മിമിക്രിയിലുടെയും മിനിസ്‌ക്രീനിലെ കോമഡി സ്‌കിറ്റുകളിലൂടേയും മലയാളികളുടെ പ്രിയപ്പെട്ട നടനും കോമഡി താരവുമൊക്കെയായി മാറിയ താരമാണ് സൂരജ് തേലക്കാട്. പൊക്കമില്ലായ്മ ഒരു കുറവായി കാണാതെ തന്നാൽ കഴിയുന്ന ഉയരങ്ങൾ കീഴടക്കുകയാണ് അദ്ദേഹം.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സൂരജിൻെ അച്ഛൻ മോഹനൻ ബാങ്കിലെ കളക്ഷൻ ഏജന്റാണ്. അമ്മ ജ്യോതിലക്ഷ്മി, സഹോദരി സ്വാതിശ്രീ, അമ്മാമ്മ എന്നിവരാണ് വീട്ടിലുള്ളവർ. 110 സെമീ ആണ് സൂരജിന്റെ പൊക്കം.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ കുഞ്ഞപ്പൻ എന്ന റോബോട്ടായി സിനിമാ പ്രേക്ഷകരെ അടുത്തിടെ വിസ്മയിപ്പിച്ച നടനാണ് സൂരജ് തേലക്കാട്. കലോത്സവങ്ങളിലൂടെ വളർന്ന് കോമഡി പരിപാടികളിലൂടെ ശ്രദ്ധനേടി പിന്നീട് സിനിമയിലേക്കെത്തിയ ‘ചെറിയ’ വലിയ കലാകാരനാണ് സൂരജ്.
സിനിമയ്ക്ക് പുറമെ കോമഡി ഷോകളിലും അവാർഡ് നിശകളിലും ഏവരേയും പൊട്ടിചിരിപ്പിക്കുന്ന താരമാണ് സൂരജ്. ചാർളി, ഉദാഹരണം സുജാത, വിമാനം, കാപ്പിച്ചിനോ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം ഒരു അഡാറ് ലവ്, അമ്പിളി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, എന്നോട് പറ ഐ ലവ് യൂന്ന് തുടങ്ങിയ സിനിമകളിൽ സൂരജ് വേഷമിട്ടിരുന്നു.
ഗൂഗിളിൽ സൂരജിനെകുറിച്ച് ഏറ്റവും കൂടുതൽ പേർ തിരയുന്നത് സൂരജിന്റെ പ്രായമാണ്. പ്രായം ഇരുപത്തി യാറ് ആയെങ്കിലും മലയാളത്തിൽ മമ്മൂട്ടിയുൾപ്പെടെ നിരവധി താരങ്ങളുടെ എളിയിൽ കയറി ഇരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ആളുമാണ് സൂരജ് തേലക്കാട്.
തനിക്കും ചേച്ചിക്കും ഒരിക്കലും പൊക്കമില്ലായ്മ ഒരു പോരായ്മയായി തോന്നിയിട്ടില്ലെന്ന് പറയുകയാണ് ഇപ്പോൾ സൂരജ്. ശരീരത്തിന് മാത്രമേ പൊക്കമില്ലായ്മ ഉള്ളൂ എന്നും മനസ്സുകൊണ്ട് തങ്ങൾ എത്രയോ ഉയരത്തിൽ ആണെന്നും സൂരജ് പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സൂരജിന്റെ തുറന്നു പറച്ചിൽ.
എനിക്കും ചേച്ചിക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങി അച്ഛന്റെ പേഴ്സിലെ കുറേ കാശ് തീർന്നിട്ടുണ്ട്. ആ കുപ്പികൾ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാൻ നാലിഞ്ചിൽ നിന്നും ചേച്ചി മൂന്നിൻചിൽ നിന്നും ഒരു സെന്റീമീറ്റർ പോലും വളർന്നില്ല.
