കഴിഞ്ഞ ദിവസമായിരുന്നു സനിമാലോകത്തിന് മലയാളത്തിന്റെ മഹാ നടൻ നെടുമുടി വേണുവിനെ നഷ്ടപ്പെട്ടത്. മലയാളി സമൂഹത്തേയും സിനിമാ ലോകത്തേയും ഏറെ വേദനിപ്പിക്കുന്നത് ആയിരുന്നു നെടുമുടി വേണുവിന്റെ വിയോഗം. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമടക്കം നിരവധി പേർ തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയിരുന്നു.
അതേ സമയം ഇപ്പോഴിതാ നെടുമുടി വേണുവിനെ കുറിച്ചുള്ള നടനും സംവിധായകനും തിരക്കഥാകൃത്തും ഒക്കെയായ ബാലചന്ദ്ര മേനോന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. അച്ചുവേട്ടന്റെ വീട് എന്ന തന്റെ സിനിമയിലെ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രത്തിന്റെ വാക്കുകൾ എന്ന രീതിയിലാണ് ബാലചന്ദ്ര മേനോന്റെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ബാലചന്ദ്രമേനോന്റെ കുറിപ്പിന്റെ പൂർണരൂപം:
അതെ ആ അച്യുതൻ കുട്ടി തന്നെയാണ് ഈ കുറിപ്പ് എഴുതുന്നത്. നിങ്ങൾക്കൊക്കെ അറിയാം ബാലചന്ദ്രമേനോന്റെ 25ാ മതു ചിത്രമായ ‘അച്ചുവേട്ടന്റെ വീടി’ ലൂടെയാണ് ഞാൻ നിങ്ങളെ പരിചയപ്പെടുന്നതും നിങ്ങൾ എന്നെ മനസ്സിലേക്കു സ്വാഗതം ചെയ്തതും. അതിനു ഈയുള്ളവന് അങ്ങേയറ്റം നന്ദിയുമുണ്ട്. നെടുമുടി ആശാന്റെ വിയോഗത്തിൽ ഞാൻ തളർന്നു പോയി.
ആ ദുഃഖഭാരവുമായി അദ്ദേഹം അവതരിപ്പിച്ച മറ്റു കഥാപാത്രങ്ങൾക്കൊപ്പം ഞാനും അഞ്ജലീബദ്ധനായി നിന്നു. എന്നാൽ കാര്യങ്ങൾ സത്യസന്ധമായി പൊതുജനത്തെ അറിയിക്കേണ്ട പല പ്രമുഖ മാധ്യമങ്ങൾ ഈയുള്ളവനെ നിഷ്‌ക്കരുണം മറന്നു എന്നത് എനിക്ക് ഏറെ വേദനയുണ്ടാക്കി എന്ന് പറയാതെ വയ്യാ. ചിത്രത്തിലെ ടൈറ്റിൽ റോൾ ആയ അച്ചുവേട്ടനെ നിങ്ങളുടെ പ്രതീക്ഷക്കൊപ്പം അവതരിപ്പിച്ച എന്നെ മറന്നത് പത്ര ധർമ്മമാണോ എന്നു അവർ തന്നെ ഒന്ന് ആലോചിച്ചു നോക്കണം.
ശ്രദ്ധേയമായ നെടുമുടി ചിത്രങ്ങളുടെ കണക്കെടുത്തപ്പോഴും അഞ്ചോ ആറോ സീനുകളിൽ മാത്രം ‘അദ്ദേഹം’ അഭിനയിച്ച ചിത്രങ്ങളെപ്പോലും ഓർത്ത് കുറിച്ച മാധ്യമങ്ങൾ ടൈറ്ററിൽ റോളിൽ വന്ന ‘അച്ചുവേട്ടന്റെ വീടി’ നെ അല്ലെങ്കിൽ, പരാമർശനത്തിനു അർഹതയില്ലാത്ത ഒരു ചിത്രമായി അതിനെ കാണണം ആ സിനിമയെ നെഞ്ചിലേറ്റിയ നിങ്ങൾ പ്രേക്ഷകർ അതിനു ഒരിക്കലും സമ്മതിക്കില്ല എന്ന് എനിക്കറിയാം.
