‘തേരാപാരാ’ സീരീസിലൂടെ യുവാക്കൾക്കിടയിലേക്ക് ആഴത്തിൽ വേരൂന്നിയ പേരാണ് കരിക്ക് ടീമിന്റേത്. ചെറിയ തമാശ വെബ്‌സീരീസുകളിൽ നിന്നും കാമ്പുള്ള സിനിമാസ്റ്റൈൽ സീരീസുകളിലേക്ക് ഇതിനിടെ കരിക്ക് കൂടുമാറ്റം നടത്തുകയും ചെയ്തു. എങ്കിലും തമാശയെ പാടെ കൈവിട്ടിട്ടില്ല. റിങ റിങ റോസ് പോലുള്ള ഷോർട്ട് സീരീസുകളിലൂടെ പരീക്ഷണവും നടത്തുന്നുണ്ട് കരിക്ക് ടീം.
ഇപ്പോഴിതാ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് കരിക്ക് ടീമിന്റൈ ഏറ്റവും പുതിയ വെബ്സീരീസായ ‘സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച’ മൂന്നാം എപ്പിസോജിൽ എത്തിയിരിക്കുകയാണ്. വളരെ പതിഞ്ഞതാളത്തിൽ സീരിയസായി കഥ പറയുന്ന ഈ സീരീസ് യുവാക്കളെ മാത്രമല്ല സിനിമാപ്രേക്ഷകരെ തന്നെ ആകർഷിച്ചിരിക്കുകയാണ്.
തമാശ ബാക്ക്ഗ്രൗണ്ടിൽ നിന്നും മാറി ഗൗരവമായ യുവാക്കളുടെ തൊഴിലില്ലായ്മയും സിനിമാമോഹിയായ സാധാരണക്കാരനായ യുവാവിന്റെ പ്രതിസന്ധികളും വരച്ചുകാട്ടുന്നതിൽ വിജയിച്ചിരിക്കുകയാണ് ഈ സീരീസ്.
ഒരു സിനിമ തന്നെയാണ് കാണുന്നതെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ട്രീറ്റ്‌മെന്റാണ് ടീം കരിക്ക് ഈ സീരീസിൽ സ്വീകരിച്ചിരിക്കുന്നത്. മുഖ്യ കഥാപാത്രമായ സെബാസ്റ്റ്യനെ അവതരിപ്പിക്കുന്ന അനു കെ അനിയൻ എന്ന നടന്റെ ്തിവിശ്വസനീയമായ അഭിനയം ആരേയും അമ്പരപ്പിക്കുന്നതാണ്.
ഛായാഗ്രഹണം നിർവഹിച്ച് സിദ്ധാർത്ഥ് കെ.ടി. ആണ് വെബ് സീരീസ് സംവിധാനവും ചെയ്തിരിക്കുന്നത്. കൈയ്യടക്കത്തോടെയുള്ള ക്യാമറാ ചലനങ്ങളും മട്ടാഞ്ചേരിയുടെ സാധാരണക്കാരന്റെ ജീവിതലോകം കാണിക്കുന്നതിലുമുള്ള മികവും ശ്രദ്ധേയമാകുകയാണ്.
കരിക്ക് സീരീസുകളിലെ സ്ഥിരം മുഖങ്ങളായ കിരൺ വിയ്യത്ത്, അർജുൻ രത്തൻ എന്നിവരും വെബ് സീരിസിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സോഷ്യൽമീഡിയയിലൂടെ താരമായ ഷിനു ചാക്കോയും ഇതിൽ പ്രാധാന്യമുള്ള റോളിലുണ്ട്.
മട്ടാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി സിനിമ ഒരുക്കുന്ന പശ്ചാത്തലത്തിലാണ് ഈ വെബ് സീരീസ് പുരോഗമിക്കുന്നത്.