ഇന്ത്യൻ സിനിമയുടെ മെഗാസ്റ്റാർ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തുന്നത്. സോഷ്യൽ മീഡിയ വഴിയും സൂപ്പർ താരത്തിന്റെ ജന്മദിനം ലോകമെമ്പടുമുളള ആരാധകർ ആഘോഷിക്കുകയാണ്.
സമൂഹ മാധ്യമങ്ങളിൽ ആശംസാ പ്രവാഹമാണ് മമ്മൂക്കയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ കരിയർ അമ്പത് വർഷം പിന്നിട്ടത് അടുത്തിടെയാണ് മമ്മൂട്ടി ആഘോഷിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ എഴുപതാം പിറന്നാളും വന്നു ചേർന്നത്.
ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയും പോലെ മമ്മൂക്കയുടെ എല്ലാ വിജയങ്ങൾക്കും പിന്നിലും ഭാര്യ സുൽഫത്തിന്റെ പിന്തുണയുമുണ്ട് എന്നതാണ് സത്യം. 1971ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന കെഎസ് സേതുമാധവൻ ചിത്രത്തിലൂടെ അരങ്ങേറിയ മമ്മൂട്ടിക്ക് കരിയറിൽ വഴിത്തിരിവായത് വിൽക്കാനുണ്ടോ സ്വപ്നങ്ങൾ എന്ന ചിത്രാണ്. എംടി വാസുദേവൻ നായരാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്.
സുൽഫത്തുമായുളള വിവാഹ ശേഷമാണ് മമ്മൂട്ടിയുടെ കരിയറിൽ ഉയർച്ചകളുണ്ടായത്. 1979ൽ വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. സിനിമയിൽ സജീവമാവുന്നതിന് മുൻപ് തന്നെ നടന്റെ വിവാഹവും നടന്നു. വിവാഹത്തിന് മുൻപ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നടൻ ചെയ്ത കഥാപാത്രങ്ങളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
എന്നാൽ സുൽഫത്ത് ജീവിതത്തിലേക്ക് വന്ന ശേഷം മമ്മൂട്ടിക്ക് സിനിമയിൽ തന്റെ രാശി ഉദിക്കുകയായിരുന്നു. തങ്ങളുടെ യഥാർത്ഥ ഭാഗ്യം ഉമ്മച്ചിയാണെന്ന് ദുൽഖറും മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി എന്ന താരം പിന്നീട് എല്ലാവർക്കും മമ്മൂക്കയായി മാറി. വിവാഹം ശേഷം ഒരു നടനിൽ നിന്നും താരമായി മമ്മൂക്ക വളർന്നു. സിനിമകൾക്കൊപ്പം തന്നെ കുടുംബ ജീവിതവും നല്ല രീതിയിലാണ് മമ്മൂട്ടി കൊണ്ടുപോയത്.
മമ്മൂട്ടി ഇല്ലാത്ത സമയത്ത് മക്കളുടെ കാര്യങ്ങൾ സുൽഫത്താണ് നോക്കിയത്. മക്കളുടെ പഠിത്തവും മറ്റ് കാര്യങ്ങളും എല്ലാം തന്നെ ഭാര്യ നോക്കി. പലപ്പോഴും മിക്ക സിനിമകളുടെയും സെറ്റുകളിലായിരിക്കും മമ്മൂക്ക ഉണ്ടാവുക. എന്നാൽ എപ്പോഴും ഇരുവരും തമ്മിൽ കോൺടാക്റ്റ് ഉണ്ടായിരുന്നു എന്ന് മുൻപ് ദുൽഖർ സൽമാൻ പറഞ്ഞിട്ടുണ്ട്.
ഏത് ലൊക്കേഷനുകളിൽ ആണെങ്കിലും വീട്ടിലെ കാര്യങ്ങൾ ഫോണിൽ വിളിച്ച് മമ്മൂക്ക ഭാര്യയോട് തിരക്കും. ഇപ്പോഴും വാപ്പയ്ക്ക് ആ ശീലമുണ്ടെന്നും ദുൽഖർ പറഞ്ഞു. മമ്മൂട്ടിയുടെ കുടുംബ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്.
പ്രാധാന്യം ഉള്ള ഒരുവേഷത്തിൽ ആദ്യം അഭിനയിച്ച വിൽക്കാനുണ്ട് സ്വപ്നങ്ങൾ ശ്രദ്ധിക്കപ്പെട്ട ശേഷം പിന്നീട് മമ്മൂട്ടി മലയാളത്തിൽ മുന്നേറുകയായിരുന്നു. 400ൽ അധികം സിനിമകളിൽ വിവിധ ഭാഷകളിലായി മമ്മൂട്ടി ചെയ്തു. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും മമ്മൂട്ടി ചിത്രങ്ങൾ വന്നു.
മൂന്ന് തവണയാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയത്. കൂടാതെ ഏഴ് തവണ മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചു. 13 തവണയാണ് ഫിലിം ഫെയർ പുരസ്‌കാരങ്ങൾ മമ്മൂട്ടിയെ തേടി എത്തിയത്. 1998ൽ സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്ക് രാജ്യം നടനെ പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.