ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സംഗീത റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. നിരവധി മനോഹര ഗാനങ്ങൾ ആലപിച്ച് കൈയ്യടി നേടിയിട്ടുള്ള അമൃത സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ മ്യൂസിക് ബാൻഡും ആരംഭിച്ചിരുന്നു.
എജി വ്ളോഗ്സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. ഇപ്പോൾ ജീവിതത്തിൽ തനിക്ക് മാറ്റം കൊണ്ടുവന്ന ഒരു ദുസ്വപനത്തെ കുറിച്ച് അമൃത സുരേഷ് വെളിപ്പെടുത്തുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
അമൃത സുരേഷിന്റെ വാക്കുകൾ ഇങ്ങനെ: നിങ്ങൾക്ക് അറിയാവുന്ന അമൃത സുരേഷ് അല്ലാതെ മറ്റൊരു അമൃത സുരേഷുണ്ട്. ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ് അല്ലെങ്കിൽ ലോക അഹങ്കാരിയായ പെണ്ണ്. ഈ രണ്ട് ടാഗും എനിക്ക് നേരത്തെ കിട്ടിയിട്ടുണ്ട്.
ഒരുപാട് ദിവസങ്ങൾക്ക് ആരോടും ഒന്നും പറയാൻ പറ്റാതെ കരഞ്ഞ് തീർക്കുകയായിരുന്നു. ആ അമൃത സുരേഷിനെ ആർക്കും അറിയില്ല. ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ കൈയ്യിൽ ഉണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്.
ഞാൻ ആ തീരുമാനം എടുത്ത ദിവസം മാധ്യമങ്ങളിൽ നിന്ന് മാത്രം വന്നിട്ടുള്ളത് നൂറിൽ അധികം ഫോൺ കോളുകളാണ്. ആദ്യം മിണ്ടാതിരുന്നു പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും എന്നെ അഹങ്കാരിയാക്കി.
എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. അവനവന്റെ തീരുമാനം പറയുമ്പോൾ ലഭിക്കുന്ന കുറ്റപ്പെടുത്തലുകൾ ആണ്. ഞാൻ അക്കാലത്ത് ചിന്തിച്ച് തുടങ്ങി ഞാൻ ആരാണെന്ന്.
ഞാൻ എങ്ങനെ മുന്നോട്ട് പോകും ജോലി ചെയ്യും, കുഞ്ഞിനെ വളർത്തും എന്നിങ്ങനെ പല കാര്യങ്ങൾ ചിന്തിച്ചു. പിന്നീടാണ് ഞാൻ എന്നിലെ എന്നെ തിരിച്ചറിഞ്ഞ്. അത്ര വലിയൊരു ദുസ്വപ്നത്തിൽ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യിൽ പിടിച്ച് ജീവനോടെ ഞാൻ ഇന്നും ഉണ്ടല്ലോ. എന്ന് ചിന്തിച്ചപ്പോൾ ഞാൻ എത്രത്തോളം ശക്തയായ സ്ത്രീയാണെന്ന് മനസിലാക്കി.
പത്ത് വർഷം മുമ്പുള്ള അമൃത സുരേഷ് നാണക്കേടുള്ള, ചമ്മലുള്ള വ്യക്തിയായിരുന്നു. പക്ഷെ ഇന്ന് ഞാൻ അങ്ങനെയല്ല. ഞാൻ ശക്തയായ സ്ത്രീയാണ്. എല്ലാ സ്ത്രീകളും എപ്പോഴും സ്വയം വിലയിരുത്തണം എന്നും അമൃത പറയുന്നു.
നേരത്തെ പ്രമുഖ നടൻ ബാലയുമായി അമൃത പ്രണയത്തിലാവുകയും വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുക ആയിരുന്നു. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകളുണ്ട്.
അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് അമൃതയും കുടുംബവും മകളെ സ്നേഹത്തോടെ വിളിക്കുന്നത്. യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യൽ മീഡിയകളിലും പാപ്പു ഇടയ്ക്ക് എത്താറുണ്ട്.