മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. അഭിനേത്രി എന്നതിന് പുറമേ ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ് താരം. രണ്ട് മില്യണിലധികം ഫോളോവേഴ്സാണ് അഹാനക്കുള്ളത്. ഇത്രയും ഫോളോവേഴ്സുള്ളത് കൊണ്ടു തന്നെ അത്തരത്തിലുള്ള ഉത്തരവാദിത്തവും പോസ്റ്റ് ചെയ്യുന്ന കണ്ടന്റിൽ കാണിക്കാറുണ്ടെന്ന് പറയുകയാണ് അഹാന.
ആദ്യമൊന്നും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെന്നും എന്നാൽ പല സ്ഥലങ്ങളിൽ വെച്ചും ആളുകൾ തന്റെ വീഡിയോയെ പറ്റി പറയാൻ തുടങ്ങിയതോടെ ആ ഉത്തരവാദിത്തം തന്നെ വന്നുവെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഹാന പറയുന്നുണ്ട്.
ALSO READ
‘ആദ്യമൊക്കെ അതൊരു ഉത്തരവാദിത്വമാണെന്ന് മനസിലാവാറുണ്ടായിരുന്നില്ല. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 5000 ഫോളോവേഴ്സ് ഉണ്ടായിരുന്നപ്പോൾ എങ്ങനെയാണോ ബിഹേവ് ചെയ്തത് അതുപോലെ തന്നെയാണ് ഇപ്പോഴും പെരുമാറുന്നത്. നമ്പർ കൂടുന്നത് ശ്രദ്ധിക്കാറില്ല.
എന്നാൽ കുറച്ച് കഴിയുമ്പോൾ നമുക്ക് ആ ഉത്തരവാദിത്തം മനസിലാവും. കാരണം ചില സ്ഥലങ്ങളിൽ പോകുമ്പോൾ ചേച്ചി അന്ന് പറഞ്ഞ ആ ഡ്രസില്ലേ അതാ ഞാൻ വാങ്ങിച്ചത്, അന്ന് പറഞ്ഞ ക്രീം വാങ്ങി എന്നൊക്കെ ചിലർ പറയും. അങ്ങനൊക്കെ പറയുമ്പോൾ മനസിലാവും.
കുറച്ച് നാളുകൾക്ക് മുമ്പ് എന്റെ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ എന്റെ പ്രായമുളള ഒരു പയ്യൻ എന്നോട് പറയുകയാണ് ഈയടുത്ത് ഫാഷൻഫ്രൂട്ട് കഴിക്കുന്ന ഒരു വീഡിയോ ഇട്ടില്ലായിരുന്നോ, എന്റെ ഗ്രാന്റ് മദർ അത് വീട്ടിൽ ടി.വിയിൽ ഇട്ട് കണ്ടോണ്ടിരിക്കുകയായിരുന്നു എന്ന്. എനിക്ക് അത്ഭുതമായി. അത്രത്തോളം ആൾക്കാരിലേക്ക് ഇത് എത്തുന്നുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസിലാവുന്നത്. ചില സാഹചര്യങ്ങളിലൂടെ പോകുമ്പോൾ ഒരു വലിയ വിഭാഗം ആളുകൾ നമ്മെ കേൾക്കുന്നുണ്ടെന്ന് മനസിലാവും,’ അഹാന പറഞ്ഞു.
‘പിന്നെ കണ്ടന്റ് ഇടുമ്പോൾ കുറച്ച് ഉത്തരവാദിത്തമുണ്ടാവും. ഞാൻ ഇടുന്ന വീഡിയോയുടെയെല്ലാം പരിപൂർണ ഉത്തരവാദിത്തം എനിക്കാണ്. വെറുതെ ഒരു കണ്ടന്റ് ഞാൻ ഇടില്ല. താൽപര്യമില്ലാത്ത ഒരു കണ്ടന്റ് ഞാൻ ഇടില്ല, എത്ര രൂപ തരാമെന്ന് പറഞ്ഞാലും. എത്ര രൂപ തന്നാലും എന്റെ ക്രഡിബിളിറ്റിക്ക് പകരമാവില്ല. 50 കോടി തരാമെന്ന് പറഞ്ഞാലും അതിന് പകരം എന്റെ വിശ്വാസ്യത വിൽക്കില്ല.
എന്ത് സാധനമാണെങ്കിലും എനിക്ക് അംഗീകരിക്കാൻ പറ്റുന്നതാണോ എന്ന് നോക്കും. അല്ലെങ്കിൽ വേണ്ട എന്ന് പറയും. അവർക്ക് മാറ്റാൻ പറ്റുന്നതാണെങ്കിൽ അത് പറയും,’ എന്നും അഹാന പറയുന്നുണ്ട്.