മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദശരഥം തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ്. 1989 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിലെ രാജീവ് മേനോനും ആനിയും ചന്ദ്രദാസുമൊക്കെ ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ദശരഥത്തിലെ രാജീവ് മേനോൻ. രേഖയുടെ കഥാപാത്രമായ ആനിയും സുകുമാരിയുടെ കഥാപാത്രമായ മാഗിയുമെല്ലാം മികച്ച അഭിപ്രായമായിരുന്നു നേടിയെടുത്തത്.വാടക ഗർഭധാരണം എന്ന ഗൗരവമുള്ള വിഷയത്തെ ആസ്പദമാക്കിയാണ് സിനിമ സിബി മലയിലും ലോഹിതദാസും ഒരുക്കിയത്.
സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾക്ക് ശേഷവും രാജീവ് മേനോനും വാടക ഗർഭധാരണത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന മകനും എന്ത് സംഭവിച്ചു എന്ന് അറിയാൻ പ്രേക്ഷകർക്ക് അതിയായ ആഗ്രഹമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകൻ സിബി മലയിൽ വെളിപ്പെടുത്തുകയാണ്.
മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം സിബി മലയിൽ തന്നെ ആലോചിക്കുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴും ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് സിബി മലയിൽ പറയുന്നത്. കൂടാതെ തിരക്കഥ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
കൊത്താണ് ഇനി പുറത്തു വരാനുള്ള അദ്ദേഹത്തിന്റെ ചിത്രം. ഈ സിനിമയക്ക് തിരക്കഥ എഴുതിയ ഹേമന്ദ് കുമാർ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതിയിരിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.
സിബിമലയിലിന്റെ വാക്കുകൾ ഇങ്ങനെ:
ദശരഥം സിനിമയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ കൊത്തിന്റെ രചയിതാവ് ഹേമന്ദ് കുമാർ തന്നെയാണ് ഇതിന്റെയും രചന നിർവ്വഹിച്ചിരിക്കുന്നത്. ഞാനും ഹേമന്ദ് കുമാറുമായി ചർച്ച ചെയ്തശേഷം ആദ്യം തിരക്കഥ പൂർത്തിയാക്കിയത് ദശരഥം സിനിമയുടെ രണ്ടാം ഭാഗമാണ്.
അത് ലോഹിക്ക് ആദരാഞ്ജലിയായിക്കൂടി ചെയ്യാൻ ഉദ്ദേശിച്ച സിനിമയാണ്. ഞങ്ങളുടെ കഥയിൽ നെടുമുടി വേണുവിന് വലിയ പ്രാധാന്യമുള്ള വേഷമുണ്ടായിരുന്നു.കഥ കേട്ടപ്പോൾ വേണുച്ചേട്ടനും വലിയ ത്രില്ലിലായിരുന്നു. ചർച്ചകൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും സിബി മലയിൽ പറയുന്നു.
മുൻപ് ഒരിക്കൽ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ദശരഥം എന്ന ചിത്രം ഉണ്ടായതിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കിരീടം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ദശരഥം എന്ന സിനിമ ചെയ്യാനുള്ള ആലോചന ഉണ്ടായതെന്ന് സംവിധായകൻ പറയുന്നു.
കൊത്ത് ആണ് സിബി മലയിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. ഏഴ് വർഷത്തിന് ശേഷമാണ് അദ്ദേഹം സിനിമ സംവിധാനം ചെയ്യുന്നത് പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. നായിക നിഖില വിമൽ. റോഷൻ മാത്യു, സുദേവ് നായർ, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് നിർമ്മാണം. രഞ്ജിത്ത് ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. പ്രൊഫഷണൽ നായക രംഗത്ത് സജീവമായ ഹേമന്ദ് കുമാറിന്റെ തിരക്കഥയിൽ ആദ്യമായി പുറത്തുവരുന്ന ചിത്രമാണ് കൊത്ത്.