സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും, അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല! പക്ഷേ, ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല; മോഹൻലാലിന് നന്ദി പറഞ്ഞ് റഹ്മാന്റെ കുറിപ്പ്

131

ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളൻ നായകനായിരുന്നു നടൻ റഹ്മാൻ. സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു.

മലയാളികൾക്കും തമിഴ് സിനിമാപ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് റഹ്മാൻ. 1983ൽ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി.

Advertisements

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് വാർത്തകളിൽ നിറഞ്ഞ് നിന്ന താരകുടുംബമാണ് റഹ്മാന്റേത്. ഭാര്യയെയും മക്കളെയും അടുക്കളയിൽ സഹായിച്ചും മറ്റുമൊക്കെ താരം ശ്രദ്ധ നേടിയിരുന്നു.

ഇക്കഴിഞ്ഞ ഡിസംബർ ഒമ്പതിന് റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹമായിരുന്നു. കൊല്ലം സ്വദേശി അൽതാഫ് നവാബുമായുള്ള വിവാഹം ചെന്നെയിലെ ഹോട്ടൽ ലീല പാലസിൽ വെച്ചായിരുന്നു നടന്നത്.

സിനിമാരംഗത്തെ നിരവധി പ്രമുഖരും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമെല്ലാം വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

മലയാളികളുടെ സൂപ്പർതാരം മോഹൻലാലും ഭാര്യ സുചിത്രയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ ലാലിന് നന്ദി പറഞ്ഞ് കുറിപ്പെഴുതിയിരിക്കുകയാണ് നടൻ റഹ്മാൻ.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് താരം മോഹൻലാലിനെ അഭിസംബോധന ചെയ്ത് കുറിപ്പ് പങ്കുവെച്ചത്.

മോഹൻലാലും ഭാര്യ സുചിത്രയും മകളുടെ വിവാഹത്തിനെത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനൊപ്പം അവരോട് നന്ദി പറയുകയുമാണ് റഹ്മാൻ.

‘എന്റെ പ്രിയപ്പെട്ട ലാലേട്ടന്, ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ.
കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു.
മകളുടെ വിവാഹം.

ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതൽ ഒരുപാട്. ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസികസംഘർഷങ്ങൾ വരെ.

കൂടെനിന്ന് ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം. അവിടേക്കാണ് ലാലേട്ടൻ വന്നത്.

ലാലേട്ടനൊപ്പം സുചിത്രയും, എന്റെ മോഹം പോലെ ഡ്രസ്‌കോഡ് പാലിച്ച്, ആർ.ടി.പി.സി.ആർ പരിശോധന നടത്തി, ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെനിന്നു. സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി.

സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല. പക്ഷേ, ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല. നന്ദി ഒരായിരം നന്ദി, സ്നേഹത്തോടെ
റഹ്മാൻ, മെഹ്റുന്നിസ,” റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.

സുഹാസിനി, ലിസി, മേനക, ശോഭന, നദിയ മൊയ്തു, അംബിക, പാർവതി, പൂർണിമ ഭാഗ്യരാജ് തുടങ്ങീ മലയാളസിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നായികമാരെല്ലാം റഹ്മാന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Advertisement