ഒരു കാലത്ത് മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് കൃഷ്ണ. തില്ലാന തില്ലാന എന്ന ചിത്രത്തിലൂടെ ആയിരുന്നു കൃഷ്ണ മലയാളി മനസുകളിലിടം നേടിയത്. തമിഴിലും അഭിനയിച്ചിട്ടുള്ള കൃഷ്ണ ദളപതി വിജയിയ്ക്ക് ഒപ്പം ഷാജഹാൻ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
എന്നാൽ പിന്നീട് തനിക്ക് സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ സാധിച്ചില്ലെന്നാണ് കൃഷ്ണ പറയുന്നത്. അനിയത്തി പ്രാവ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന് പകരം തന്നെയായിരുന്നു തെരഞ്ഞെടുത്തിരുന്നത് എന്നും അദ്ദേഹം സിനിമയിൽ വന്ന് ഇരുപത്തഞ്ച് വർഷങ്ങൾ ആഘോഷിച്ചപ്പോൾ വിഷമം തോന്നിയെന്നും തുറന്നു പറയുകയാണ് കൃഷ്ണ ഇപ്പോൾ.
ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിച്ചത്. കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ:
ചാക്കോച്ചനും ഞാനും ഒരേ സമയത്താണ് സിനിമയിലേക്ക് എന്റർ ചെയ്യുന്നത്. ചാക്കോച്ചൻ അനിയത്തിപ്രാവിന്റെ ഇരുപത്ത ഞ്ചാമത്തെ വാർഷികം ആഘോഷിച്ചപ്പോൾ എനിക്ക് ഒരുപാട് വിഷമം വന്നു. കാരണം, അത് ഞാൻ ചെയ്യേണ്ടിയിരുന്ന സിനിമയാണ്. എന്തോ നിർഭാഗ്യവശാൽ എനിക്കാ പടം പോയി. ഞാനും സിനിമയിൽ വന്നിട്ട് ഇത്രയും വർഷമായി.
ഞാനും സീനിയറായി ആ ലെവലിൽ നിൽക്കേണ്ട ആളാണ്. സിനിമ എന്നുപറയുന്നത് ഒരു ഭാഗ്യമാണ്. ആഗ്രഹച്ചിട്ട് കാര്യമില്ല, നമുക്ക് ദൈവും കൊണ്ടുതരുന്ന ഒരു അവസരമാണ്. ഇപ്പോഴത്തെ സിനിമയിൽ നമ്മളൊന്നും അത്ര മസ്റ്റല്ല, കാരണം ഒരപാട് ആക്ടേഴ്സുണ്ട്. കൃഷ്ണയ്ക്ക് സമയമില്ലെങ്കിൽ അടുത്തയാൾ അത്രയുള്ളു.
നമ്മളങ്ങനെ രണ്ട് മൂന്ന് സിനിമകൾ സെറ്റ് ചെയ്ത് വെക്കും, പിന്നെയായിരിക്കും, ആ ആർട്ടിസ്റ്റിനെ മാറ്റിയിട്ടുണ്ടാകും എന്നറിയുന്നത്. അതിലേക്ക് വലിയ ഏതെങ്കിലും താരം എത്തിക്കാണും. അനിയത്തിപ്രാവിൽ എന്റെ കാര്യത്തിൽ എന്തോ ഒരു കൺഫ്യൂഷൻ വന്നു ആ സമയത്താണ് കുഞ്ചാക്കോ ബോബൻ കേറിപോയത്. അന്ന് തുടങ്ങിയ സമയദോഷമാണ് എന്റേത്. ആ സമയദോഷം ഇന്നും നിലനിന്ന് പോവുന്നുണ്ടെന്നും കൃഷ്ണ പറയുന്നു.