മിനിസ്‌ക്രീനിലൂടെ ശ്രദ്ധ നേടിയ താരങ്ങളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഷോയിലെ നിലനിൽപ്പിന് വേണ്ടിയുള്ള ഒരു ഗെയിം സ്ട്രാറ്റജി എന്ന തരത്തിലായിരുന്നു തുടക്കത്തിലെ ഇവരുടെ അടുപ്പത്തെ കണ്ടിരുന്നത്. വിമർശകരെപ്പോലും അമ്പരപ്പിച്ച് ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു ഇരുവരും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകർ അറിയാറുണ്ട്. സോഷ്യൽ മീഡിയയിലൂടെയായി ഇരുവരും വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്. യൂട്യൂബ് ചാനൽ തുടങ്ങിയതോടെ വ്ളോഗിലൂടെയായും വിശേഷങ്ങൾ പങ്കിടുന്നുണ്ട്.
എൻഗേജ്മെന്റ് ആനിവേഴ്സറി ആഘോഷിച്ചതിനെക്കുറിച്ച് പറഞ്ഞായിരുന്നു പുതിയ വീഡിയോ. നില ജനിച്ചതിന് ശേഷമുള്ള എൻഗേജ്മെന്റ് ആനിവേഴ്സറിയാണ്, അവൾ തന്നെയാണ് ഈ ദിനത്തിലെ വിശിഷ്ടാതിഥിയും. ശ്രീനിക്കായി ഈ ദിവസം താനൊരു സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും പേളി പറഞ്ഞിരുന്നു.
ALSO READ
മിക്ക സർപ്രൈസുകളും ചീറ്റിപ്പോവാറുണ്ട്. ഇത് വലിയ കുഴപ്പമില്ലാതെയാണ് ഉള്ളതെന്നുമായിരുന്നു പേളി പറഞ്ഞത്. എങ്ങോട്ടോ യാത്ര പോവുന്നുണ്ടെന്ന് സൂചന കൊടുത്തെങ്കിലും ഏതാണ് സ്ഥലം എന്ന് പേളി ശ്രീനിയോട് വിട്ടുപറഞ്ഞിരുന്നില്ല. മൂന്നാറാണെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞത്. ഏതോ വിദൂരതയിലേയ്ക്കാണെന്നാ ശ്രീനിയുടെ വിചാരം പക്ഷേ നമ്മള് ഈ അടുത്തുള്ള ഹോട്ടലിലേയ്ക്കാണെന്ന് പേളി തമാശ രൂപത്തിൽ പറയുന്നുണ്ട്.
ശ്രീനി നില ബേബിയെ നോക്കിയാൽ മതിയെന്നും താൻ ഡ്രൈവ് ചെയ്തോളാമെന്നും പേളി പറഞ്ഞിരുന്നു. കൊച്ചിയിലെ പ്രമുഖ ഹോട്ടലായ ഗ്രാന്റ് ഹയാത്തിലേക്കായിരുന്നു പേളി പോയത്. എൻഗേജ്മെന്റ് ആനിവേഴ്സറി കേക്കുൾപ്പടെ റൂമിൽ ഇവർക്കായി അധികൃതർ ഒരുക്കിയിരുന്നു. ഇതൊക്കെ എങ്ങനെ ഒപ്പിച്ചുവെന്നായിരുന്നു ശ്രീനിയുടെ ചോദ്യം. മനോഹരമായിരുന്നു കേക്ക്, ഈ കേക്ക് പോലെ മധുരമുള്ള ജീവിതമാണ് ശ്രീനി എനിക്ക് നൽകിയതെന്ന് പേളി പറഞ്ഞപ്പോൾ, കേക്കിനേക്കാളും മധുരമുള്ള നില ബേബിയെ തന്നതിനാണ് ഞാൻ നന്ദി പറയുന്നതെന്നായിരുന്നു ശ്രീനി പറഞ്ഞത്.
ALSO READ
എല്ലാകാര്യങ്ങളും നിങ്ങളോട് പറയാറുണ്ട്, നിങ്ങളുടെ പിന്തുണ അത്രയും പ്രധാനപ്പെട്ടതാണ്. കേക്കിലെ ആദ്യ കഷണം നിങ്ങൾക്കുള്ളതാണ്. അത് ഞാൻ നിലു ബേബിക്ക് കൊടുക്കാമെന്നുമായിരുന്നു പേളി പറഞ്ഞത്. വലിയൊരു സന്തോഷവാർത്ത വരാനുണ്ടെന്നും അത് പിന്നീട് പറയാമെന്നും പേളി വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിനകം തന്നെ 2 ലക്ഷത്തിലധികം പേരാണ് പേളിയുടെ വീഡിയോ കണ്ടിട്ടുള്ളത്. ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ച നില ബേബി ഭാഗ്യവതിയാണ്. നില അമ്മക്കുട്ടിയാണ്, എന്നും ഈ സന്തോഷം നിലനിൽക്കട്ടെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായുള്ളത്.