പക്ഷേ വളരാത്തത് പൊക്കം മാത്രമാണ് കേട്ടോ, മനസ്സുകൊണ്ട് ഞാനും ചേച്ചിയും അങ്ങു ഉയരത്തിലാണ്. ലേഹ്യവും അരിഷ്ടവും തുടങ്ങി പല മരുന്നുകളും കിലോക്കണക്കിന് ഇവർ കഴിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ടൊന്നും ഇവരുടെ കാര്യത്തിൽ ഒരു കാര്യവുമില്ല എന്ന് പിന്നീടാണ് രക്ഷിതാക്കൾക്ക് മനസ്സിലായത്. ബ്രൗൺ നിറമുള്ള ഒരു ചവർപ്പുള്ള മരുന്ന് ഡോക്ടർ സ്ഥിരമായി നൽകുമായിരുന്നു.
പൊക്കം വരാൻ ഉള്ള ആഗ്രഹം കൊണ്ട് രുചി ഒന്നും നോക്കാതെ അത് കണ്ണടച്ചു കഴിക്കുമായിരുന്നു. ഓരോ തവണ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ഒരു ചുമരിൽ ചാരി നിർത്തി പൊക്കം അളക്കും. അവസാനം ഡോക്ടർ തന്നെ പറഞ്ഞു ഇത് നടക്കുമെന്ന് തോന്നുന്നില്ല. കാര്യങ്ങൾ തിരിച്ചറിയാൻ ആകുന്ന പ്രായമായപ്പോൾ ഒരു ദിവസം അച്ഛൻ തന്നെയും സഹോദരിയേയും വിളിച്ചിട്ട് പറഞ്ഞു, നിങ്ങൾ ഇനി അധികം പൊക്കം വയ്ക്കില്ല ഇപ്പോൾ ഉള്ളതിൽ നിന്ന് ഇനി വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല ചികിത്സ ഒക്കെ ഭയങ്കര ചെലവാണ്.
നമ്മളെക്കൊണ്ട് താങ്ങില്ല. മാത്രമല്ല ചാൻസ് ഫിഫ്റ്റി ഫിഫ്റ്റി മാത്രമേയുള്ളൂ. പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ ഇതൊക്കെ കേൾക്കുന്നതിനു മുമ്പ് തന്നെ ഞങ്ങളുടെ മനസ്സ് ആ സത്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. പണ്ട് സ്‌കൂളിൽ പോകുമ്പോൾ ബാക്കി കുട്ടികൾക്ക് എല്ലാം പൊക്കമുള്ളത് കണ്ടിട്ട് പതുക്കെ നമ്മുടെ കാര്യവും ശരിയാകും എന്നായിരുന്നു കരുതിയിരുന്നത്.
അച്ഛൻ മറ്റൊരു കാര്യവും തന്നോടും സഹോദരിയോടും പറഞ്ഞിരുന്നു. കലയാണ് ഇനി നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ട മേഖല. കലയിലൂടെ നിങ്ങൾ വളരണം. എല്ലാവരെക്കാളും ഉയരത്തിൽ എത്തണം. അച്ഛന്റെ ആ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞങ്ങൾ ഈ നിലയിൽ എത്തിയതെന്നും സൂരജ് പറയുന്നു.
ഞങ്ങളെക്കാളും കൂടുതൽ വിഷമിച്ചത് ഞങ്ങളുടെ മാതാപിതാക്കളാണ്. ചുറ്റുമുള്ളവരുടെ സഹതാപം കൂടി ആകുമ്പോൾ പറയുകയും വേണ്ട, പിന്നെ സൂരജ് പ്രശസ്തനായതോടെയാണ് എല്ലാവരും ചിരിച്ചു തുടങ്ങിയത്. എങ്കിലും എനിക്ക് ഇടക്കൊക്കെ ചെറിയ വിഷമം വരാറുണ്ടെന്ന് സൂരജിന്റെ ചേച്ചിയും പറയുന്നു. ചെറുതല്ല നല്ലരീതിയിൽ വിഷമം വരാറുണ്ടെന്നായിരുന്നു സൂരജ് പറഞ്ഞത്.
ചേച്ചിയാണ് എന്നേക്കാൾ കലാരംഗത്ത് ശേഭിക്കേണ്ടത്. കാരണം സ്‌കൂൾ കലോൽസവ വേദികളിൽ ചേച്ചി ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. പക്ഷേ ചേച്ചിക്ക് മടിയാണ്.ചുറ്റുമുള്ളവരെ നോക്കി വീട്ടിൽ തന്നെ ഒതുങ്ങുന്ന പ്രകൃതമായി മാറി. മറ്റുള്ളവരെ നോക്കി നമുക്ക് ജീവിക്കാൻ പറ്റില്ല. പലരും പലതും പറയും അതെല്ലാം കേട്ടില്ലെന്ന് വെച്ച് വിടുന്ന രീതിയാണ് എന്റേതെന്നും സൂരജ് വ്യക്തമാക്കുന്നു.
