വ്‌ലോഗറുംയുട്യൂബറുമായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
ഭർത്താവ് മെഹ്നാസിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഉണ്ടായതായും ഇതേ തുടർന്നാണു മരണം സംഭവിച്ചതെന്നുമാണു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ദുബായ് പൊലീസിൽ പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞിരുന്നെങ്കിലും ഇതുവരെ പരാതി നൽകിയിട്ടില്ല. അതേസമയം സംഭവത്തിൽ പൊതുപ്രവർത്തകയായ നുസ്രത്ത് ജഹാൻ ദേശീയ വനിത കമ്മിഷനു പരാതി നൽകിയിരുന്നു. ഇടപെടുമെന്നു കാണിച്ചു ബന്ധുക്കൾക്ക് കമ്മിഷൻ സന്ദേശം അയച്ചിരുന്നു.
ALSO READ
കഴിഞ്ഞ മാർച്ച് ഒന്നിനാണു റിഫ മെഹ്നുവിനെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ ആരാധകരുണ്ടായിരുന്ന റിഫയുടെ മരണം ഞെട്ടലോടെയാണു സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തത്. രണ്ടു വയസ്സു പ്രായമുള്ള റിഫയുടെ മകൻ ഇപ്പോൾ റിഫയുടെ മാതാപിതാക്കളുടെ കൂടെയാണുള്ളത്.
മരിക്കുന്നതിനു മുൻപ് തന്നോട് ഒരു കാര്യം പറയാനുണ്ടെന്നു റിഫ പറഞ്ഞിരുന്നുവെന്ന് ഭർത്താവ് മെഹ്നാസിന്റെ വെളിപ്പെടുത്തൽ. യുട്യൂബ് ചാനലിലാണ് മെഹ്നാസിന്റെ വെളിപ്പെടുത്തൽ. എന്നാൽ വഴക്കുണ്ടാകുമ്പോൾ എല്ലായിപ്പോഴും പറയുന്നതു പോലെയാണെന്നാണു കരുതിയതെന്നും മെഹ്നാസ് പറയുന്നു. സംഭവത്തെ കുറിച്ച് മെഹ്നാസ് പറയുന്നത് ഇങ്ങനെ,
പക്ഷേ ആത്മഹത്യ ചെയ്യാൻ മാത്രമുള്ള എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയിരുന്നില്ല. അതിനു മാത്രം കാര്യമായിട്ട് എന്താണു സംഭവിച്ചതെന്ന് അറിയില്ല. ഞങ്ങൾക്കു കടങ്ങളുണ്ടായിരുന്നു. അതു കുറേശ്ശെയായി വീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. കാര്യമായ സമ്പാദ്യമൊന്നുമില്ലാതിരുന്നിട്ടും റിഫയുടെ താൽപര്യപ്രകാരമാണ് ദുബായിൽ തുടർന്നിരുന്നതെന്നും മെഹ്നാസ് പറയുന്നു.
മരിക്കുന്നതിന്റെ തലേ ദിവസം വരെ റിഫ സന്തോഷവതിയായിരുന്നെന്നും രണ്ടു മണിക്കൂറിനുള്ളിൽ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നുമാണു സഹോദരൻ വെളിപ്പെടുത്തുന്നത്. മരിക്കുന്നതിന്റെ രണ്ടു മണിക്കൂർ മുൻപു വരെ റിഫയുമായി സംസാരിച്ചിരുന്നു. മുറിയിലേക്ക് എത്തുന്നതു വരെ അവളുമായി ചാറ്റ് ചെയ്തിരുന്നു. വളരെ ധൈര്യമുള്ള കുട്ടിയായിരുന്നു. അവളെ തകർത്തു കളയാൻ മാത്രമുള്ള എന്തോ കാര്യം അന്നു നടന്നിട്ടുണ്ട്. അല്ലാതെ അവൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.
അവസാനം അവളുമായി സംസാരിച്ച് 2 മണിക്കൂർ കഴിഞ്ഞ ശേഷമാണ് ഭർത്താവ് മെഹ്നു വിളിക്കുന്നത്. കോൾ എടുത്തപ്പോൾ കരയുന്നതാണു കേട്ടത്. പിന്നീട് ഇവരുടെ സുഹൃത്തും ഒരുമിച്ചു താമസിക്കുന്നവരുമായ ജംഷാദ് തിരിച്ചു വിളിച്ചു. പെട്ടെന്ന് ആശുപത്രിയിൽ എത്താൻ പറഞ്ഞു. എന്താണെന്ന് മനസ്സിലായില്ല. അവിടെ എത്തിയപ്പോഴാണു പൊലീസും ഫൊറൻസിക് സംഘവും എത്തിയിരുന്നതായി കണ്ടത്. അവിടെയുണ്ടായിരുന്ന ചിലരാണു റിഫ മരിച്ചതായി പറഞ്ഞത്.
അവിടെ നിന്നു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി. അവിടെ എത്തി റിഫ എനിക്ക് അയച്ച സന്ദേശങ്ങളെല്ലാം പൊലീസിനു കാണിച്ചു കൊടുക്കുമ്പോൾ മെഹ്നു തടഞ്ഞു. ഇതൊക്കെ കാണിച്ചാൽ ഇവിടെ നിന്നു പെട്ടെന്നു നാട്ടിലേക്കു മൃതദേഹം കൊണ്ടു പോകാൻ കഴിയില്ല എന്നു പറഞ്ഞു. അപ്പോൾ അതു ശരിയാണെന്ന് എനിക്കു തോന്നി. പക്ഷേ അവിടെ നിന്നു വന്നതിനു ശേഷമാണു പല സംശയങ്ങളും മനസിലുണ്ടായതെന്നും സഹോദരൻ പറയുന്നുണ്ട്.
ALSO READ
റിഫ മരിച്ചു കിടക്കുമ്പോൾ മെഹ്നാസ് വിഡിയോ സ്റ്റോറി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതൊന്നും എനിക്കു സഹിക്കാൻ കഴിഞ്ഞില്ല. അതൊക്കെ കണ്ടു വല്ലാതെ വിഷമിച്ചാണ് ഞാൻ താമസ സ്ഥലത്തേക്കു തിരിച്ചു വന്നത്. ഇവരുടെ മുറിയിലേക്ക് മെഹ്നു പലപ്പോഴും സുഹൃത്തുക്കളെ കൊണ്ടു വന്നിരുന്നു. ഇതെല്ലാം റിഫ എതിർത്തിരുന്നു.
തനിച്ചു കഴിയുമ്പോൾ മെഹ്നുവിന്റെ സുഹൃത്ത് ജംഷാദ് മുറിയിലുണ്ടാകുന്നത് അവളെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. ജംഷാദ് പലപ്പോഴും പരസ്പര വിരുദ്ധമായാണു കാര്യങ്ങൾ സംസാരിക്കുന്നത്. എനിക്കു ചില കാര്യങ്ങൾ അറിയാമെന്ന് ജംഷാദ് പറഞ്ഞെങ്കിലും അതെന്താണെന്നു പറയാൻ അയാൾ തയാറായില്ലെന്നും റിഫയുടെ സഹോദരൻ പറയുന്നുണ്ട്.