സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹരിത നായർ. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിൽ കൂടിയാണ് ഹരിത ശ്രദ്ധേയയായത്.മോഡലിങ്ങിലൂടെ അഭിനരയ രംഗത്തെത്തിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.
ടെലിവിഷൻ രംഗത്ത് നിരവധി ആരാധകരുള്ള ഹരിത ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ്. നീണ്ട 25 വർഷത്തെ വാടക വീട്ടിലെ ജീവിതത്തിന് ശേഷം സ്വന്തമായൊരു വീട് നിർമിച്ചിരിക്കുകയാണ് ഹരിത നായർ. പുത്തൻ വീട്ടിലേക്ക് ഹരിതയും കുടുംബവും താമസം മാറിയിരുക്കുകയാണ് ഇപ്പോൾ.
ഇതിന്റെ സന്തോഷത്തിൽ പങ്കുചേരാൻ ചെമ്പരത്തി സീരിയലിലെ താരങ്ങളായ സ്റ്റെബിനും പത്‌നിയും സുമിയും എല്ലാമുണ്ടായിരുന്നു. ഹരിതയുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിൽ അവൾക്കൊപ്പം ചിലവഴിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് ഹരിതയുടെ ഗൃഹപ്രവേശന ചടങ്ങിന്റെ വിശേഷങ്ങൾ വീഡിയോ ആക്കി സ്റ്റെബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ജനനി എന്നാണ് വീടിന് ഹരിത നായർ പേരിട്ടിരിക്കുന്നത്.
നെൽപാടത്തിനോട് ചേർന്ന് പണി തീർത്തിരിക്കുന്ന വീടിന്റെ ദൃശ്യ ഭംഗിയും മനോഹരമാണ്. ജനിച്ചതും വളർന്നതും മുംബൈയിലാണെന്ന് ഹരിത പറഞ്ഞിട്ടുണ്ട്. ഏറെ നാളത്തെ സ്വപ്ന സാക്ഷാത്കാരമാണ് സ്വന്തമായൊരു ഭവനമെന്നും ഹരിത പലപ്പോഴായി സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതോടെ ഏറെക്കാലത്തെ സ്വപ്നം ഞാൻ വീണ്ടും പൊടിതട്ടിയെടുത്തു.
വീട് അന്വേഷണം ആരംഭിച്ചു. പാലക്കാട് പണി നടക്കുന്ന ഒരു വീട് കണ്ടിഷ്ടമായി. 6 മാസം എഗ്രിമെന്റ് എഴുതി അഡ്വാൻസ് കൊടുത്തു. പിന്നെയാണ് വെല്ലുവിളികൾ തുടങ്ങിയത്. നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും എന്റെ പ്രായവും വരുമാനവും പരിഗണിച്ച് ലോൺ തരാൻ പലരും തയാറായില്ല.
ഒടുവിൽ ഈശ്വരാധീനം കൊണ്ട് എഗ്രിമെന്റ് കാലാവധി തീരുന്നതിന് ഒരു ദിവസം മുമ്പ് ഒരു ബാങ്ക് ലോൺ അനുവദിച്ചു. അങ്ങനെ വീട് എന്റെ സ്വന്തമായി. ഒരുപാടാളുകൾ വീട് എന്ന സ്വപ്നത്തിലേക്കുള്ള വഴിയിൽ എന്നെ സഹായിച്ചിട്ടുണ്ട്’ ഹരിത പറയുന്നു. ഒരുപാട് സന്തോഷത്തിലാണ് ഞാൻ. സന്തോഷം കൊണ്ടുള്ള സങ്കടം വരും എന്നൊക്കെ പറയാറില്ലേ.
കുറേ വർഷങ്ങളുടെ സ്വപ്നമായിരുന്നു ഒരു വീട്. വലിയ വീട് വേണമെന്നൊന്നുമില്ലായിരുന്നു. നല്ല കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലമായിരിക്കണം എന്നുണ്ടായിരുന്നു അത് സാധിച്ചു’ ഹരിത കൂട്ടിച്ചേർക്കുന്നു. വാടക വീടുകളിൽ ശ്വാസം മുട്ടി കഴിഞ്ഞിരുന്ന തനിക്ക് ഇപ്പോൾ സ്വന്തമായൊരു വീട് കിട്ടിയപ്പോൾ സ്വർഗം കിട്ടിയ പ്രതീതിയാണെന്നും ഹരിത പറയുന്നു.
സ്വന്തമായി സമ്പാദിക്കാൻ തുടങ്ങി 23 വയസിൽ കാർ വാങ്ങിയിരുന്നു ഹരിത പിന്നാലെയാണ് വീട് എന്ന സ്വപ്നത്തെ കുറിച്ച് ഹരിത വീണ്ടും ചിന്തിച്ച് തുടങ്ങിയത്. സിവിൽ സർവീസെന്ന സ്വപ്നം നേരത്തെ മുതൽ മനസിലുണ്ടായിരുന്നതാണെന്നും അതിന് പിന്നാലെ സഞ്ചരിക്കണമെന്ന് ആഗ്രഹമുള്ളതായും ഹരിത പറയുന്നു.