മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാർ മമ്മൂട്ടിക്ക് മുഹമ്മദ് കുട്ടി, ഒമർ ശരീഫ്, സജിൻ എന്നിങ്ങനെ പല പേരുകൾ ഉണ്ടായിരുന്നു. പക്ഷേ സിനിമാ നടൻ ആകുന്നതിനും മുൻപേ കോളേജിൽ സീനിയർ വിദ്യാർത്ഥി വിളിച്ച മമ്മൂട്ടിയെന്ന പേരാണ് പിന്നീട് ഹിറ്റായി മാറിയത്.
കുണ്ടന്നൂർ കുറ്റിച്ചാലിൽ വീട്ടിൽ പരേതനായ കെ.എ. ശശിധരൻ എന്ന സുഹൃത്ത് കലാലയ കാലത്ത് ഒരു തമാശയെന്നോണം നൽകിയ പേര് പിന്നീട് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തുകയായിരുന്നു. ‘മുഹമ്മദ് കുട്ടി’യെന്ന തന്റെ പഴഞ്ചൻ പേര് പുറത്തറിയിക്കാതെ കോളേജിൽ ഒമർ ശരീഫായി നടക്കുകയായിരുന്നു മമ്മൂട്ടി. അപ്പോഴാണ് അദ്ദേഹത്തിന്റെ തിരിച്ചറിയൽ കാർഡ് കൈയിൽ നിന്ന് താഴെ വീഴുന്നതും അത് സീനിയർ വിദ്യാർത്ഥിയായ ശശിധരന്റെ കൈയിൽ കിട്ടുന്നതും.
ALSO READ
കാർഡിൽ യഥാർഥ പേരു കണ്ട ശശിധരൻ ഡാ നിന്റെ പേര് മമ്മൂട്ടിയെന്നാണല്ലേ എന്നു ഉറക്കെ വിളിച്ചു ചോദിച്ചു. ആ വിളിപ്പേരാണ് പിന്നീട് മമ്മൂട്ടിയെന്ന ഇതിഹാസമായി മാറിയത്. സിനിമയിലെത്തിയപ്പോൾ സജിൻ എന്ന പേരും മമ്മൂട്ടി ഉപയോഗിച്ചിരുന്നു.
കോളേജ് ജീവിതത്തിലെ ഈ സംഭവം ശശിധരൻ ഭാര്യ കനകത്തോടും മക്കളോടും പറഞ്ഞിട്ടുണ്ടെങ്കിലും ആരും വിശ്വസിച്ചിരുന്നില്ല. പിന്നീട് 1993-ൽ ദൂരദർശൻ നിർമിച്ച ‘നക്ഷത്രങ്ങളുടെ രാജകുമാരൻ’ എന്ന ഡോക്യുമെന്ററിയിൽ മമ്മൂട്ടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് വിശ്വാസമായത്. മിൽമ ജീവനക്കാരനായിരുന്ന ശശിധരൻ 2006-ൽ മരിച്ചു.
മമ്മൂട്ടിയെ നേരിൽ കാണണമെന്ന ആഗ്രഹം ബാക്കിവച്ചുകൊണ്ടായിരുന്നു ശശിധരന്റെ മരണം. പഴയ സംഭവങ്ങളെല്ലാം മമ്മൂട്ടിക്ക് ഓർമയുണ്ടാകുമോ എന്ന ആശങ്കയായിരുന്നു മമ്മൂട്ടിയെ ചെന്നു കാണുന്നതിൽ നിന്ന് ശശിധരനെ പിന്തിരിപ്പിച്ചത് എന്നാണ് അറിയുന്നത്.
ദൂരദർശനിലെ പഴയ ഇന്റർവ്യൂ കഴിഞ്ഞ ദിവസം മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ‘നക്ഷത്രങ്ങളുടെ രാജകുമാരൻ’ എന്ന ഡോക്യുമെന്ററി ഡിജിറ്റൽ ആയി റിലീസ് ചെയ്തു. 20 വർഷത്തോളം പഴക്കമുള്ള ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്തിരിയ്ക്കുന്നത്.
ALSO READ
മമ്മൂട്ടി ജനിച്ചു വളർന്ന ചെമ്പ് ഗ്രാമത്തിലൂടെയും കലാലയ ജീവിതത്തിലൂടെയും കുടുംബജീവിതത്തിലൂടെയും ഡോക്യുമെന്ററി കടന്നുപോകുന്നുണ്ട്.
എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്, മോഹൻലാൽ, കെ. മധു, ലോഹിതദാസ്, രജനീകാന്ത് എന്നിവരും മമ്മൂട്ടിയുമായി സിനിമ ചെയ്ത അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ചെന്നൈയിലെ മമ്മൂട്ടിയുടെ വീടും കുട്ടിക്കാലത്തെ ദുൽഖറുമൊക്കെ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നു.
വി.കെ. ശ്രീരാമനാണ് തോമസ് ടി. കുഞ്ഞുമോൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ അവതാരകൻ. കള്ളിക്കാട് രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. സംഗീതം നൽകിയത് മോഹൻസിത്താര, ഛായാഗ്രഹണം നിർവ്വഹിച്ചത് ഡി തങ്കരാജ്, വിവരണം രവി വള്ളത്തോൾ, എഡിറ്റിങ് ശിവകുമാർ തുടങ്ങിയവരാണ് നിർവ്വഹിച്ചിരിയ്ക്കുന്നത്.