സംഗീതാസ്വാദകർക്ക് നിരവധി ഗാനങ്ങളിലൂടെ ഏറെ പ്രിയങ്കരനായി മാറിയ ഗായകനാണ് കൊല്ലം ഷാഫി. സ്റ്റേജ് പരിപാടികളിലും ചാനൽ ഷോയിലുമെല്ലാം അദ്ദേഹം സജീവമാണ്. പാട്ടിന് പുറമെ അഭിനയത്തിലും കഴിവുണ്ടെന്നും ഷാഫി തെളിയിച്ചിരുന്നു. ചെറുപ്പം മുതലേ പാട്ടുകേട്ട് ദൂരെ നിന്നെങ്കിലും കാണണമെന്ന് ആഗ്രഹിച്ച എംജി ശ്രീകുമാറിനെക്കൊണ്ട് സ്വന്തം പാട്ട് പാടിക്കാനായത് വല്യ സന്തോഷമുള്ള കാര്യമാണെന്ന് ഷാഫി പറഞ്ഞിരുന്നു. എസ്‌കേപ്പ്, തല്ലുമാല തുടങ്ങിയ സിനിമകളിൽ അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.
ആൽബങ്ങളിലൊക്കെ അഭിനയിക്കാറുണ്ടായിരുന്നു. ഷോർട്ട് ഫിലിമുകളിലും വേഷമിട്ടിരുന്നു. അഭിനയിക്കാനൊക്കെ ആഗ്രഹമുണ്ടായിരുന്നു. കുറേ സുഹൃത്തുക്കളോടൊക്കെ അവസരം ചോദിച്ചിരുന്നു. ഞാൻ ചോദിക്കാതെ തന്നെ എന്നെ തേടിയെത്തിയ സിനിമകളാണ് തല്ലുമാലയും എസ്‌കേപ്പും. വീട്ടിലെല്ലാവർക്കും ഞാൻ അഭിനയിക്കുന്നതിൽ സന്തോഷമേയുള്ളൂ. ഭാര്യ നല്ല പിന്തുണയാണ്. അവളിഷ്ടപ്പെടുന്നയാളുകൾക്കൊപ്പം എന്നെ കാണാനായി കാത്തിരിക്കുകയാണ്. മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ച് കാണാനിഷ്ടമുണ്ടെന്ന് അവൾ പറഞ്ഞിരുന്നു.
ALSO READ
കലാകാരൻമാർക്ക് വേണ്ടി സംസാരിച്ചത് കാരണം എനിക്ക് അവസരങ്ങൾ നിഷേധിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. വേദികളിൽ ഞാൻ കലാകാരൻമാർക്ക് വേണ്ടി സംസാരിക്കാറുണ്ട്. അത് രാഷ്ട്രീയവൽക്കരിക്കുകയും മതവൽക്കരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അവസരം നഷ്ടമായത്. നാട്ടിലെ അമ്പലത്തിൽ ഉത്സവത്തിന് പാടാനായി തീരുമാനിച്ചിരുന്നു. ഉത്സവം നടത്താൻ അനുമതി ലഭിച്ച സമയമായിരുന്നു അത്. എന്നാൽ കലാപരിപാടി വേണ്ടെന്ന തീരുമാനത്തിലായിരുന്നു സംഘാടകസമിതി. അതേക്കുറിച്ച് ഞാൻ ശക്തമായി സംസാരിച്ചിരുന്നു. അതിന് ശേഷമായി ചെയ്യാനിരുന്ന പരിപാടിയിൽ നിന്ന് എന്നെ ഒഴിവാക്കുകയായിരുന്നു അന്ന്.
