ഇരുപതിനായിരം കോടിയോളം രൂപയുടെ ബാധ്യത വരുത്തി മുങ്ങിനടന്ന പ്രമുഖ വ്യവസായിയെ സൗദി പൊലിസ് അറസ്റ്റ് ചെയ്തു

17

ദമാം: ഭീമമായ കടവും സാമ്പത്തിക ബാധ്യതയും മൂലം നടന്ന കേസുകള്‍ക്കിടെ കോടതി വിധിച്ച പണം അടയ്ക്കാതെ കബളിപ്പിച്ചു നടന്ന വ്യവസായ പ്രമുഖനെ സഊദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. 1100 കോടി റിയാലിന്റെ (ഏകദേശം 20000 കോടിയോളം ഇന്ത്യന്‍ രൂപ)സാമ്പത്തിക ബാധ്യതകള്‍ വരുത്തി വച്ച് കോടതി വിധിയും പാലിക്കാതെ നടന്ന രാജ്യത്തെ അറിയപ്പെട്ട വ്യവസായ പ്രമുഖനെയാണ് പ്രതിരോധമന്ത്രിയും കിരീടാവകാശിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്തത്. കോടതി വിധി പാലിക്കാത്തതിനെ തുടര്‍ന്ന് വ്യവസായിയെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയും വിധിച്ചിരുന്നു.

കിരീടാവകാശിയുടെ നിര്‍ദേശത്തെ തുടര്‍ന്നു പരിശോധന ആരംഭിച്ച സുരക്ഷാ സേന ഇദ്ദേഹത്തെ ഏറെ നാടകീയമായ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. വീട് പരിശോധിച്ച സുരക്ഷാസേന വിശാലമായ വീടിന്റെ പരിസരങ്ങളും അനുബന്ധ കെട്ടിടങ്ങളും പരിശോധിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ തൊഴിലാളികള്‍ നേരത്തെ താമസിച്ചിരുന്ന ഒഴിഞ്ഞ മുറിയില്‍ ഇയാള്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

Advertisements

നിരവധി തവണ കോടതിയില്‍ വിചാരണ നേരിടുവാന്‍ വേണ്ടി ഹാജരാവണമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇദ്ദേഹം അതെല്ലാം അവഗണിച്ചതിനെ തുടര്‍ന്നാണ് പിടികൂടി ജഡ്ജിക്കു മുന്നില്‍ ഹാജരാക്കാന്‍ കോടതി വിധിച്ചത്. തുടര്‍ന്നു അദ്ദേഹത്തിന്റെ വീടും പരിസരവും പരിശോധിക്കാന്‍ ജനറല്‍ പ്രോസിക്യൂഷനില്‍ നിന്നും അനുവാദവും വാങ്ങിയാണ് സുരക്ഷാ വിഭാഗം പരിശോധിച്ചതും പിടികൂടിയതും.

കേസുമായി ബന്ധപ്പെട്ടു പ്രതിയോടൊപ്പം കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണറേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെയും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കുള്ളതായി സംശയത്തെ തുടര്‍ന്ന് പിടികൂടിയിട്ടുണ്ട്. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അത് രാജകുടുംബമായാലും മന്ത്രിയായാലും കുറ്റം ചെയ്തതായി തെളിവ് ലഭിച്ചാല്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു.

Advertisement