിതത്തിലെ ഉയരങ്ങളിലാണെങ്കിലും തേടി വരുന്ന സങ്കടങ്ങളെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ്.
നാടക ലോകത്തുനിന്നും സിനിമയിലേക്കെത്തിയ കുളപ്പുള്ളി ലീല നൂറിലേറെ സിനിമകളുടെ ഭാഗമായി. ഇപ്പോൾ തമിഴിൽ സജീവമാണ് താരം. അടുത്തിടെ വിജയ് ചിത്രം മാസ്റ്ററിലും രജിനികാന്ത് ചിത്രം അണ്ണാത്തെയിലും ലീല അഭിനയിച്ചിരുന്നു.
കുറച്ചുദിവസങ്ങളായി കുളപ്പുള്ളി ലീല മരിച്ചുവെന്ന തരത്തിൽ വ്യാജവാർത്ത സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. താരത്തിന്റെ ചിത്രം സഹിതം ഫേസ്ബുക്കിന് പുറമെ യൂട്യൂബിലെ വാർത്താചാനലുകളിലും ‘ചരമ വാർത്ത’ നിറഞ്ഞിരുന്നു.
വ്യാജമായ ഈ വാർത്ത വിശ്വസിച്ച് നിരവധി പേർ ആദരാഞ്ജലികൾ നേരുകയും ഫോണിൽ വിളിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുളപ്പുള്ളി ലീല ഇപ്പോൾ. സോഷ്യൽമീഡിയയിൽ ആരോ പടച്ചുവിട്ട വാർത്തയാണെന്നും താൻ ജീവനയോടെയുണ്ടെന്നും മാധ്യമങ്ങളോട് കുളപ്പുള്ളി ലീല തന്നെ നേരിട്ട് പ്രതികരിച്ചു.
‘എനിക്ക് 94 വയസ്സുള്ളൊരു അമ്മയുണ്ട്. അമ്മയെങ്ങാനും ഇതറിഞ്ഞാൽ എന്താകും അവസ്ഥ. പലരും എന്നോട് കേസ് കൊടുക്കണമെന്ന് പറഞ്ഞു. എന്നാൽ ഞാനതു ചെയ്യുന്നില്ല. എനിക്ക് അറിയാവുന്നൊരാൾ പോലും ഈ വാർത്ത പോസ്റ്റ് ചെയ്തത് ഞാൻ കണ്ടു’, അയാൾക്ക് എന്നെ നേരിട്ട് വിളിച്ചെങ്കിലും ചോദിക്കാമായിരുന്നില്ലേയെന്നും കുളപ്പുള്ളി ലീല ചോദിക്കുന്നു.
തൃശൂരിൽ തിലകൻ സൗഹൃദ സമിതിയുടെ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനിടെ താരം തന്നെയാണ് ഇക്കാര്യം വിശദീകരിച്ചത്. ചിലർ ഈ വാർത്തയുടെ വിശാദാംശങ്ങൾ ചോദിച്ച് തന്നെ വിളിച്ചെന്നും മാധ്യമങ്ങളോട് ലീല പറഞ്ഞു. താനിപ്പോൾ എറണാകുളത്തെ വീട്ടിൽ ഉണ്ടെന്നും ഒരു കുഴപ്പവുമില്ലെന്നും ലീല മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ‘തീരാദുഖം മലയാളിയെ കണ്ണീരിലാഴ്ത്തി പ്രിയ നടി കുളപ്പുള്ളി ലീല..’ എന്ന തലക്കെട്ടോടെയാണ് ഒരു വീഡിയോ കഴിഞ്ഞ ദിവസം യൂട്യൂബിലെത്തിയത്. ഇതോടെയാണ് ലീലയെ തേടി നിരവധി ഫോൺവിളികൾ എത്തിയത്. വാർത്ത വന്ന ദിവസം മുതൽ നൂറ് കണക്കിന് ഫോൺ വിളികളാണ് തനിക്ക് വന്നതെന്ന് ലീല പറയുന്നു.
ഈ വാർത്തപ്രചരിപ്പിച്ചവർക്ക് എതിരെ രൂക്ഷമായാണ് കുളപ്പുള്ളി ലീല പ്രതികരിച്ചത്. മോഷ്ടിക്കാനോ കക്കാനോ പോയാലും കുഴപ്പമില്ല വീഡിയോ കാണാനും വാർത്ത വായിപ്പിക്കാനും പണമുണ്ടാക്കാനും ആരെയെങ്കിലും കൊല്ലുന്നതും മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നതും കഷ്ടമാണെന്ന് ലീല പറഞ്ഞു.