ആദ്യം ഞാൻ ഒരു ചെറിയ കാർ വാങ്ങി. പിന്നെ ഞങ്ങളുടെ നീളത്തിനെല്ലാം അനുയോജ്യമായ രീതിയിൽ ഒരു നല്ല വീടും പണിതു, വീട്ടിൽനഞങ്ങളുടെ പൊക്കത്തിന് അനുസരിച്ചാണ് സ്വിച്ച് ബോർഡുകളെല്ലാം ചെയ്തിരിക്കുന്നത്. അടുത്തതായി എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ചേച്ചിയുടെ വിവാഹം.
ചേച്ചിയെ സ്വീകരിക്കാൻ കഴിയുന്ന വലിയ മനസുള്ള ഒരാളെ വേണം. എന്റെ സുന്ദരിക്കുട്ടിയെ ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം, നടക്കും നടക്കാതെ എവിടെ പോകാൻ എന്നും സൂരജ് പറയുന്നു. മമ്മൂക്ക, ഷക്കീല ചേച്ചി, തമിഴ് നടൻ വിക്രം സാർ എന്നിവരുടെയെല്ലാം ഒക്കത്തിരിക്കാനുള്ള ഭാഗ്യമുണ്ടായി. എല്ലാവരും ഇതിനെപറ്റി ചോദിക്കും ശരിക്കും പറഞ്ഞാൽ സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ അതിനെപ്പറ്റിയൊന്നും ആലോചിക്കാറില്ല.
പെർഫോമൻസ് ഭംഗിയാക്കുക എന്നത് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. ഷക്കീല ചേച്ചി, മമ്മൂക്ക ,തമിഴ് നടൻ വിക്രം സാർ എന്നിവരോടെല്ലാം സ്‌കിറ്റിലൂടെയാണെങ്കിലും സ്‌പേസ് ഷെയർ ചെയ്യാൻ സാധിച്ചു എന്നതുതന്നെയാണ് വലിയ കാര്യം എന്നും സൂരജ് പറയുന്നു.
മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിൽ കൂടെയാണ് വലിയൊരു ചാനലിലേക്കുള്ള തുടക്കം. അതിനുമുൻപ് ഒരു പ്രാദേശിക ചാനലിൽ അവതാരകനായിരുന്നു. കലോത്സവ വിജയി എന്ന ലേബലിൽ കുറച്ച് പരിപാടികളൊക്കെ അവതരിപ്പിച്ചു. അങ്ങനെ ഒരു പരിപാടിയുടെ ഇടയിൽ പരിജയപ്പെട്ട സജീവ് കുന്നിക്കോട് ആണ് എന്റെ കുറച്ച് ഫോട്ടോകളും വീഡിയോയും എടുത്ത് മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ ടീമിന് നൽകിയത്.
അങ്ങനെ ഒരു സ്‌കിറ്റിൽ അഭിനയിക്കാൻ അവർ വിളിച്ചു. ഉർവശി ചേച്ചി, കുഞ്ചൻ ചേട്ടൻ എന്നിവരൊക്കെയാണ് ജഡ്ജസ്റ്റ് ആയി ഉണ്ടായിരുന്നത്. അന്ന് അവതരിപ്പിച്ച സ്‌കിറ്റ് ജഡ്ജസ്റ്റിന് ഇഷ്ടമായില്ല. അതുകഴിഞ്ഞ് ‘ലിറ്റിൽ സ്റ്റാർസ്’ എന്ന പരിപാടിയിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ആയി പോയി. പക്രു ചേട്ടൻ, സുരാജ് ചേട്ടൻ (സുരാജ് വെഞ്ഞാറന്മൂട് ) ലാൽ സാർ (സിദ്ദിഖ് ലാൽ ) എന്നിവരായിരുന്നു പരുപാടിയിലെ ജഡ്ജസ്. പിന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയെന്നും സൂരജ് പറയുന്നു.