ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ശോഭന. പിന്നീട് തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർനായികയായി മാറിയ താരം ഇപ്പോൾ അഭിനയരംഗത്ത് അത്ര സജീവമല്ല.
മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ശോഭന അനേകം സിനിമ കളിൽ അഭിനയിച്ചു. രണ്ട് തവണ ദേശീയ പുരസ്‌കാരവും മറ്റ് അനേകം പുരസ്‌കാരങ്ങളുമൊക്കെ നേടി മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ താരസുന്ദരിയാണ് ശോഭന.
അതേ സമയം ഒരുനടി എന്നതിലുപരി മികച്ചൊരു നർത്തകികൂടിയാണ് ശോഭന. സിനിമയിലായാലും ശോഭന യുടെ നൃത്തത്തിന് ഒരു പ്രത്യേകത തന്നെയായിരുന്നു. ഫാസിലിന്റെ മണിച്ചിത്രത്താഴ് അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ ശോഭനയുടെ ഡാൻസ് എല്ലാ കാലത്തും വമ്പൻ ജനപ്രീതി നേടിയിട്ടുള്ളതുമാണ്.
അതേസമയം സിനിമയിൽ നിന്നും ഇടവേള എടുത്ത നടി ഇപ്പോൾ നൃത്ത സ്‌കൂൾ നടത്തി വരികയാണ്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വീണ്ടും സിനമയിലേക്ക് തിരികെ വന്നിരിക്കുകയാണ്. നൃത്തം തന്റെ ജീവശ്വാസമാക്കി മാറ്റിയ തന്റെ അഭിനയ മികവിന് തെല്ലും കോട്ടം തട്ടിയിട്ടില്ലെന്ന് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം വീണ്ടും തെളിയിച്ചിരുന്നു.
ചിത്രത്തിലെ പ്രകടനത്തിന് ശോഭനയെ തേടി മികച്ച നടിക്കുള്ള സൈമ പുരസ്‌കാരവും എത്തിയിരുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപിയായിരുന്നു നായകൻ. ദുൽഖർ സൽമാനും കല്യാണി പ്രിയദർശനുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ദുൽഖർ സൽമാൻ ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്.
മികച്ച നടിക്കുള്ള ദേശീയ അവാർഡ് രണ്ടുതവണ സ്വന്തമാക്കിയിട്ടുള്ള ശോഭന ഇന്ത്യ മുഴുവൻ അറിയപ്പടുന്ന ക്ലാസിക്കൽ നർത്തകിയുമാണ്. തെന്നിന്ത്യയിലെ തന്നെ വമ്പൻ താരങ്ങളുടെയെല്ലാം നായികയായി വേഷമിട്ടിട്ടുള്ള ശോഭനയുടെ ഏറ്റവും വലിയ ഹിറ്റ് ജോഡി മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആണ്.
മോഹൻലാൽ ശോഭന ജോഡി അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാണ് എന്ന് മാത്രമല്ല മലയാളികൾ എന്നും നെഞ്ചോട് ചേർക്കുന്ന ചിത്രങ്ങളുമാണ് അവ. മോഹൻലാൽ കഴിഞ്ഞാൽ മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിവർക്ക് ഒപ്പമൊക്കെ ശോഭനയുടെ മികച്ച കഥാപാത്രങ്ങൾ പിറന്നിട്ടുണ്ട്.
അതേ സമയം ഇപ്പോൾ ദുൽഖർ സൽമാനും പണ്ട് ദുൽഖറിന്റെ അച്ഛൻ മമ്മൂട്ടിക്കും ഒപ്പം ജോലി ചെയ്തതിന്റെ അനുഭവം പങ്കു വെക്കുകയാണ് ശോഭന. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വരനെ ആവശ്യമുണ്ട് സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങൾ ശോഭന തുറന്നു പറഞ്ഞത്.
സത്യൻ അന്തിക്കാട്, പ്രിയദർശൻ, മമ്മൂട്ടി എന്നിവർക്കൊപ്പം പണ്ട് ജോലി ചെയ്ത ശോഭന ഈ ചിത്രത്തിൽ അവരുടെ മക്കൾക്കൊപ്പമാണ് ജോലി ചെയ്തത്. ദുൽഖറിന്റേയും മമ്മൂട്ടിയുടേയും സ്വഭാവത്തിലെ സമാനതയെ കുറിച്ച് ഈ അഭിമുഖത്തിൽ ശോഭന വ്യക്തമാക്കുന്നു. ഷോട്ടിനുമുമ്പോ ശേഷമോ അധികം സംസാരിക്കാത്തയാളാണ് മമ്മൂക്ക.
ദുൽഖറും ഏകദേശം അങ്ങനെ തന്നെയാണ് എന്നും ശോഭന വ്യക്തമാക്കുന്നു. തങ്ങൾ രണ്ടുപേരും ചെന്നൈയിൽ ഒരേ സ്‌കൂളിലാണ് പഠിച്ചത് എന്നത് കൊണ്ട് തന്നെ സംസാരം മുഴുവനും ആ സ്‌കൂളിനെക്കുറിച്ചും അവിടുത്തെ അധ്യാപകരെ കുറിച്ചുമായിരുന്നു എന്ന് ശോഭന പറയുന്നു.
ഒരു സഹ അഭിനേതാവ് എന്നതിൽ കൂടുതൽ ഒരേ സ്‌കൂളിൽ പഠിച്ചവർ എന്ന തരത്തിലായിരുന്നു തങ്ങളുടെ ബന്ധം എന്നും ശോഭന വ്യക്തമാക്കുന്നു.