കഴിഞ്ഞ രാത്രി പ്രദർശനത്തിന് എത്തിയ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മികച്ച വിജയം നേടി മുന്നേറുകയാണ്. ചരിത്രത്തിൽ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിയറ്റർ കൗണ്ട് ആണ് മരക്കാറിന് ലഭിച്ചത്. കേരളത്തിലെ 626 സ്‌ക്രീനുകളിലും പ്രദർശനത്തിനെത്തിയ മരക്കാറിന് മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും സെന്ററുകൾ കൂട്ടി ആകെ 4100 സ്‌ക്രീനുകൾ ഉണ്ട്.
യുഎഇയിൽ മാത്രം 64 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. അവിടെ 368 പ്രദർശനങ്ങളിൽ നിന്ന് 2.98 കോടി രൂപയാണ് മരക്കാർ നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ട്വീറ്റ് ചെയ്യുന്നു. 35,879 ടിക്കറ്റുകളാണ് യുഎഇയിൽ ആദ്യദിനം ഇതുവരെ വിറ്റിരിക്കുന്നതെന്നും അദ്ദേഹം അറിയിക്കുന്നു. യുഎഇ, ജിസിസി, യുകെ, യുഎസ്എ, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിത്രമെത്തി.
മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് റിലീസ്. ചിത്രത്തിന്റെ യുഎഇ പ്രീമിയറിന്റെ ആദ്യ കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിന്നു. അതേസമയം റിലീസിനു മുൻപുള്ള ടിക്കറ്റ് ബുക്കിംഗിൽ നിന്നു മാത്രമായി ചിത്രം 100 കോടി കളക്റ്റ് ചെയ്തുകഴിഞ്ഞെന്നും ആശിർവാദ് സിനിമാസ് അറിയിച്ചിരുന്നു.
അതേ സമയം മരക്കാർ റിലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് മോഹൻലാൽ പ്രതികരിച്ചിരുന്നു. ഞാൻ ബിസിനസുകാരൻ തന്നെയാണ്, 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും എന്ന താരത്തിന്റെ വാക്കുകൾ വൈറലായി മാറിയിരുന്നു. ഇപ്പോൾ ഇതാ ഡേർട്ടി ബിസിനസ്മാൻ എന്ന് പറയുന്നതിലും മോശമായ കാര്യമൊന്നുമില്ലെന്ന് പറയുകയാണ് മോഹൻലാൽ.
ഡേർട്ടി ബിസിനസ്മാൻ എന്ന് പറഞ്ഞാലും കുഴപ്പമില്ല. ഡേർട്ടി എന്നു പറയുന്നത് ഏത് രീതിയിലാണ് അവര് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ. നത്തിംഗ് ഈസ് ബാഡ് എന്നാണ്. അങ്ങനെ ഡേർട്ടി എന്നൊന്നുമില്ല. ഒരു ബിസിനസ് ചെയ്യുന്നത് മോശമാണെന്ന് പ്രഖ്യാപിക്കാൻ പാടില്ല എന്നാണ് മോഹൻലാൽ പറയുന്നത്.
ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ പ്രതികരണം. അതേസമയം, ഇന്ന് റിലീസായ മരക്കാറിന് ഉജ്ജ്വല സ്വീകരണമാണ് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്. എങ്കിലും ചിത്രത്തെ ഡീഗ്രേഡ് ചെയ്തു കൊണ്ടുള്ള കമന്റുകളും പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രഭു, അർജുൻ, അശോക് സെൽവൻ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, വീണ നന്ദകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.