വാവ സുരേഷിനെതിരെ ചില വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന ആരോപണങ്ങളിൽ രൂക്ഷവിമർശനവുമായി നടനും മുൻ വനംവകുപ്പ് മന്ത്രിയും എംഎൽഎയുമായ ഗണേശ് കുമാർ. സാധുക്കളെ ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാൻ ശ്രമിക്കുന്നത് നാണംകെട്ട പണിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. വാവ സുരേഷിനെതിരെ ആരോപണവുമായി എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ താൻ നേരിട്ട് വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നുണ്ട്.
ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ,
വാവ സുരേഷിനെപ്പറ്റി അധിക്ഷേപം പറയാൻ ഒരു ഉദ്യോഗസ്ഥന്മാർക്കും യോഗ്യതയില്ല. സർക്കാരിൽ അവരോടൊപ്പം കിട്ടാവുന്ന ഒരു ജോലി മന്ത്രിയും മുഖ്യമന്ത്രിയും വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്നുവച്ചയാളാണ് വാവ സുരേഷ്. പണക്കാരനാകാൻ വനം വകുപ്പിൽ ഉദ്യോഗസ്ഥനായി കയറിയാൽ മതി. മാസം നല്ല ശമ്പളം കിട്ടും. അത് വേണ്ടെന്നുവച്ച ഇദ്ദേഹത്തെക്കുറിച്ച് ദൈവത്തിന് നിരക്കാത്ത അനാവശ്യങ്ങൾ പറയരുത്. പറയുന്നവർ ലജ്ജിക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു സർക്കാർ ജോലി നിങ്ങളുടെ മുന്നിൽവച്ച് നീട്ടിയാൽ അത് വേണ്ടെന്നു വയ്ക്കാൻ നിങ്ങൾക്കാകുമോ? അതില്ലാത്തവർ ഇത് പറയരുത്. എനിക്ക് പാമ്പിനെ ഭയമാണ്, അതിനെ പിടിക്കാനും അറിയില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോൾ നമ്മൾ വിളിക്കുന്നതും വാവ സുരേഷിനെയാണ്.
പാമ്പ് പിടുത്തത്തിന്റെ പരിഷ്‌കാരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പഠിപ്പിച്ചുകൊടുത്തത് ഈ ചെറുപ്പക്കാരനാണ്. പലപ്പോഴും വനംവകുപ്പിൽ തന്നെ ക്ലാസ്സെടുക്കാൻ വാവ സുരേഷിനെ വിളിച്ചിട്ടുണ്ട്. അവിടെയുള്ളവർക്ക് ഏത് പാമ്പാണെന്ന് തിരിച്ചറിയാനുള്ള അറിവും ധാരണയും ഉണ്ടാക്കി കൊടുത്തത് വാവ സുരേഷ് ആണ്.
ഞാൻ മന്ത്രിയായിരുന്നപ്പോൾ തൃശൂരും കോഴിക്കോടുമൊക്കെ പാമ്പ് പിടുത്തക്കാർ ഉണ്ടായിരുന്നു. ആ സമയത്ത് പാമ്പ് പിടിക്കുന്നതിന് അവർ വനം വകുപ്പിനോട് പണം ആവശ്യപ്പെടുമായിരുന്നു. വാവ സുരേഷ് മാത്രമാണ് ഒരു പൈസ പോലും ചോദിക്കാതിരുന്നത്. ഇപ്പോൾ എന്തെങ്കിലും അലവൻസ് വനംവകുപ്പ് കൊടുക്കുന്നുണ്ടോ എന്നറിയില്ല. ഞാനിരുന്ന സമയത്ത് അദ്ദേഹം ചോദിച്ചിട്ടില്ല.
പണത്തിനു വേണ്ടി നിൽക്കുന്ന ആളല്ല വാവ സുരേഷ്. അയാളൊരു സാധുവാണ്. സാധുക്കളെ ആക്രമിച്ചും അധിക്ഷേപിച്ചും ആളാകാൻ ശ്രമിക്കരുത്. നാണംകെട്ട പണിയാണ്. വാവ പറഞ്ഞ ഈ ഉദ്യോഗസ്ഥനെ ഞാൻ വിളിച്ചിരുന്നു, ഇനി ശല്യം ചെയ്യരുതെന്ന് പറഞ്ഞു. ഈ പറയുന്ന ഉദ്യോഗസ്ഥന്റെ പേര് വാവ സുരേഷ് വെളിപ്പെടുത്തിയാൽ അയാളൊരു പാമ്പിനെ പിടിച്ച് കാണിക്കാമോ? കമ്പോ കോലോ അമേരിക്കൻ ഉപകരണങ്ങളോ എന്തെങ്കിലും ഉപയോഗിച്ച് കാണിച്ചാൽ മതി. തനിക്കു കഴിയാത്ത കാര്യങ്ങൾ ചെയ്യുന്നവരെ അധിക്ഷേപിക്കുകയല്ല വേണ്ടത്. അവരെ ബഹുമാനിക്കണം.
വാവ സുരേഷിനെക്കുറിച്ച് ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കരുത്. പാമ്പിനെ പിടിക്കുന്നത് എങ്ങനെയെന്ന് വാവയെ ആരും പഠിപ്പിക്കേണ്ട. ഈ വിഷപ്പാമ്പുകളെ നാട്ടിൽ നിന്നൊക്കെ പിടിച്ച് ഉൾവനത്തിൽ വിടുന്നത് മഹാകാര്യം തന്നെയാണ്. വാവ സുരേഷിനെ ഉദ്യോഗസ്ഥൻ ഉപദ്രവിച്ചത് കുശുമ്പ് കൊണ്ട് തന്നെയാണ്. ഞാൻ അയാളെ വിളിച്ച് കാര്യം തിരക്കി. പത്തനാപുരത്ത് എന്റെ അടുത്ത് വന്ന് വാവ സുരേഷ് ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു.
സാധുക്കളായ പാവങ്ങളുടെ മേൽ കുതിര കയറരുത്. എല്ലാവരും വാവ സുരേഷിനു വേണ്ടി പ്രാർഥിക്കണം. അതുകൊണ്ടാണ് രണ്ടാം ജന്മമെടുത്ത് തിരിച്ചുവന്നത്. അങ്ങനെയൊരാളെക്കുറിച്ച് ഇങ്ങനെ പറഞ്ഞതുകൊണ്ടാണ് മുൻവനംവകുപ്പ് മന്ത്രി കൂടിയായ ഞാൻ തന്നെ നേരിട്ട് ഇക്കാര്യങ്ങൾ പറഞ്ഞത് എന്നും ഗണഷ് കുമാർ പറയുന്നുണ്ട്.