കൊച്ചി മെട്രോ അധികൃതരെ വെട്ടിലാക്കി ‘കുമ്മനാന’. മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേരു ചോദിച്ച് ഫെയ്‌സ്ബുക്കില്‍ മത്സരം സംഘടിപ്പിച്ചതാണ് ഇത്രയും വലിയ പ്രശ്‌നമായത്. ലിജോ ജോസ് എന്നയാള്‍ നിര്‍ദ്ദേശിച്ച ‘കുമ്മനാന’ എന്ന പേരിനാണ് കമന്റ് ബോക്‌സില്‍ ഏറ്റവുമധികം ആരാധകരുള്ളത്. ആയിരക്കണക്കിന് ലൈക്കാണ് ഈ പേര് വാങ്ങിക്കൂട്ടിയത്.
ഇതാണ് മെട്രോയെ പുലിവാല് പിടിപ്പിച്ചത്. ഒടുവില്‍ വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്ന പേര് പാടില്ലെന്ന് മെട്രോ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ രസം അതല്ല. ഇപ്പോള്‍ ഇതിന് പിന്നാലെ കുമ്മനാനയുടെ പേരില്‍ ഒരു ഗെയിം കൂടി വന്നിരിക്കുകയാണ്.
കുമ്മനാനയെ പറപ്പിക്കൂ അര്‍മ്മാദിക്കൂ എന്നാണ് ഗെയിമിന്റെ പേര്. സൈറ്റിന്റെ പേരും ഇത് തന്നെയാണ്. ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നതോടെ തള്ളാന്‍ തയ്യാറാണോ എന്ന ഓപ്ഷന്‍ വരും. ആനയെ തള്ളുന്നതോടെ ആന മുകളിലേക്ക് പൊങ്ങുന്നതും താഴെ വീഴുന്നതുമാണ് ഗെയിം. ഇതോടെ ഒരു പോയിന്റ് ലഭിക്കും. എന്നാല്‍ പ്ലേ സ്റ്റോറില്‍ ഈ ഗെയിമില്ല.
വ്യാഴാഴ്ചയാണ് ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേരു ചോദിച്ച് കൊച്ചി മെട്രോ ഫെയ്‌സ്ബുക്ക് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. അപ്പു, തൊപ്പി, കുട്ടന്‍ ഇതൊന്നും വേണ്ട. ഏറ്റവും ക്രിയാത്മകമായി ചിന്തിച്ച് പേര് നിര്‍ദേശിക്കാനായിരുന്നു ആവശ്യം. ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന മൂന്ന് പേരുകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. ഇതില്‍ നിന്ന് കെഎംആര്‍എല്‍ അധികൃതര്‍ വിജയിയെ തീരുമാനിക്കും.
ഡിസംബര്‍ നാലിന് വൈകിട്ട് ആറുവരെ പേര് നിര്‍ദേശിക്കാം. ഇതൊക്കെയായിരുന്നു നിബന്ധന. കൊച്ചി മെട്രോയുടെ ഉദ്ഘാടനചടങ്ങില്‍ ഔദ്യോഗികമായി ക്ഷണം ഇല്ലാതിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര നടത്തിയത് വിവാദമായിരുന്നു. ഇത് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ പോലും ആഘോഷിച്ചിരുന്നു.പിന്നീട് ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള നമ മാധ്യമം’കുമ്മനടി’ എന്ന പ്രയോഗം തന്നെയുണ്ടാക്കി.