മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ സെലിബ്രിറ്റികളേയും അടുത്ത ബന്ധുക്കളേയും സാക്ഷി നിർത്തി താരറാണി നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും അത്യാഡംബരവിവാഹവാർത്തയും ചിത്രങ്ങളുമാണ് സോഷ്യൽമീഡിയയെ ഭരിക്കുന്നത്.
വിവാഹത്തിൽ പങ്കെടുത്ത അതിഥികളും വിവാഹത്തിലെ ഒരുക്കങ്ങളും സംബന്ധിച്ച ഓരോ വാർത്തകളും ആരാധകരെ ആനന്ദിപ്പിക്കുകയാണ്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിർവാദത്തോടെ കഴിഞ്ഞദിവസമാണ് വിക്കിയും നയൻസും ഒന്നായത്. ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.
എഴുവർഷത്തെ താരപ്രണയം ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ചാണ് പൂവണിയുന്നതിന് ആരേയും മയക്കുന്ന അഴകിൽ നയൻസിനെ അണിയിച്ചൊരുക്കിയത് പ്രമുഖ സ്റ്റൈലിസ്റ്റായ സെലീന നതാനിയാണ്. മുംബൈയിൽ നിന്നുള്ള ജോനികയാണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തത്. ജയ്ഡ് ബൈ മോണിക്ക ആൻഡ് കരിഷ്മ ഒരുക്കിയ വിവാഹവസ്ത്രങ്ങൾ ഏതൊരുതാരവിവാഹത്തേയും വെല്ലുന്ന തരത്തിലുള്ളതാണ്.
ബോലിവുഡിനെ വെല്ലുന്ന വിവാഹമാമാങ്കമാണ് നയൻസും വിക്കിയും അതിഥികൾക്കായി ഒരുക്കിയിരുന്നത്. താരവിവാഹത്തിന് ആശംസകൾ നേർന്ന് ഇനിയും ആരാധകർക്ക് മതിയാവുന്നില്ല. വിവാഹശേഷം മാധ്യമങ്ങളെ കണ്ട നയൻസും ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും പ്രത്യേകം നന്ദിയും അറിയിച്ചിരുന്നു.
അതേസമയം, നല്ല കമന്റുകൾക്ക് ഒപ്പം തന്നെ നയൻതാരയുടെ സിനിമാജീവിതവും സ്വകാര്യ ജീവിതവും കീറിമുറിക്കുന്നവരും കുറവല്ല. പലരുംനയൻസിന്റെ മുൻകാല പ്രണയങ്ങളും അക്കാലത്തെ വിവാദങ്ങളും എല്ലാം സംബന്ധിച്ച് അശ്ലീ ല ചു വയോടെ വിവാഹ ഫോട്ടോയ്ക്ക് താഴെ എഴുതി നിറയിക്കുന്നുമുണ്ട്.
ഇത്തരത്തിൽ നയൻതാരയുടെ സ്വകാര്യ ജീവിതത്തെ കീറിമുറിച്ച് വിശകലനം നടത്തി സദാചാരം വിളമ്പുന്ന കമന്റ് ചെയ്യുന്നവരെവിമർശിച്ച് ഒരു സിനിമാപ്രേമി പങ്കുവെച്ച കുറിപ്പാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. നയൻതാരയുടെ പഴയ ജീവിതം കുത്തിപ്പൊക്കി അസഭ്യം പറയുന്ന മലയാളികളോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നാണ് കുറിപ്പിൽ പറയുന്നു. വിദ്വേഷം വാരി എറിയുമ്പോൾ കിട്ടുന്ന സമാധാനം പലരുടേയും മനസിന്റെ വൈകൃതമാണ് വെളിപ്പെടുത്തുന്നതെന്നും കുറിപ്പിൽ പറയുന്നുണ്ട്. ‘
നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാഹം. എത്രയോ കാലത്തെ ഒരുക്കങ്ങൾക്ക് ശേഷം ഏറ്റവുമധികം സന്തോഷത്തോടെയുള്ള ഒരു ദിവസമായിരുന്നിരിക്കും ഇത്. മഹാബലിപുരത്തെ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിലും തുടർന്നുള്ള പരിപാടികളിലും വളരെ കുറച്ച് അതിഥികൾക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്.’
‘ആഗ്രഹിച്ച പോലെ ഒരുമിച്ച് നല്ലൊരു ജീവിതം നയൻതാരക്കും വിഘ്നേഷിനും ലഭിക്കട്ടെ. ജീവിതത്തിൽ ഇനിയുമിനിയും വിജയങ്ങൾ ഉണ്ടാവട്ടെ.’ ‘സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേത്രിയാണ് നയൻതാര. അവർ കയറി വന്ന വഴികൾ ഏതൊരു നയൻതാര ആരാധകരേയും അതിശയിപ്പിക്കുന്നതാണ്.’ ‘വളരെ സാധാരണ രീതിയിൽ മലയാള സിനിമയിൽ നിന്നും തമിഴിലെത്തി അവിടുത്തെ പ്രമുഖ നടന്മാരുടെ നായികയായി അഭിനയിച്ച് ഒരു കാലത്ത് സിനിമ ഫീൽഡിൽ നിന്ന് പോലും കാര്യമായ കഥാപാത്രങ്ങളെ കിട്ടാതെ ഒഴിവാക്കപ്പെട്ട നടി.’