എന്തിനധികം പറയുന്നു ? നെടുമുടി ആശാന്റെ ബഹുമാനാർത്ഥം സംഘടിപ്പിക്കപ്പെടുന്ന ഒരു ഫിലിം ഫെസ്റ്റിവലിലും ഈ അച്ചുവേട്ടന് ഇടം കിട്ടിയിട്ടില്ല എന്ന് പത്രത്തിൽ വായിച്ചറിഞ്ഞപ്പോൾ ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ തമസ്‌ക്കരിക്കുന്നതു എന്ന സംശയം എനിക്ക് തോന്നാതിരുന്നില്ല. അപ്പോൾ, ഇത് മൂല്യ ശോഷണമാണ്. ഗൃഹപാഠം നന്നായി നടത്താതെ ക്ലാസ് പരീക്ഷ്‌ക്കു വരുന്ന വിദ്യാർത്ഥിയുടെ നിലയിലേക്ക് മാധ്യമ പ്രവർത്തനം അധപതിച്ചു എന്നു കരുതി സമാധാനിക്കാനെ നിവൃത്തിയുള്ളു.
ഇനി ഒരു സ്വകാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. 2014 ഡിസംബറിൽ ദുബായിൽ വച്ചു നടന്ന ഇത്തിരി നേരം ഓത്തിരിം കാര്യം എന്ന സ്റ്റേജ് ഷോയിലാണ് ഏറ്റവും ഒടുവിൽ നെടുമുടി ആശാനും മേനോൻ സാറും ഒത്തു കൂടിയത്. സർവ്വശ്രീ മധു , യേശുദാസ്, മണിയൻപിള്ള രാജു, പൂർണ്ണിമ ജയറാം, ലിസി, നൈലാ ഉഷ എന്നിവരും ആ മേളയിൽ പങ്കെടുത്തിരുന്നു.
അന്ന് വേദിയിൽ നെടുമുടി ആശാൻ പറഞ്ഞ വാക്കുകൾ ഇവിടെ ആവർത്തിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു.
സ്നേഹിതരെ വലതും ചെറുതും നായകപ്രാധാന്യമുള്ളതുമായ ഒത്തിരി കഥാപാത്രങ്ങളെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട് എന്നാൽ ഹൃദയത്തോടു ചേർത്ത് പിടിക്കാൻ കൊതിപ്പിക്കുന്ന കുറച്ചു കഥാപാത്രങ്ങളെ ഒന്ന് തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ തീർച്ചയായും ബാലചന്ദ്രമേനോന്റെ അച്ചുവേട്ടന്റെ കയ്യിൽ കയറി പിടിക്കും.
ഇതാണ് സത്യമെന്നിരിക്കെ കൂട്ടത്തിൽ എന്നെ കണ്ടില്ലെന്നു നടിച്ച മാധ്യമ സുഹൃത്തുക്കളോടു ഞാൻ പറയുന്നു. നിങ്ങൾ എന്നെയല്ല തോൽപ്പിച്ചത് നെടുമുടി ആശാനേ തന്നെയാണ്. ‘അദ്ദേഹം’ അനശ്വരമാക്കിയ അച്ചുവേട്ടൻ തലമുറകൾ കഴിഞ്ഞും മനുഷ്യ മനസ്സുകളിൽ ഭദ്രമായിരിക്കും . എന്നാൽ ഇപ്പോൾ എന്നോട് ഈ അനീതി കാണിച്ച പലരും അപ്പോൾ ഉണ്ടായി എന്നിരിക്കില്ല.
ചിതയിലെ കനൽ എരിഞ്ഞടങ്ങും മുൻപേ ഇങ്ങനെ ഒരു പരിദേവനം ഉണർത്തേണ്ടി വന്ന എന്റെ ഗതികേടിനെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു എന്ത് ചെയ്യാം. എനിക്ക് വേണ്ടി പറയാൻ ഞാൻ മാത്രമേയുള്ളു എന്നോട് ക്ഷമിക്കുക. സ്നേഹപൂർവ്വം, നിങ്ങളുടെ അച്ചുവേട്ടൻ. എന്നായിരുന്നു ബാലചന്ദ്രമേനോൻ കുറിച്ചത്.
ഇതിനോടകം തന്നെ ബാലചന്ദ്രമേനോന്റെ ഈ കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ കുറിപ്പിനെ വിമർശിച്ചും അനുകൂലിച്ചും എത്തുന്നത്.