ടെലിവിഷൻ സ്‌ക്രീനിലെ താരങ്ങൾ വീട്ടിലെ അംഗങ്ങളെ പോലെ ഓരോ കുടുംബത്തിനും പ്രിയപ്പെട്ടവരാണ്. അപ്പോൽ പിന്നെ താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സ്വന്തം വീട്ടിലെ വിശേഷങ്ങൾ പോലെ കൊണ്ടാടുകയും ചെയ്യും ആരാധകർ. കുടുംബവിളക്ക് എന്ന ഒരുപാട് പ്രേക്ഷകരുള്ള സീരിയലിലൂടെ ജനഹൃദയത്തിലെത്തിയ താരമാണ് നൂബിൻ ജോണി. ഈ പേരിനേക്കാളും കുടുംബവിളക്കിലെ പ്രതീഷ് എന്ന വിശേഷണമാണ് പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുക.
യുവാക്കൾക്കിടയിൽ തന്നെ ഏറെ ആരാധകരുള്ള നൂബിൻ സോഷ്യൽമീഡിയയിലും ആക്ടീവാണ്. താരത്തിന് ഒരുപാട് ഫോളോവേഴ്‌സും ആരാധകരുമുണ്ട്. സീരിയൽ വിശേഷങ്ങളും വ്യക്തിജീവിതത്തിലെ സംഭവങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ നൂബിൻ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. താൻ അഞ്ച് വർഷമായി പ്രണയത്തിലാണെന്ന് നൂബിൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജീവിതപങ്കാളിയ്ക്കൊപ്പമുള്ള ചിത്രമാണ് നൂബിൻ പുറത്തുവിട്ടിരിക്കുന്നത്.
ഒരു ബീച്ച് വീഡിയോ ആണ് നൂബിൻ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ പ്രണയിനിയെയും കാണാം. എന്നാൽ ഈ പെൺകുട്ടിയുടെ മുഖം വ്യക്തമല്ല. ‘എന്റെ! ജീവിതാവസാനം വരെ നിന്നെ ഞാൻ പ്രണയിക്കും’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, വീഡിയോ പുറത്തെത്തിയതോടെ താരം പ്രണയത്തിൽ മാത്രമല്ല, വിവാഹവും കഴിച്ചിട്ടുണ്ടെന്നാണ് ഒരു പറ്റം ആരാധകരുടെ കണ്ടെത്തൽ. വീഡിയോയ്ക്കൊപ്പമുള്ള ഹാഷ് ടാഗുകളാണ് ആരാധകരെ ഇത്തരത്തിൽ ചിന്തിപ്പിച്ചിരിക്കുന്നത്. ‘ പ്രണയിനി, ജീവിതം, എന്റെ ഭാര്യ, ഡോക്ടർ’ എന്നീ ടാഗുകളാണ് വീഡിയോയ്ക്കൊപ്പം നടൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വാക്കുകൾ കണ്ട് താരം വിവാഹിതനായല്ലേ എന്ന് പറയുകയാണ് പലരും.
എന്നാൽ വിവാഹിതനായിട്ടില്ലെന്നും താരം ഉടനെ വിവാഹം കഴിച്ചേക്കുമെന്നാണ് ഈ ക്യാപ്ഷൻ നൽകുന്ന സൂചനയെന്നുമാണ് ചിലരുടെ വാദം. അതേസമയം, ഇക്കാര്യത്തിൽ നൂബിന്റെ വിശദീകരണമൊന്നും വന്നിട്ടില്ല. നേരത്തെ സ്വാസിക അവതരിപ്പിക്കുന്ന റെഡ്കാർപ്പെറ്റ് ഷോയിലൂടെയാണ് നൂബിൻ തന്റെ പ്രണയിനിയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നത്.
വധു ഡോക്ടറാണെന്നും മൂന്നുനാല് മാസങ്ങൾക്ക് ശേഷം തന്റെ വിവാഹം ഉണ്ടായേക്കുമെന്നായിരുന്നു അന്ന് നൂബിൻ പറഞ്ഞത് ‘കോട്ടയംകാരിയാണ് എന്റെ പ്രണയിനി. എന്റെ ആന്റിയുടെ വീടിന് അടുത്താണ് അവർ. വെക്കേഷന് പോയപ്പോഴായിരുന്നു അവളെ കണ്ടത്. ഇപ്പോഴത്തെ തന്റെ ഏറ്റവും വലിയ സപ്പോർട്ട് പുള്ളിക്കാരിയാണ്. ഞാൻ സിനിമയിൽ അഭിനയിക്കണമെന്നുള്ളത് അവളുടേയും ആഗ്രഹമാണ്. അഭിനയം കണ്ട് അവൾ കൃത്യമായ നിർദ്ദേശം തരാറുണ്ട്.’ നൂബിൻ പറഞ്ഞതിങ്ങനെ.
കോട്ടയം ജില്ലയ്ക്ക് സമീപമുള്ള ഇടുക്കിയിലെ രാജാക്കാട് സ്വദേശിയാണ് നൂബിൻ. അച്ഛനും അമ്മയും സഹോദരനുമാണ് നൂബിന്റെ വീട്ടിലുള്ളത്. തന്റെ ആഗ്രഹങ്ങൾക്ക് പൂർണ പിന്തുണയുമായി കുടുംബം കൂടെയുണ്ടെന്ന് നടൻ പറഞ്ഞിരുന്നു. മോഡലിങ് വഴിയാണ് അഭിനയത്തിലേയ്ക്ക് വന്നത്. അതേസമയം സിനിമയാണ് തന്റെ വലിയ സ്വപ്നമെന്നും നൂബിൻ പറയുന്നു.
സീ കേരളം സംപ്രേക്ഷണം ചെയ്ത സ്വാതി നക്ഷത്രം ചോതി അവസാനിച്ച ശേഷമാണ് നൂബിൻ ജോൺ കുടുംബവിളക്കിലേക്ക് എത്തുന്നത്. ഈ പരമ്പരയിലൂടെയാണ് ഇദ്ദേഹം താരമായി വളർന്നതെന്ന് പറയാം.
സീരിയലും സിനിമയും ഒരുപോലെ ഇഷ്ടമാണ്. കുടുംബവിളക്കും പ്രതീഷും തന്റെ ജീവിതത്തിലും കരിയറിലും നല്ല മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും നടൻ പറഞ്ഞിരുന്നു. അതേസമയം, സിനിമയിൽ ചെറിയ ചില അവസരങ്ങൾ എല്ലാം വന്നിരുന്നു. എന്നാൽ മികച്ച ഒരു സംവിധായകനൊപ്പം നല്ല ഒരു വേഷത്തിലൂടെ സിനിമയിൽ എത്തണം എന്നതിനാൽ അതെല്ലാം മാറ്റിവച്ചൈന്നും നൂബിൻ വ്യക്തമാക്കായിരുന്നു.