പുരസ്‌കാരങ്ങൾ പൈസ കൊടുത്ത് മേടിക്കേണ്ടതില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. പ്രശസ്തനായ ഒരു വ്യക്തിയുടെ പേരിലുള്ള പുരസ്‌കാരം എനിക്ക് നൽകുന്നു എന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു. എനിക്ക് എന്തിനാണ് ഈ പുരസ്‌കാരം, ഞാൻ എങ്ങനെയാണ് അർഹനായത് എന്ന് ഞാൻ ചോദിച്ചിരുന്നു. കുറച്ച് വർഷങ്ങളായി ഞങ്ങൾ ഇങ്ങനെ അവാർഡ് നൽകുന്നുണ്ട്, നിങ്ങൾക്കും അങ്ങനെയാണ് നൽകുന്നത്. ഇതുവരെ ആരും ഇങ്ങനെ ചോദിച്ചിട്ടില്ല. ഞാനെന്താണ് ചെയ്യേണ്ടത് വന്ന് അവാർഡ് വാങ്ങിച്ചാൽ മതിയോ എന്ന് ചോദിച്ചപ്പോൾ അഞ്ചാറ് പാട്ട് പാടണം, ഓർക്കസ്ട്രയ്ക്ക് അയച്ചുകൊടുക്കണം എന്ന് പറഞ്ഞു. അതിന് പേയ്മെന്റ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും ഈ അവാർഡിന് നല്ല വാല്യു ഉണ്ടെന്നുമായിരുന്നു അവർ പറഞ്ഞത്. ഇത് റേഷൻ കടയിൽ കൊടുത്താൽ അരി മേടിക്കാൻ പറ്റുമോയെന്നായിരുന്നു ഞാൻ ചോദിച്ചത്. ഞാൻ നിരസിച്ചപ്പോൾ എന്റെ സുഹൃത്തിനെയായിരുന്നു അവർ വിളിച്ചത്. നിങ്ങളെ കണ്ടുപഠിക്കാൻ ഷാഫിയോട് പറയൂ എന്നും അവർ സുഹൃത്തിനോട് പറഞ്ഞിരുന്നു. ജനഹൃദയങ്ങളിൽ നാഴികക്കല്ലായി നിൽക്കുന്ന പാട്ടുപാടാനാവുകയെന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നതെന്നും ഷാഫി വ്യക്തമാക്കിയിരുന്നു.
ALSO READ
വിവാഹത്തെക്കുറിച്ചും ഷാഫി ഷോയിൽ തുറന്നുപറഞ്ഞിരുന്നു. പ്രണയലേഖനങ്ങൾ ഞാൻ അങ്ങോട്ട് കൊടുത്തിട്ടുണ്ട്. പ്രണയം പൊളിഞ്ഞ് അവളെ നഷ്ടമായപ്പോഴാണ് വീട്ടുകാർ എന്റെ വിവാഹം നടത്തിയത്. വീട്ടുകാരുടെ നിർബന്ധപ്രകാരമായാണ് പെണ്ണുകാണാൻ പോയത്. പ്രണയിച്ചിരുന്ന സമയത്തെഴുതിയെ ഡയറി അവൾക്ക് വായിക്കാൻ കൊടുത്തിരുന്നു. ഇത് വായിക്കുക, എനിക്കിനി നിങ്ങൾക്ക് തരാൻ സ്നേഹം വല്ലതും ബാക്കിയുണ്ടോയെന്ന് നോക്കൂ എന്നും പറഞ്ഞിരുന്നു. നിങ്ങളെ അതിനേക്കാളും മനോഹരമായി പ്രണയിക്കാൻ എനിക്ക് കഴിയുമെന്നായിരുന്നു റജുല പറഞ്ഞത്. കഴിഞ്ഞ് 18 വർഷമായി അവളത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
നിന്റെ ഭാഗ്യമാണ് ഷാഫി എന്ന് റെജുലയോട് ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ കേൾക്കുമ്പോൾ ഞാൻ തിരുത്തും, ശരിക്കും എന്റെ ഭാഗ്യമാണ് അവൾ. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവൾ ശക്തമായ പിന്തുണയുമായി എനിക്കൊപ്പമുണ്ടായിരുന്നു. പാട്ട് നിർത്തിയാലോ എന്നാലോചിച്ച സമയങ്ങളിലൊക്കെ അവളായിരുന്നു പോത്സാഹനം തന്നതെന്നും ഷാഫി പറയുന്നുണ്ട്.