മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സൂരജ് തേലക്കാട്. മിനിസ്‌ക്രീനിലേയും ബിഗ് സ്‌ക്രീനിലേയും കുട്ടിത്താരമാണ് സൂരജ്. പൊക്കമില്ലായ്മയെ വിജയമാക്കി മാറ്റിയാണ് സൂരജ് ഉയരങ്ങളിലേക്ക് കുതിക്കുന്നത്.
പ്രായം ഇരുപത്തിയാറായെങ്കിലും മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ എളിയിൽ കയറി ഇരിക്കാൻ തനിക്ക് ഭാഗ്യം കിട്ടിയെന്ന് എന്നും സൂരജ് പുഞ്ചിരിയോടെ പറയുന്നു. മലപ്പുറം പെരുന്തൽമണ്ണ സ്വദേശിയാണ് താരം. അച്ഛൻ മോഹനൻ ബാങ്കിലെ കളക്ഷൻ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും.
ALSO READ
സ്വാതിശ്രീ എന്നൊരു ചേച്ചിയും സൂരജിനുണ്ട്. സൂരജിന്റെ അച്ഛനും അമ്മയും അകന്ന ബന്ധുക്കളായിരുന്നു. അതുമൂലമുണ്ടായ ജനിതക പ്രശ്‌നം കൊണ്ടാണ് രണ്ട് മക്കൾക്കും വളർച്ച കുറഞ്ഞ് പോയതെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും സൂരജ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ശാരീരിക പരിമിതിയാണ് പൊക്ക കുറവെങ്കിലും തനിക്ക് അവസരങ്ങൾ നൽകിയതും ശ്രദ്ധിക്കപ്പെട്ടതും നീളക്കുറവ് കാരണമാണെന്നും താരം പറയുന്നു. സ്‌കൂൾ കാലഘട്ടത്തിൽ മിമിക്രി ചെയ്താണ് സൂരജ് കലയുമായുള്ള ബന്ധം തുടങ്ങിയത്.
നാട്ടിലുള്ള ഒരു പ്രാദേശിക ചാനലിൽ പിന്നീട് പരിപാടികൾ അവതരിപ്പിച്ചു. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിൽ കൂടിയാണ് മിനി സ്‌ക്രീനിൽ സൂരജ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സിനിമയ്ക്ക് പുറമെ കോമഡി ഷോകളിലും അവാർഡ് നിശകളിലും ഏവരേയും പൊട്ടിചിരിപ്പിക്കുന്ന താരമാണ് സൂരജ്. ചാർളി, ഉദാഹരണം സുജാത, വിമാനം, കാപ്പിച്ചിനോ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം ഒരു അഡാറ് ലവ്, അമ്പിളി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ധമാക്ക, എന്നോട് പറ ഐ ലവ് യൂന്ന് തുടങ്ങിയ സിനിമകളിലാണ് അടുത്തിടെ അഭിനയിച്ചത്.
ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി എത്തിയിരിക്കുകയാണ് സൂരജ്. ബിഗ് ബോസ് വീടിനെ കുറിച്ചുള്ള പ്രതീക്ഷകളും ഒപ്പം ലാലേട്ടന്റെ മാസ് ഡയലോഗും പറഞ്ഞ് തകർത്ത ശേഷമാണ് സൂരജ് ബിഗ് ബോസ് വീട്ടിലേക്ക് കടന്നത്.
‘വളരെ സന്തോഷത്തോടെയാണ് ബിഗ് ബോസിൽ പങ്കെടുക്കാൻ എത്തിയത്. ഞാൻ വരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് വലിയ ചർച്ചകൾ സോഷ്യൽമീഡിയയിൽ നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. വരില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. അവർക്ക് അത്തരമൊരു സംശയം വരാൻ കാരണം എന്റെ ശാരീരിക ക്ഷമതും ആരോഗ്യവും പരിഗണിച്ചായിരിക്കും. ഞാനും ചേച്ചിയും സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ അടുത്ത് പിടിച്ചിരുത്തി ഇനി പൊക്കം വെയ്ക്കില്ല എന്ന് പറഞ്ഞത്. ഒപ്പം നല്ലൊരു ഉപദേശവും അച്ഛൻ തന്നു. നമ്മുടെ കഴിവും പ്രവൃത്തിയും കൊണ്ട് നമ്മൾ സ്വയം ഉയരമുള്ളവരാകണം എന്നാണ് അച്ഛൻ പറഞ്ഞതും പഠിപ്പിച്ചതും. നന്നായി മത്സരിച്ച് ബിഗ് ബോസ് വീട്ടിൽ നിൽക്കാനാണ് ആഗ്രഹം. അതിനായി പരിശ്രമിക്കും’ സൂരജ് പറയുന്നു. ലാലേട്ടനുമായി വേദിയിൽ വെച്ച് കളി ചിരിയും തമാശയും പങ്കുവെച്ച സൂരജ് ലാലേട്ടന്റെ നീ പോ മോനെ ദിനേശാ… എന്ന മാസ് ഡയലോഗും പറഞ്ഞ് കാണികളെ ഞെട്ടിച്ചു.
ALSO READ
ബിഗ് ബോസ് സീസൺ 4 വളരെ പ്രത്യേകത നിറഞ്ഞതാണ് എന്ന് ലോഞ്ച് ചടങ്ങിലെ വിശേഷങ്ങൾ കണ്ട പ്രേക്ഷകർക്ക് മനസിലായിട്ടുണ്ട്. കാരണം അഭിനേതാക്കൾ, ഫോട്ടോഗ്രാഫർ, ബോഡി ബിൽഡർ, വിദേശി, മജീഷ്യൻ, കൊമേഡിയൻ, ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച് നിൽക്കുന്ന പതിനേഴോളം മത്സരാർഥികളാണ് ഇത്തവണത്തെ സീസൺ കളറാക്കാൻ എത്തിയിരിക്കുന്നത്.
കൂടാതെ ഇരുപത്തിനാല് മണിക്കൂറും ഹോട്ട്സ്റ്റാറിൽ ഷോ സ്ട്രീം ചെയ്യുകയും ചെയ്യും. കഴിഞ്ഞ സീസൺ 14 മത്സരാർത്ഥികളുമായാണ് ആരംഭിച്ചത്. സാബുമോൻ അബ്ദുസമദ് വിജയിയായ ആദ്യ സീസണിന് വേദിയായ മുംബൈയിലേക്ക് ബിഗ് ബോസ് മലയാളം മടങ്ങിയെത്തി എന്ന പ്രത്യേകത കൂടി നാലാം സീസണിനുണ്ട്.