ഓണത്തോട് അനുബന്ധിച്ച് നടന്ന ഒരു ചാനൽ പരിപാടിയിൽ പറഞ്ഞ വാക്ക് പാലിച്ച സൂപ്പർസ്റ്റാറും ബിജെപിയുടെ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് നാദിർഷ അടക്കമുള്ള മിമിക്രി ആർട്ടിസ്റ്റുകൾ. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ സംഭവനയായി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.
ഇപ്പോൾ ആ വാക്ക് നിറവേറ്റിയിരിക്കുകയാണ് താരം. സംവിധായകൻ നാദിർഷയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. മിമിക്രി കലകാരന്മാരുടെ സംഘടനയായ എംഎഎക്ക് (മിമിക്രി ആർടിസ്റ്റ് അസോസിയേഷൻ) സുരേഷ് ഗോപി നൽകിയ സാമ്പത്തിക സഹായങ്ങൾക്ക് നന്ദി പറഞ്ഞാണ് നാദിർഷയുടെ കുറിപ്പ്.
തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.സുരേഷ് ഗോപി അഭിനയിച്ച കമ്മീഷണർ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘ഓർമയുണ്ടോ ഈ മുഖം’ എന്ന ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നാദിർഷ കുറിപ്പ് ആരംഭിക്കുന്നത്.
ഒരു ചാനൽ പരിപാടിക്കിടെ എംഎഎ (മാ) സംഘടനക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത് സുരേഷ് ഗോപി നടത്തിയ ഒരു പ്രസ്താവനയും ഈ ഡയലോഗിനൊപ്പം ചേർത്തിട്ടുണ്ട്. നാദിർഷയുടെ കുറിപ്പ് ഇങ്ങനെ:
ഓർമയുണ്ടാവും, ഈ മുഖം. നർമം തൊഴിലാക്കിയ ഇരുന്നൂറോളം കുടുംബങ്ങൾക്ക്. ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും. സുരേഷ് ഗോപി ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,
കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകൾക്കും എല്ലാം ഉപയോഗിക്കുകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് ‘MAA'( Mimicry Artist association) ഈ കഴിഞ്ഞ ഓണക്കാലത്ത് ടിവി ഷോയിൽ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി;
സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും, അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്. പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി.
ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലുള്ള നന്ദി. അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ്, ‘ഓർമയുണ്ടോ ഈ മുഖം ‘മാ’ എന്ന സംഘടന പറയട്ടെ..എന്നും ഓർമയുണ്ടാകും ഈ മുഖം .