തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരനായ നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന ആർ മാധവൻ. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിൽ വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിക്കാൻ സാധിച്ചതാണ് മാധവന്റെ ഏറ്റവും വലിയ വിജയം.
ആഗ്രഹിച്ച ജോലി ലഭിക്കാതെ വന്നപ്പോഴുണ്ടായ നിരാശയിൽ നിന്നാണ് മാധവൻ അഭിനയത്തിലേക്ക് കടക്കുന്നത്. 2000ൽ മണിരത്നം സംവിധാനം ചെയ്ത അലൈപായുതേയാണ് മാധവന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവാകുന്നത്. പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തിനെ തേടി എത്തിയത്.
ALSO READ
മാധവന്റെ വിശേഷങ്ങളെല്ലാം തന്നെ അദ്ദേഹം സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറലാവാറുമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൻ ഇന്ത്യയ്ക്ക് സ്വർണം നേടിയ സന്തോഷവാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്. കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടിയിരിക്കുകയാണ് മാധവന്റെ മകൻ വേദാന്ത്.
മകൻ രാജ്യത്തിനായി സ്വർണം നേടിയ സന്തോഷം മാധവൻ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. 800 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിലാണ് നേട്ടം. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ വേദാന്ത് വെള്ളിയും നേടുകയുണ്ടായി.
ദൈവത്തിനും പരിശീലകർക്കും സ്വിമ്മിങ് ഫെഡറേഷനും നന്ദി പറഞ്ഞാണ് മാധവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഭാര്യ സരിതയും മകന്റെ നേട്ടം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനു മുൻപും പതിനാറുകാരൻ വേദാന്ത് നീന്തൽ കുളത്തിൽ നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. നീന്തലിലുള്ള മകന്റെ കഴിവിനെ കുറിച്ച് മുൻപും മാധവൻ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന 47ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ നാല് വെള്ളിയും മൂന്ന് വെങ്കലവും 16കാരൻ വാരിക്കൂട്ടിയിരുന്നു. അതിന് മുമ്പ് കഴിഞ്ഞ വർഷം മാർച്ചിൽ ലാത്വിയൻ ഓപൺ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവുമായിരുന്നു വേദാന്ത്.
ALSO READ
മലയാളത്തിൽ ദുൽഖർ നായകനായ ചാർലി എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ മാര, ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത നിശബ്ദം എന്നിവയാണ് മാധവന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രങ്ങൾ. നെറ്റ്ഫ്ലിക്സ് സീരീസായ ഡീക്കപ്പിൾഡും അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ട് എന്ന ചിത്രമാണ് അടുത്തതായി മാധവന്റെ റിലീസിന് എത്താനുള്ള മറ്റൊരു സിനിമ. മാധവൻ ആദ്യമായി സംവിധായകനാകുന്ന ചിത്രം കൂടിയാണ് റോക്കട്രി ദി നമ്പി എഫക്ട്. ചിത്രത്തിൽ മാധവൻ തന്നെയാണ് നമ്പി നാരായണന്റെ കഥാപാത്രമായി എത്തുന്നത്.