‘വ്യക്തി ജീവിതത്തെ വലിച്ച് കീറി ഒരു മനുഷ്യനേയും കൊണ്ടെത്തിക്കാൻ പാടില്ലാത്ത അവസ്ഥയിൽ തഴയപ്പെട്ട അവസരങ്ങൾ നിഷേധിക്കപ്പെട്ട വേണ്ട രീതിയിൽ പരിഗണിക്കപ്പെടാതെ അവഗണനകൾ മാത്രം നിറഞ്ഞ ഒരു കാലം.’ ‘അപമാനങ്ങൾ, പരിഹാസങ്ങൾ, ആരും കാണാതെ, അറിയാതെ കുറച്ച് കാലങ്ങൾ. തിരശീലയിൽ എവിടെയോ മറഞ്ഞ നയൻതാര എന്ന നായിക ഏറെ നാളത്തെ മറനീക്കി 2013ൽ അറ്റ്ലിയുടെ രാജാറാണി എന്ന സിനിമയിൽ ആര്യയുടെ നായികയായി തമിഴ് സിനിമാ ലോകത്തേക്ക് ഒരു തിരിച്ച് വരവ് നടത്തി.’
‘അതുവരെയുള്ള അവരുടെ ജീവിതത്തെക്കുറിച്ച് ആർക്കുമറിയില്ല. കടന്ന് പോയ സാഹചര്യങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ ഒന്നും. അതിശയപ്പെടുത്തുന്ന വിജയമായിരുന്നു രാജാറാണിയുടേത്. നയൻതാര എന്ന പേര് ശക്തമായി തമിഴ്നാട്ടിലേക്കും അവിടുന്ന് മലയാളത്തിലേക്കും തിരിച്ച് വന്നു.’
‘തന്റെ കരിയറിന്റെ പുതിയ തുടക്കത്തിന് കാരണക്കാരനായ വിഘ്നേഷിനെ നയൻതാര ജീവിതത്തിലേക്ക് കൂട്ടുകാരനായി കൂട്ടി. തുടരെ തുടരെ വിജയങ്ങൾ. നായകന്മാർക്കൊപ്പം നായികാ പ്രാധാന്യമുള്ള സിനിമകളിൽ സജീവമായി.’ ‘പൊതുവെ നായക നടന്മാരെ മാത്രം മാസ്, പവർഫുൾ സിനിമകളിൽ കണ്ടിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് നയൻതാര നായകന്മാരില്ലാതെ ഒറ്റയ്ക്ക് വന്ന് അതിശയങ്ങൾ കാഴ്ച്ചവെച്ച നായികയായി.’
‘സൗത്ത് ഇന്ത്യൻ സിനിമകളിൽ ഇല്ലാതിരുന്ന ഒരു ശീലം കൊണ്ട് വന്നു. സൂപ്പർ സ്റ്റാർ പദവിയിലേക്ക് ആദ്യമായി എത്തുന്ന നായികയെന്ന് തന്നെ പറയാം.’ ‘കാലം കരുതി വെച്ച അനുഭവങ്ങൾ ഏറ്റുവാങ്ങി പരാജയങ്ങളെ ചവിട്ട് പടിയാക്കി ഇന്നവർ സൗത്ത് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലെത്തിച്ചേർന്നു. ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി.’
‘നായകന്മാർക്കൊപ്പം അതിനും മുകളിൽ ഫാൻ ബേസ് ഉള്ള നായിക. ഇന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു നയൻതാര. ബോളിവുഡിൽ ഷാരുഖ് ഖാന്റെ ഒപ്പം പുതിയ സിനിമയിൽ എത്തി നിൽക്കുന്ന നയൻതാര നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്.’ ‘എന്നാൽ അവരുടെ വിവാഹ ദിവസം നയൻതാരയുടെ പഴയ ജീവിതത്തിന്റെ അവർക്ക് പോലും ആവശ്യമില്ലാത്ത ഏടുകൾ കുത്തിപ്പൊക്കിയെടുത്തും വിവാഹ വാർത്തകളുടെ താഴെ അസഭ്യ കമെന്റുകൾ നിറച്ചും അടുത്ത കല്യാണത്തിന്റെ തിയതി ചോദിക്കുന്ന മലയാളികളുടെ കമന്റുകൾ ധാരാളമുണ്ട്.’
‘അങ്ങനെയുള്ള കമന്റുകൾ ഇടുന്ന ആളുകളോട്… പ്രത്യേകിച്ച് മലയാളികളോട് സഹതാപം മാത്രമാണ് തോന്നുന്നത്. നമുക്കൊപ്പമുള്ളവരെ കുറിച്ചോർത്ത് അഭിമാനിക്കാനുള്ള മനസിന്റെ വിശാലതയൊക്കെ എന്നാണോ ഉണ്ടാവുന്നത്.’ ‘ഇത്രയും വിദ്വേഷം വാരി എറിയുമ്പോൾ കിട്ടുന്ന സമാധാനം നിങ്ങളുടെ മനസിന്റെ വൈകൃതമാണെന്ന് എന്ന് തിരിച്ചറിയും…’ ഇങ്ങനെയായിരുന്നു കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ.